5ജി നടപ്പാക്കല്‍: ഐഒടി, എംടുഎം മാനദണ്ഡങ്ങളില്‍ രണ്ടു മാസത്തില്‍ തീരുമാനമാകും

5ജി നടപ്പാക്കല്‍: ഐഒടി, എംടുഎം മാനദണ്ഡങ്ങളില്‍ രണ്ടു മാസത്തില്‍ തീരുമാനമാകും

ദക്ഷിണ കൊറിയ പോലുള്ള ചില രാജ്യങ്ങളില്‍ 5ജി എത്തിയിട്ടുണ്ട്

ന്യൂഡെല്‍ഹി: 5 ജി സേവനങ്ങള്‍ വതരിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ( ഐഒടി), മെഷീന്‍ ടു മെഷീന്‍ (എംടുഎം) സാങ്കേതിക വിദ്യ എന്നിവ ഉപയോഗിക്കുന്നതിനുള്ള നിലവാര, മാനദണ്ഡങ്ങളില്‍ രണ്ടു മാസത്തിനകം അന്തിമ രൂപം നല്‍കാന്‍ ടെലികോം മന്ത്രാലയത്തിന്റെ നീക്കം. തങ്ങളുടെ സാങ്കേതിക സംവിധാനമായ ടെലികോം എന്‍ജിനീയറിംഗ് സെന്ററി(ടിഇസി)നോടാണ് ഇതു സംബന്ധിച്ച നിര്‍ദേശം ടെലികോം വകുപ്പ് നല്‍കിയിട്ടുള്ളത്. 5ജി സേവനങ്ങള്‍ക്കായുള്ള ടെലികോം ഉപകരണങ്ങളുടെയും ഡിവൈസുകളുടെയും നിലവാരം സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള ശ്രമത്തിലാണ് ടിഇസി.

എം ടുഎം ആശയവിനിമയത്തിനായുള്ള മാര്‍ഗരേഖ 2015 മേയില്‍ തന്നെ പുറത്തിറക്കിയിരുന്നുവെങ്കിലും ഈ വിഭാഗത്തിനായുള്ള പൊതുവായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് വൈകിപ്പോകുകയായിരുന്നു. 5ജിക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എംടുഎം, ഐഒടി ഡിവൈസുകള്‍ നിര്‍ണായകമാണെന്ന് ചൂണ്ടിക്കാണിച്ച ടെലികോം മന്ത്രി മനോജ് സിന്‍ഹ രാജ്യത്തിന്റെ ആവശ്യകതകള്‍ തിരിച്ചറിഞ്ഞും ആഗോള നിലവാരങ്ങളോട് ചേര്‍ന്നുമുള്ള മാനദണ്ഡങ്ങള്‍ വേഗത്തില്‍ നിശ്ചയിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ടിഇസി പുറത്തിറക്കിയ ടെക്‌നിക്കല്‍ റിപ്പോര്‍ട്ടുകളെ അഭിനന്ദിച്ച ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍ ഐഒടി, എംടുഎം എന്നിവയുടെ കാര്യത്തില്‍ 10-15 ശതമാനം ജോലിയേ തീര്‍ന്നിട്ടുള്ളൂവെന്ന കാര്യവും ചൂണ്ടിക്കാട്ടി. രണ്ടു മാസത്തിനുള്ളില്‍ മാനദണ്ഡങ്ങളില്‍ അന്തിമ തീരുമാനമെടുക്കണമെന്ന കര്‍ക്കശ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളതെന്ന് അവര്‍ പറയുന്നു. ഇനിയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ 5 ബില്യണ്‍ ഐഒടി/ എംടുഎം ഡിവൈസുകള്‍ സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അത് 5ജി സാങ്കേതിക വിദ്യയില്‍ മുന്‍നിരയിലെത്താന്‍ സഹായിക്കുമെന്നും അരുണ സുന്ദര്‍രാജന്‍ പറഞ്ഞു.

ദക്ഷിണ കൊറിയ പോലുള്ള ചില രാജ്യങ്ങളില്‍ 5ജി എത്തിയിട്ടുണ്ട്. യുഎസും ചൈനയും 5ജി അവതരണത്തോട് അടുക്കുകയാണ്. എങ്കിലും എല്ലാവരിലേക്കും എത്തിച്ചേരുന്ന 5ജിയെ കുറിച്ച് സമഗ്രമായ പദ്ധതി അവരൊന്നും മുന്നോട്ടുവെക്കുന്നില്ല. ആഗോളതലത്തില്‍ 2.5 ബില്യണ്‍ ജനങ്ങളെയാണ് പുതിയ സാങ്കേതിക വിദ്യകളെല്ലാം അഭിമുഖീകരിക്കുന്നത്. ബാക്കിയുള്ള 5 ബില്യണ്‍ ജനങ്ങള്‍ ഇന്ത്യയുടെ അവസരമാണെന്നും അവര്‍ക്കായുള്ള സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യക്കാകണമെന്നും അരുണ സുന്ദര്‍ രാജന്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Tech
Tags: 5G