‘സ്മാര്‍ട്ടായവര്‍’ എങ്ങനെയാണു കുറച്ചു ജോലി ചെയ്യുകയും കൂടുതല്‍ ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നത് ?

‘സ്മാര്‍ട്ടായവര്‍’ എങ്ങനെയാണു കുറച്ചു ജോലി ചെയ്യുകയും കൂടുതല്‍ ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നത് ?

ചില ആളുകള്‍ക്കു കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ അസാമാന്യ കഴിവുണ്ടായിരിക്കും. അവര്‍ അവരുടെ രാത്രികളിലും വാരാന്ത്യങ്ങളിലുമൊക്കെ നന്നായി വിശ്രമിക്കുകയും ചെയ്യുന്നു. ഇത്തരക്കാരേക്കാള്‍ ആഴ്ചയില്‍ 10-ും 20-ും മണിക്കൂര്‍ അധികം ജോലി ചെയ്യുന്നവരുണ്ടെങ്കിലും അവരൊന്നും കാര്യക്ഷമതയുടെ കാര്യത്തില്‍ ആദ്യം സൂചിപ്പിച്ചവരുടെ അത്രയും വരില്ല. എന്തായിരിക്കാം ഇതിനുള്ള കാരണം ?

സ്റ്റാന്‍ഫോഡില്‍നിന്നുള്ള പുതിയ പഠനം സൂചിപ്പിക്കുന്നത്, ഒരു ആഴ്ചയില്‍ 50 മണിക്കൂറിലധികം സമയം ജോലി ചെയ്യുന്നുണ്ടെങ്കില്‍ നമ്മളുടെ ഉത്പാദനക്ഷമത കുത്തനെ കുറയുമെന്നാണ്. ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യുന്ന ആളും 55 മണിക്കൂര്‍ ജോലി ചെയ്യുന്ന ആളും പുറപ്പെടുവിക്കുന്ന ഫലം ഒന്നു തന്നെയാണെന്നും പഠനം വ്യക്തമാക്കുന്നു. ഇക്കാര്യം മനസിലാക്കിയാല്‍ നമ്മള്‍ക്ക് ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

വാരാന്ത്യത്തില്‍, വിശ്രമത്തിനും ഉന്മേഷം വീണ്ടെടുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നതിന്റെ പ്രാധാന്യവും സ്മാര്‍ട്ടായവര്‍ക്ക് അറിയാം. അവര്‍ ഓരോ ആഴ്ചയുടെയും അവസാനം, അടുത്ത ആഴ്ച മെച്ചപ്പെട്ടതാക്കാന്‍ ശ്രമിക്കും.ചില കാര്യങ്ങള്‍ ശീലിച്ചാല്‍ നമ്മള്‍ക്കും സ്മാര്‍ട്ട് ആകാമെന്നു പഠനം സൂചിപ്പിക്കുന്നു.

1) വിച്ഛേദിക്കുക: ഏറ്റവും പ്രധാനപ്പെട്ട വാരാന്ത്യ തന്ത്രമാണു വിച്ഛേദിക്കല്‍ (Disconnecting). തിങ്കളാഴ്ച മുതല്‍ ആഴ്ചയുടെ അവസാന ദിവസമെത്തുമ്പോള്‍ ജോലിത്തിരക്കില്‍നിന്നും സ്വയം മുക്തി നേടാന്‍ വഴി കണ്ടെത്തണം. ജോലിയില്‍ നിരന്തരം 24/7 ഏര്‍പ്പെടുന്നത് കടുത്ത സമ്മര്‍ദ്ദത്തിന് ഇടയാക്കും. അത് റീ ചാര്‍ജ്ജ് ചെയ്യാനുള്ള അഥവാ ആരോഗ്യം വീണ്ടെടുക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്യും. ജോലി സംബന്ധമായ ഇ-മെയ്‌ലുകളും ഫോണ്‍ കോളുകളും പൂര്‍ണമായും ആഴ്ചയുടെ അവസാനമുള്ള ഒഴിവ് സമയത്ത് ഒഴിവാക്കാന്‍ സാധിക്കുകയില്ലെങ്കിലും ഇ-മെയ്ല്‍ പരിശോധിക്കാനും, ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യാനും പ്രത്യേക സമയം കണ്ടെത്താന്‍ ശ്രമിക്കാവുന്നതാണ്. അവധി ദിനത്തിലെ ഉച്ചഭക്ഷണത്തിനു ശേഷമോ, അല്ലെങ്കില്‍ അത്താഴത്തിനു ശേഷമോ ഇത്തരത്തില്‍ ഇ-മെയ്ല്‍ പരിശോധിക്കാനും ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യാനും സമയം കണ്ടെത്താവുന്നതാണ്.

2) ചെറിയ വീട്ടുജോലികള്‍ കുറയ്ക്കുക: വീട്ടു ജോലികള്‍ക്ക് രസകരമായ ഒരു സ്വഭാവമുണ്ട്. അത് എന്താണെന്നു വച്ചാല്‍ ഒരാഴ്ച ജോലി ചെയ്ത് കഴിഞ്ഞ് അതിന്റെ ക്ഷീണം മാറ്റാന്‍ സഹായിക്കുന്ന വിശ്രമ ദിനത്തെ കവര്‍ന്നെടുക്കാന്‍ വീട്ടു ജോലികള്‍ക്കു സാധിക്കുമെന്നതാണ് ആ സ്വഭാവം. ഭൂരിഭാഗം പേരും ആഴ്ചയുടെ അവസാനം ലഭിക്കുന്ന അവധി ദിനമാണ് ചെറിയ വീട്ടു ജോലികള്‍ ചെയ്തു തീര്‍ക്കാനായി തെരഞ്ഞെടുക്കുന്നത്. ഇതാകട്ടെ, പലര്‍ക്കും വിശ്രമിക്കാനും, ഭാവി പരിപാടികള്‍ തീരുമാനിക്കാനുമുള്ള അവസരം നഷ്ടമാക്കുകയും ചെയ്യും. ഇത്തരത്തില്‍ സംഭവിക്കാതിരിക്കാന്‍ വീട്ടു ജോലികള്‍ക്കായി ഒരു നിശ്ചിത സമയം മാറ്റിവയ്ക്കുക. അതിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത അവധി ദിനത്തിലേക്കു മാറ്റിവയ്ക്കുക.

3)വ്യായാമം: വ്യായാമം ശീലമാക്കുക. സമ്മര്‍ദ്ദങ്ങള്‍ അകറ്റി, ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുമെന്നു മാത്രമല്ല, പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും വ്യായാമങ്ങളെന്നു പഠനം കണ്ടെത്തിയിരിക്കുന്നു. ഇന്നൊവേറ്റര്‍മാരും, ജീവിത വിജയം കരസ്ഥമാക്കിയ മറ്റുള്ളവരും പറയുന്ന ഒരു കാര്യം ക്രിയേറ്റിവിറ്റിയുടെ ഒരു തീപ്പൊരി അഥവാ സ്പാര്‍ക്ക് വ്യായാമം ചെയ്യുമ്പോള്‍ ലഭിച്ചിട്ടുണ്ടെന്നാണ്.

4)ധ്യാനം: സ്വയം മെച്ചപ്പെടാനുള്ള ഒരു മാര്‍ഗമാണ് ആഴ്ചയിലുള്ള ധ്യാനം. നമ്മളുടെ ബിസിനസ്, നമ്മളുടെ സ്ഥാപനം, നമ്മളുടെ ജോലി എന്നിവയെ രൂപപ്പെടുത്തുന്ന വലിയ കാര്യങ്ങളെ കുറിച്ചു കണ്ണുകള്‍ കൊണ്ടോ മനസ് കൊണ്ടോ ദര്‍ശിക്കുക. ഇതിലൂടെ ലഭിക്കുന്ന ഉള്‍ക്കാഴ്ച നമ്മളുടെ പ്രവര്‍ത്തിയെ, ജോലിയെ ഫലവത്താക്കും.

5) പാഷന്‍ പിന്തുടരുക: സമ്മര്‍ദ്ദങ്ങളില്‍നിന്ന് രക്ഷപ്പെടാനും ചിന്തയുടെ പുതുവഴികളിലേക്ക് മനസ് തുറക്കാനുമായി ഒരു പാഷന്‍ പിന്തുടരുന്നത് നല്ലതാണ്. പുസ്തകം വായിക്കുന്നതോ, കഥയോ കവിതയോ എഴുതുന്നതോ, കുട്ടികളുമായി കളിക്കുന്നതോ, സംഗീതം അഭ്യസിക്കുന്നതോ പാഷനാക്കാവുന്നതാണ്.

6) കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക: ആരോഗ്യവും ഉന്മേഷവുമൊക്കെ വീണ്ടെടുക്കാന്‍ വാരാന്ത്യത്തില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാവുന്നതാണ്. പാര്‍ക്കിലോ, ഇഷ്ടമുള്ള ഭക്ഷണശാലയിലേക്കോ ഒക്കെ കുടുംബവുമായി പോകാവുന്നതാണ്.

7) അടുത്ത ആഴ്ചയ്ക്കായി ഒരുങ്ങാം: വരാനിരിക്കുന്ന ആഴ്ചയെ കുറിച്ച് ആസൂത്രണം ചെയ്യാനും വാരാന്ത്യത്തിലെ ഒഴിവ് ദിനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിലൂടെ സമ്മര്‍ദ്ദം ലഘൂകരിക്കാനും, ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും സാധിക്കും.

Comments

comments

Categories: FK Special