ആകാശവാണി വാര്‍ത്തകള്‍ ഇനി സ്വകാര്യ എഫ്എമ്മിലും

ആകാശവാണി വാര്‍ത്തകള്‍ ഇനി സ്വകാര്യ എഫ്എമ്മിലും

ന്യുഡല്‍ഹി: സ്വകാര്യ എഫ്എം ചാനലുകള്‍ക്ക് ആകാശവാണിയുടെ വാര്‍ത്ത പ്രക്ഷേപണം നടത്താന്‍ അനുമതി. ഹിന്ദിയിലും ഇംഗ്ലീഷിലും വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യാമെന്ന് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

എന്നാല്‍ പ്രക്ഷേപണം നടത്തുന്ന വാര്‍ത്തകളില്‍ ഒരു തരത്തിലുള്ള പരിഷ്‌കാരങ്ങളും അനുവദിക്കില്ല എന്ന് നിബന്ധനയുണ്ട്. മെയ് 31 വരെ സൗജന്യമായി പരീക്ഷണ പ്രക്ഷേപണം നടത്താവുന്നതാണ്.

പരീക്ഷണ കാലയളവില്‍ അതിര്‍ത്തി, നക്‌സല്‍ ബാധിത മേഖല എന്നിവിടങ്ങളില്‍ പ്രക്ഷേപണം സാധ്യമല്ല. ഈ സമ്പ്രദായത്തിലൂടെ പൗര ശാക്തീകരണം മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് പറഞ്ഞു.

ആകാശവാണിയുടെ വാര്‍ത്താ വിഭാഗത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതാണ് വാര്‍ത്താ ബുള്ളറ്റിനുകള്‍ സ്വന്തമാക്കാനുള്ള ആദ്യപടി. ഇതിന് പുറമേ ആകാശവാണി വാര്‍ത്തയ്‌ക്കൊപ്പമുള്ള പരസ്യങ്ങളും അതുപോലെ സംപ്രേഷണം ചെയ്യാന്‍ എഫ്എം തയ്യാറാവണമെന്നും വ്യവസ്ഥയുണ്ട്.

ആകാശവാണി വാര്‍ത്തകള്‍ അതേ സമയത്ത് തന്നെയോ, അരമണിക്കൂറിനുള്ളിലോ കൊടുത്തിരിക്കണം. ലൈവായല്ല സംപ്രേഷണമെങ്കില്‍ അത് ശ്രോതാക്കളെ അറിയിക്കുകയും വേണമെന്നും പ്രസാര്‍ ഭാരതി നിബന്ധന വച്ചിട്ടുണ്ട്.

ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി അഞ്ച് നഗരങ്ങളിലെ വാര്‍ത്താ സംപ്രേഷണം ആകാശവാണി അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ആഴ്ചയാണ് ഉത്തരവിറങ്ങിയത്. ദേശീയ തലത്തില്‍ നിന്നുള്ള വാര്‍ത്തയും ആകാശവാണി അവസാനിപ്പിച്ചിരുന്നു.

Comments

comments

Categories: Current Affairs