വിദേശ, സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഒന്‍ജിസിക്കും ഒഐഎലിനും അനുമതി

വിദേശ, സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഒന്‍ജിസിക്കും ഒഐഎലിനും അനുമതി

ഉല്‍പ്പാദനത്തിന്റെ 95 ശതമാനവും സംഭാവന ചെയ്യുന്ന വലിയ പാടങ്ങളില്‍ മാത്രമായി ഒഎന്‍ജിസി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡെല്‍ഹി: പൊതുമേഖലയിലുള്ള ഒഎന്‍ജിസി, ഒഐഎല്‍ എന്നീ കമ്പനികള്‍ക്ക് എണ്ണപ്പാടങ്ങളിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി വിദേശ, സ്വകാര്യ പങ്കാളികളെ ആശ്രയിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയതായി കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു. ബുദ്ധിമുട്ടേറിയ പ്രദേശങ്ങളില്‍ അവര്‍നടത്തുന്ന പര്യവേഷണത്തിന്റെ ഫലമായ കണ്ടെത്തലുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും അനുമതിയുണ്ട്. 14 പര്യവേഷണ ബ്ലോക്കുകളുടെ രണ്ടാം ഘട്ട ലേല നടപടികളുടെ അവതരണ ചടങ്ങില്‍ സംസാപിക്കുകയാരുന്നു ധര്‍മേന്ദ്ര പ്രധാന്‍.

ഒഎന്‍ജിസിക്കും ഒഐഎലിനും ഏതെല്ലാം എണ്ണപ്പാടങ്ങളിലാണ പങ്കാളികളുടെ സഹായം ഉല്‍പ്പാദനത്തിന് തേടേണ്ടതെന്ന കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാവുന്നതാണ്. നേരത്തേ 2017ല്‍ എണ്ണ മന്ത്രാലയത്തിന്റെ സാങ്കേതിക ഉപദേശക സമിതിയായ ഡയക്റ്ററേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍ 15 എണ്ണപ്പാടങ്ങളെ വിദേശ, സ്വകാര്യ പങ്കാളിത്തത്തിനായി നിര്‍ദേശിച്ചിരുന്നു. ഒഎന്‍ജിസിയുടെ 11 പാടങ്ങളിലും ഒഐഎലിന്റെ 4 പാടങ്ങളിലും 60 ശതമാനം പങ്കാളികള്‍ക്ക് ഉല്‍പ്പാദനത്തിനായി കൈമാറുന്നതിനായിരുന്നു നിര്‍ദേശം. ഇത് അപ്രസക്തമാക്കിക്കൊണ്ടാണ് കമ്പനികള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

കമ്പനികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഡയക്റ്ററേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണിന്റെ നിര്‍ദേശം നടപ്പാക്കാതിരുന്നത്. ഉല്‍പ്പാദനത്തിന്റെ 95 ശതമാനവും സംഭാവന ചെയ്യുന്ന വലിയ പാടങ്ങളില്‍ മാത്രമായി ഒഎന്‍ജിസി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മറ്റ് പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുനല്‍കണമെന്നും എണ്ണ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ശുപാര്‍ശ ചെയ്തു. നേരത്തേ വരുമാന വര്‍ധന മാത്രമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ആഴക്കടലിനടിയില്‍ ഉള്‍പ്പടെയുള്ള ബുദ്ധിമുട്ടേറിയ പ്രദേശങ്ങളില്‍ നിന്നുള്ള പ്രകൃതി വാതക പര്യവേഷണത്തിന് മികച്ച പ്രോല്‍സാഹനം നല്‍കും. ഭാവിയിലെ കണ്ടെത്തലുകള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ചില കണ്ടെത്തലുകല്‍ നടത്തിയ പ്രദേശങ്ങളില്‍ നിന്നും ഉല്‍പ്പാദനം ആരംഭിക്കാന്‍ ഒഎന്‍ജിസിക്കും ഒഐഎലിനും സാധിച്ചിട്ടില്ല. നിലവിലെ വില അനുസരിച്ച് അവിടെ നിന്നുള്ള ഉല്‍പ്പാദനത്തിന് കൂടുതല്‍ ചെലവിടല്‍ വേണ്ടി വരുമെന്നതിനാലാണിതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: ONGC