തെരഞ്ഞെടുപ്പിന് മുമ്പ് മോദിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്

തെരഞ്ഞെടുപ്പിന് മുമ്പ് മോദിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്

മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം ഇലക്ഷന് മുമ്പുള്ള ‘മാസ്റ്റര്‍സ്‌ട്രോക്ക്’ തന്നെയാണ്. എന്നാല്‍ ഇത് പ്രായോഗികമാക്കാനുള്ള ഇച്ഛാശക്തി തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സര്‍ക്കാര്‍ കാണിക്കുമോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം

രാജ്യത്ത് ആദ്യമായി സാമ്പത്തിക സംവരണം നടപ്പാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ സുപ്രധാന ചുവട് തന്നെയാണ്, അതിന് മറ്റെന്തിനേക്കാളും കൂടുതലുള്ളത് രാഷ്ട്രീയ മാനങ്ങളുമാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തിയാര്‍ജ്ജിക്കാന്‍ തയാറെടുക്കുന്ന ബിജെപിയുടെ എതിര്‍ചേരിയിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം കടുത്ത പ്രതിസന്ധിയിലാക്കിയേക്കും അത്. തൊഴില്‍രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും മുന്നക്ക വിഭാഗത്തില്‍ സാമ്പത്തികമായി പുറകില്‍ നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനാണ് കേന്ദ്രം തീരുമാനമെടുത്തത്.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ചൊവ്വാഴ്ച്ച അവസാനിക്കുന്നതിന് മുമ്പ് തിങ്കളാഴ്ച്ച തന്നെ സുപ്രധാന തീരുമാനമെടുക്കാന്‍ ബിജെപി തുനിഞ്ഞത് പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെയാണ്. സാമ്പത്തിക സംവരണമെന്ന് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രഖ്യാപിത നയങ്ങളിലൊന്നാണ്. എന്നാല്‍ അധികാരത്തിലേറി ഇത്രയും കാലമായിട്ടും അത് നടപ്പാക്കുന്നതിനെകുറിച്ച് ചിന്തിക്കാതെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ ശ്രമത്തെ പലരും വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ പറയുന്നത് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സംവരണം നല്‍കണമെന്നാണ്. സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവും നിലവിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്നത് ഏറെ കാലമായി പല വിഭാഗങ്ങളില്‍ നിന്നുയരുന്ന ആവശ്യമാണ്. അതുകൊണ്ടുതന്നെ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ ഇത് യാഥാര്‍ത്ഥ്യമാകാന്‍ സാധിക്കൂ.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പദ്ധതിയെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തില്‍ അല്‍പ്പം കാര്യമുണ്ടെങ്കിലും സാമ്പത്തിക സംവരണം നടപ്പാക്കുക എന്ന തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ധൈര്യം കാട്ടിയെന്നത് ശ്രദ്ധേയമാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണം യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതകളൊന്നുമില്ലെങ്കില്‍ കൂടി രാഷ്ട്രീയ ഇച്ഛാശക്തിയുടെ പേരില്‍ മുന്നാക്ക വിഭഗങ്ങള്‍ എന്ന വോട്ട്ബാങ്കിനെയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.

ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ തീരുമാനം നടപ്പാക്കുന്നതിലെ ആത്മാര്‍ത്ഥതയാകും വിലയിരുത്തപ്പെടുക. അതേസമയം സംവരണത്തിന്റെ തോത് 60 ശതമാനമായി മാറുമ്പോള്‍ മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന വിമര്‍ശനങ്ങളുമുണ്ട്. സംവരണങ്ങള്‍ക്ക് മത, ജാതി വിഭാഗങ്ങളേക്കാള്‍ ഉപരി സാമ്പത്തിക സാഹചര്യങ്ങള്‍ മാത്രമാകണമെന്ന ആര്‍എസ്എസ് ചിന്താപദ്ധതിയും ഈ കണക്കുകളും തമ്മില്‍ എത്രമാത്രം യോജിക്കുമെന്നത് വേറെ വിഷയമാണ്.

എന്തായാലും പുതിയ തീരുമാനം രാഷ്ട്രീയപരമായി മോദിക്കും ബിജെപിക്കും ഗുണകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. മായാവതിയുടെ ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും മുതല്‍ എന്‍ എന്ദ്രബാബു നായിഡുവും ഇടതുപക്ഷവും വരെ ഈ ആശയത്തോട് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ യോജിപ്പുള്ളവരാണ്. അതുകൊണ്ടുതന്നെ ഇതിനെതിരെ പ്രത്യക്ഷ പ്രതിപക്ഷ കാംപെയ്‌നുകളൊന്നും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനുള്ള ചവിട്ടുപടികളിലൊന്നായിട്ടാകും ബിജെപി ഈ വിഷയത്തെ സമീപിക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ യഥാര്‍ത്ഥ പരീക്ഷണം കാത്തിരിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും.

Comments

comments

Categories: Editorial, Slider
Tags: Modi