ലൈവ്‌വയര്‍ ക്രൂസറിന്റെ അമേരിക്കന്‍ വില പ്രഖ്യാപിച്ചു

ലൈവ്‌വയര്‍ ക്രൂസറിന്റെ അമേരിക്കന്‍ വില പ്രഖ്യാപിച്ചു

29,799 ഡോളറാണ് ഇലക്ട്രിക് ക്രൂസറിന് വില. ഏകദേശം 21 ലക്ഷം ഇന്ത്യന്‍ രൂപ

ലാസ് വേഗസ് : ഹാര്‍ലി ഡേവിഡ്‌സന്റെ ആദ്യ ഇലക്ട്രിക് ബൈക്കായ ലൈവ്‌വയറിന്റെ അമേരിക്കന്‍ വില പ്രഖ്യാപിച്ചു. 29,799 ഡോളറാണ് ഇലക്ട്രിക് ക്രൂസറിന് വില. ഏകദേശം 21 ലക്ഷം ഇന്ത്യന്‍ രൂപ. യുഎസ്സില്‍ ഈ വര്‍ഷം തന്നെ ഡെലിവറി ചെയ്യാനാകുംവിധം പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങുമെന്ന് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. മറ്റ് ആഗോള വിപണികളില്‍ ലൈവ്‌വയര്‍ എന്നുമുതല്‍ ലഭ്യമാകുമെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചില്ല.

‘റെവലേഷന്‍’ എന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ പേര് നല്‍കിയ ഇലക്ട്രിക് ഡ്രൈവ്‌ട്രെയ്‌നാണ് ലൈവ്‌വയറിന് കരുത്തേകുന്നത്. നിരവധി ഹൈ-ടെക് ഫീച്ചറുകള്‍ ബൈക്കില്‍ ഉണ്ടായിരിക്കും. എച്ച്ഡി കണക്റ്റ് എന്ന ടെലിമാറ്റിക്‌സ് സിസ്റ്റം ഇലക്ട്രിക് ഹാര്‍ലിയില്‍ നല്‍കിയിരിക്കുന്നു. ബാറ്ററി ചാര്‍ജ്, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയ വിവരങ്ങള്‍ ഹാര്‍ലി ആപ്പ് വഴി ഉടമയെ അറിയിക്കും. സെല്ലുലാര്‍ കണക്റ്റഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍. ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് എന്നിവ സവിശേഷതകളായിരിക്കും.

ലൈവ് വയറിന്റെ പെര്‍ഫോമന്‍സ് സംബന്ധിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍ വിശദീകരിച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 മൈല്‍ വേഗം കൈവരിക്കാന്‍ 3.5 സെക്കന്‍ഡ് മതിയെന്ന് അവകാശപ്പെട്ടു. ഒരു തവണ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 177 കിലോമീറ്റര്‍ സഞ്ചരിക്കാം. ബാറ്ററി ശേഷി, ഇലക്ട്രിക് മോട്ടോര്‍ പുറപ്പെടുവിക്കുന്ന കരുത്ത് എന്നിവ സംബന്ധിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍ വാ തുറന്നില്ല. മറ്റെവിടെയും കേള്‍ക്കാത്തതായിരിക്കും ഇലക്ട്രിക് ലൈവ്‌വയര്‍ പുറപ്പെടുവിക്കുന്ന എക്‌സോസ്റ്റ് ശബ്ദമെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രസ്താവിച്ചു. ലൈവ്‌വയര്‍ ഇന്ത്യയില്‍ വരുമെന്ന് തീര്‍ച്ചയില്ല.

Comments

comments

Categories: Auto