വായുവേഗമാര്‍ജ്ജിച്ച് വരുന്നു ലംബോര്‍ഗിനി ഉറാകാന്‍ ഇവോ

വായുവേഗമാര്‍ജ്ജിച്ച് വരുന്നു ലംബോര്‍ഗിനി ഉറാകാന്‍ ഇവോ

പവര്‍ ഔട്ട്പുട്ട് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പെര്‍ഫോമന്‍സ് കാര്യമായി വര്‍ധിച്ചേക്കും

ബൊളോഞ്ഞ, ഇറ്റലി : ലംബോര്‍ഗിനി ഉറാകാന്‍ സ്‌പോര്‍ട്‌സ് കാറിന്റെ ഫേസ്‌ലിഫ്റ്റ് വരുന്നു. ഉറാകാന്‍ ഇവോ എന്ന പേരിലാണ് ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തുന്നത്. 2020 ഉറാകാന്‍ ഫേസ്‌ലിഫ്റ്റിന്റെ ടീസര്‍ ലംബോര്‍ഗിനി പുറത്തുവിട്ടു. മുമ്പത്തെപ്പോലെ, ലംബോര്‍ഗിനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിലായിരുന്നു ടീസര്‍ റിലീസ്. കാറിന്റെ പിന്‍ഭാഗമാണ് ടീസര്‍ ചിത്രത്തില്‍ വ്യക്തമാകുന്നത്.

കാറിന്റെ പിന്‍വശ ചിത്രത്തില്‍ പുതുക്കിപ്പണിത എക്‌സോസ്റ്റ് സിസ്റ്റം കാണാം. ഉറാകാന്‍ പെര്‍ഫോമന്റെ വേര്‍ഷന്‍ ഓര്‍മ്മയില്‍ വരുംവിധം ഉറാകാന്‍ ഇവോ മോഡലിന് ഡുവല്‍ ടിപ്പുകള്‍ ലഭിച്ചിരിക്കുന്നു. നമ്പര്‍ പ്ലേറ്റിന്റെ ഇരുവശങ്ങളിലുമാണ് എക്‌സോസ്റ്റ് ഫിനിഷറുകള്‍ നല്‍കിയിരിക്കുന്നത്. റിയര്‍ സ്‌പോയ്‌ലര്‍ അത്ര വലുതല്ല. ചെറിയ സ്‌പോയ്‌ലര്‍ ബ്രേക്ക് ലൈറ്റിന് തൊട്ടുമുകളില്‍ നല്‍കിയിരിക്കുന്നു.

പവര്‍ ഔട്ട്പുട്ട് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പെര്‍ഫോമന്‍സും കാര്യമായി വര്‍ധിച്ചേക്കും. ലംബോര്‍ഗിനിയുടെ സവിശേഷ 5.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് വി10 എന്‍ജിന്‍ ഉറാകാന്‍ ഇവോ ഉപയോഗിച്ചേക്കും. നിലവില്‍ ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) ഉറാകാന്‍ എല്‍പി 610-4 വേര്‍ഷനില്‍ 602 ബിഎച്ച്പിയും റിയര്‍ വീല്‍ ഡ്രൈവ് (ആര്‍ഡബ്ല്യുഡി) ഉറാകാന്‍ എല്‍പി 580-2 മോഡലില്‍ 572 ബിഎച്ച്പിയുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. രണ്ട് മോഡലുകളും ലംബോര്‍ഗിനി ഒരേസമയം പരിഷ്‌കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു മോഡലുകളിലും ഏറ്റവും കുറഞ്ഞത് പത്ത് കുതിരകളുടെയെങ്കിലും കരുത്ത് വര്‍ധിക്കും.

കാബിനിലും മാറ്റങ്ങള്‍ കാണും. പുതിയ വലിയ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ നല്‍കും. അതോടെ സെന്‍ട്രല്‍ കണ്‍സോളിലെ മിക്ക ബട്ടണുകളും ഒഴിവാക്കാന്‍ സാധിക്കും. ഉറാകാന്‍ ഇവോ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലംബോര്‍ഗിനിയുടെ ഉറാകാന്‍, ഉറുസ് മോഡലുകള്‍ക്ക് ഇന്ത്യയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Comments

comments

Categories: Auto