ഇന്ത്യയില്‍ സര്‍വ്വകാല വില്‍പ്പന നേടി ജെഎല്‍ആര്‍

ഇന്ത്യയില്‍ സര്‍വ്വകാല വില്‍പ്പന നേടി ജെഎല്‍ആര്‍

4,596 യൂണിറ്റ് കാറുകളാണ് ജെഎല്‍ആര്‍ ഇന്ത്യ വിറ്റത്. വില്‍പ്പന വളര്‍ച്ച 16.23 ശതമാനം

ന്യൂഡെല്‍ഹി : ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 2018 ല്‍ ഇന്ത്യയില്‍ നേടിയത് സര്‍വ്വകാല വില്‍പ്പന. 2018 കലണ്ടര്‍ വര്‍ഷത്തില്‍ 4,596 യൂണിറ്റ് കാറുകളാണ് ജെഎല്‍ആര്‍ ഇന്ത്യ വിറ്റത്. വില്‍പ്പന വളര്‍ച്ച 16.23 ശതമാനം. 2017 ല്‍ 3,954 യൂണിറ്റ് കാറുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. ഇന്ത്യയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നേടുന്ന ഏറ്റവും വലിയ വില്‍പ്പനയാണ് ടാറ്റ മോട്ടോഴ്‌സ് ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നേടിയിരിക്കുന്നത്.

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോക്ക്, ജാഗ്വാര്‍ എഫ്-പേസ്, ജാഗ്വാര്‍ എക്‌സ്ഇ, ജാഗ്വാര്‍ എക്‌സ്എഫ് എന്നീ മോഡലുകളാണ് വില്‍പ്പന നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ചത്. 2018 ല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ പത്തിലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരുന്നു. റേഞ്ച് റോവര്‍ വെലാര്‍, റേഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ട്ടിബിള്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഇന്ത്യയിലെ വാഹന വ്യവസായം 2018 ല്‍ ശക്തമായ വെല്ലുവിളികളാണ് നേരിട്ടതെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രോഹിത് സൂരി പറഞ്ഞു. ഇതിനിടയിലും ഇന്ത്യയില്‍ ചരിത്രത്തിലെ മികച്ച വില്‍പ്പന കൈവരിക്കാന്‍ സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Auto
Tags: JLR