ഉറക്കമില്ലായ്മ ജപ്പാനെ ഗ്രസിക്കുന്നു

ഉറക്കമില്ലായ്മ ജപ്പാനെ ഗ്രസിക്കുന്നു

സാങ്കേതികമായി ഒരുപാട് മുന്നേറിയ രാജ്യമാണ് ജപ്പാന്‍. രണ്ടാം ലോകമഹായുദ്ധം ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് ആ കൊച്ചുരാജ്യം ഉയര്‍ത്തെഴുന്നേറ്റത് വളരെ പെട്ടെന്നായിരുന്നു. എല്ലാം കഠിനാദ്ധ്വാനത്തിലൂടെ സാധ്യമാക്കിയതാണ്. പക്ഷേ, ഈ കഠിനാദ്ധ്വാനം മൂലം ജപ്പാനിലെ ഉത്പാദനക്ഷമതാ സൂചിക ഏറ്റവും താഴ്ന്ന നിലയിലെത്തി. അമിത ജോലി ഭാരം മൂലം ഉറക്കം നഷ്ടപ്പെടുന്ന തൊഴിലാളികളെ നിരവധി ജപ്പാനില്‍ നമ്മള്‍ക്കു കാണുവാന്‍ സാധിക്കും.

നമ്മള്‍ക്ക് രാത്രിയില്‍ ആവശ്യമുള്ള സമയം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് അറിയുന്ന ഒരു തൊഴിലുടമ, ജോലി സമയത്ത് ഇടവേള അനുവദിക്കുകയും അല്‍പ നേരം മയങ്ങാനും സമ്മതിക്കുകയാണെന്നു കരുതുക. എന്തായിരിക്കും നമ്മളുടെ പ്രതികരണം ? പറഞ്ഞറിയിക്കാന്‍ പ്രയാസമായിരിക്കും ആ അനുഭവം.

ജപ്പാനില്‍ ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ നിരവധി കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്കു ജോലി സമയത്ത് ഉറങ്ങാനുള്ള അനുവാദം നല്‍കിയിരിക്കുകയാണ്. ടെക്‌നോളജി രംഗത്തുള്ള സ്റ്റാര്‍ട്ട് അപ്പുകളാണ് ഇതു നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഉറക്കമില്ലായ്മ തൊഴിലാളികളില്‍ സൃഷ്ടിക്കുന്ന ദുരിതം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ ആശയവുമായി നിരവധി കമ്പനികള്‍ രംഗത്തുവന്നിരിക്കുന്നത്. തൊഴിലാളികളുടെ ഉറക്കമില്ലായ്മ മൂലം ജപ്പാന്റെ സമ്പദ്ഘടനയ്ക്കുണ്ടാകുന്ന നഷ്ടമെന്നു പറയുന്നത് പ്രതിവര്‍ഷം 138 ബില്യന്‍ ഡോളറാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ നെക്സ്റ്റ് ബീറ്റ് എന്ന ഐടി സേവനദാതാവ്, അവരുടെ ജീവനക്കാര്‍ക്കായി രണ്ട് സ്ലീപ്പിംഗ് റൂമുകളാണു സജ്ജീകരിച്ചത്. ഇതില്‍ ഒരെണ്ണം പുരുഷന്മാര്‍ക്കും, രണ്ടാമത്തേത് സ്ത്രീകള്‍ക്കും വേണ്ടിയുള്ളതായിരുന്നു. ശബ്ദരഹിതവും, പരിമളം പരത്തുന്നതുമാണു മുറി. ഇവിടെ വിശ്രമിക്കാന്‍ സോഫകളുണ്ട്. അതേസമയം, മൊബൈല്‍ ഫോണും, ടാബ്‌ലെറ്റും, ലാപ്‌ടോപ്പുകളും നിരോധിച്ചിട്ടുമുണ്ട്.

‘ സമതുലിതമായ ഭക്ഷണവും വ്യായാമവും എന്ന പോലെ ഒരാളുടെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ ലഘുനിദ്രയ്ക്കു സാധിക്കുമെന്നു’ നെക്സ്റ്റ് ബീറ്റ് ഡയറക്ടറായ എമികോ സുമികാവ പറയുന്നു.
ഉറക്കമില്ലായ്മ ഒരു മഹാമാരിയായി മാറിയിരിക്കുന്ന ജപ്പാനില്‍ ഭൂരിഭാഗം കമ്പനികളും അവരുടെ ജീവനക്കാരോട് രാത്രി ഒന്‍പത് മണിക്കുള്ളില്‍ ജോലി അവസാനിപ്പിച്ച് വീട്ടില്‍ പോകണമെന്നു നിര്‍ദേശിച്ചിരിക്കുകയാണ്. ചില കമ്പനികള്‍ ഓവര്‍ടൈം ജോലിയില്‍ ഏര്‍പ്പെടുന്നതില്‍നിന്നും ജീവനക്കാരെ ഒഴിവാക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നു. ക്രേസി എന്ന വെഡിംഗ് പ്ലാനിംഗ് കമ്പനി അവരുടെ ജീവനക്കാര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്ന ആനുകൂല്യത്തെ കുറിച്ചു കേട്ടാല്‍ നമ്മള്‍ അത്ഭുപ്പെടും. ഒരു ദിവസം ചുരുങ്ങിയത് ആറ് മണിക്കൂര്‍ രാത്രിയില്‍ ഉറങ്ങുന്നവര്‍ക്ക് പോയ്ന്റ് നല്‍കും. ഈ പോയ്ന്റ് കമ്പനിയുടെ കഫെറ്റീരിയയില്‍ കാണിച്ചാല്‍ സൗജന്യമായി ഭക്ഷണം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു ആപ്പിന്റെ സഹായത്തോടെയാണ് രാത്രി ഉറങ്ങുന്ന സമയത്തിന്റെ ദൈര്‍ഘ്യം രേഖപ്പെടുത്തുന്നത്. ഇതിനായി സ്മാര്‍ട്ട്‌ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും. പിന്നീട് ഉറക്കത്തിന്റെ സമയം അളന്നു തിട്ടപ്പെടുത്തും. സമീപകാലത്ത് ഫിറ്റ്‌നെറ്റ് ട്രാക്കേഴ്‌സ് ഉപയോഗിച്ച് 28 രാജ്യങ്ങളില്‍ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയത്, ജാപ്പനീസ് സ്ത്രീകളും, പുരുഷന്മാരും ഒരു രാത്രിയില്‍ ശരാശരി ആറ് മണിക്കൂറും 35 മിനിറ്റും മാത്രമാണ് ഉറങ്ങുന്നതെന്നാണ്. ഇത് അന്താരാഷ്ട്ര ശരാശരിയേക്കാള്‍ 45 മിനിറ്റ് കുറവാണ്. മറിച്ച്, ഒരു ഫിന്നിഷ് സ്ത്രീയാകട്ടെ, ശരാശരി 7.45 മണിക്കൂര്‍ ഒരു രാത്രി ഉറങ്ങാന്‍ സമയം ചെലവഴിക്കുന്നു. എസ്‌റ്റോണിയ, കാനഡ, ബെല്‍ജിയം, ഓസ്ട്രിയ, ഡച്ച്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരും ഉറക്കത്തിനായി നല്ലൊരു സമയം വിനിയോഗിക്കുന്നവരാണെന്നു സര്‍വേയില്‍ കണ്ടെത്തുകയുണ്ടായി.

ഉറക്കക്കുറവ്

ലോകത്ത് ഏറ്റവുമധികം ജോലി സമയമുള്ള രാജ്യങ്ങളിലൊന്നാണു ജപ്പാന്‍. ഒരു തൊഴിലാളിക്ക് പ്രതിദിനം ശരാശരി 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടതായി വരുന്നു. ജോലി ചെയ്തു തീര്‍ക്കാനുള്ള ബദ്ധപ്പാടില്‍ അവിടെ ജോലിക്കാര്‍ ഉറക്കം പോലും ഉപേക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത ഒരു ഫ്രെയ്‌സ് അഥവാ വാക്യമായിരുന്നു സ്ലീപ് ഡെബ്റ്റ് (Sleep debt) എന്നത്. ഉറക്കക്കുറവ് എന്ന് അര്‍ഥം വരുന്നതാണ് ഈ വാക്യം. ഉറക്കക്കുറവ് ആരോഗ്യത്തിനു ഹാനികരമാണെന്നും ഈ വാക്യം കൊണ്ട് അര്‍ഥമാക്കുന്നു. ജീവനക്കാരുടെ ഉറക്കുക്കുറവ് ജപ്പാന്റെ സമ്പദ്ഘടനയെ തന്നെ ബാധിച്ചിരിക്കുന്നു. ജീവനക്കാര്‍ കാര്യക്ഷമതയുള്ളവരാകണമെങ്കില്‍ അവര്‍ക്ക് ഉറക്കം അത്യാവശ്യമാണെന്ന് അവിടെയുള്ള കമ്പനികളില്‍ ഭൂരിഭാഗവും തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പല കമ്പനികളിലും ഇപ്പോള്‍ ജീവനക്കാര്‍ക്ക് ഉറങ്ങാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്.

ഷൈനിംഗ് മണ്‍ഡേ

ടെക്‌നോളജിയിലെ കാര്യക്ഷമതയ്ക്കു (competence in technology) പേരുകേട്ട രാജ്യമാണ് ജപ്പാന്‍. പക്ഷേ, രാജ്യത്തിന്റെ ഉത്പാദനക്ഷമതാ സൂചിക (productivity index) എക്കാലത്തെയും താഴ്ന്നതാണ്. സാമ്പത്തിക പുരോഗതിയും ലോക വ്യാപാരവും ഉത്തേജിപ്പിക്കുന്നതിനായി 1961-ല്‍ സ്ഥാപിതമായ ഒരു സാമ്പത്തിക സംഘടനയാണ് ഒഇസിഡി (Organisation for Economic Cooperation and Development). ഈ സംഘടനയുടെ 2018ലെ കണക്ക്പ്രകാരം, ജി-7 രാജ്യങ്ങളില്‍ ഏറ്റവും താഴ്ന്ന ഉത്പാദനക്ഷമതയുള്ള രാജ്യമാണ് ജപ്പാനെന്നാണ്. രാജ്യത്തെ കോര്‍പറേറ്റ് സംസ്‌കാരം വളരെ തീവ്രതയേറിയതിനാല്‍, അമിത ജോലിഭാരം മൂലം തൊഴിലാളികള്‍ മരണമടയുന്ന സംഭവങ്ങള്‍ ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമിത ജോലിഭാരം മൂലം തൊഴിലാളികള്‍ മരണമടയുന്ന സംഭവത്തെ ജപ്പാനില്‍ കരോഷി (Karoshi) എന്ന് അറിയപ്പെടുന്നു.വര്‍ക്ക്-ലൈഫ് ബാലന്‍സില്‍ ഏറ്റവും മോശം റെക്കോര്‍ഡുള്ള രാജ്യങ്ങളിലൊന്നാണു ജപ്പാന്‍. ഈ പേര് ദോഷം മായ്ക്കാന്‍ കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ സര്‍ക്കാര്‍ ഷൈനിംഗ് മണ്‍ഡേ എന്നൊരു പദ്ധതിക്കു തുടക്കമിട്ടു. ഇതുപ്രകാരം, പ്രവൃത്തി തുടങ്ങുന്ന ആഴ്ചയുടെ ആദ്യദിനമായ തിങ്കളാഴ്ച ഉച്ചവരെ തൊഴിലാളികള്‍ക്ക് അവധി നല്‍കും.

Comments

comments

Categories: Health, Slider