ഇന്റർനെറ്റ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച എത്രകാലം

ഇന്റർനെറ്റ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച എത്രകാലം

വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപഭോക്താവിനെ വലയിലാക്കുന്ന ഡീലുകള്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വേണ്ടി ഓണ്‍ലൈന്‍വിപണിയില്‍ മാത്രമായി വിലക്കുറവുകള്‍ പ്രഖ്യാപിക്കുന്ന ഇ-കൊമേഴ്‌സ് പ്രവണതകള്‍ക്കും പുതിയ നയം വിലക്കേര്‍പ്പെടുത്തുന്നു.

ഇന്ത്യയിലെ തുടക്കക്കാരായ ഇന്റെര്‍നെറ്റ് കമ്പനിക്കാര്‍ക്ക് 2018 പൊതുവെ നല്ല വര്‍ഷമായിരുന്നു. ഇത്തരത്തിലുള്ള പതിമൂന്നോളം സംരംഭങ്ങള്‍ ചേര്‍ന്ന് 100 മില്യണ്‍ ഡോളറിന്റെ (ഏകദേശം 693 കോടി രൂപ) നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം കൊയ്തത്. പക്ഷേ ഈ ഉല്ലാസ സവാരിക്ക് അധികകാലം ആയുസ്സില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം സംബന്ധിച്ച് കഴിഞ്ഞ ഡിസംബര്‍ 26ന് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരവധി നിയന്ത്രണങ്ങള്‍ ഇ-കൊമേഴ്‌സ് രംഗത്തിന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്നതായിരുന്നു. ഓഫ്‌ലൈന്‍ വല്‍പ്പനക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും ഇന്ത്യയില്‍ വലിയൊരു ഭാവി സ്വപ്‌നം കാണുന്ന ഇ-കൊമേഴ്‌സ് മേഖലയ്ക്ക് ഈ നയം തിരിച്ചടിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫെബ്രുവരി ഒന്നിന് പുതിയ ഇ-കൊമേഴ്‌സ് നയം നിലവില്‍ വരാനിരിക്കെ തീയതി നീട്ടണമെന്നതടക്കം ഇ-കൊമേഴ്‌സ് നയത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് മേഖലയിലെ വന്‍ ശക്തികളായ ആമസോണും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌപ്കാര്‍ട്ടും സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്.

വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപഭോക്താവിനെ വലയിലാക്കുന്ന ഡീലുകള്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വേണ്ടി ഓണ്‍ലൈന്‍വിപണിയില്‍ മാത്രമായി വിലക്കുറവുകള്‍ പ്രഖ്യാപിക്കുന്ന ഇ-കൊമേഴ്‌സ് പ്രവണതകള്‍ക്കും പുതിയ നയം വിലക്കേര്‍പ്പെടുത്തുന്നു. കൂടാതെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ ഉല്‍പ്പന്നങ്ങളുടെ ആകെ എണ്ണത്തില്‍ മൂന്നിലൊരു വിഭാഗം പോലും ഒരൊറ്റ നിര്‍മ്മാതാക്കളില്‍ നിന്ന് ഉള്ളതാകരുതെന്നും പുതിയ നയത്തില്‍ നിബന്ധനയുണ്ട്. രാജ്യത്തെ ഓഫ്‌ലൈന്‍ കച്ചവടക്കാരെയും ചെറുകിട നിര്‍മ്മാതാക്കളെയും സംരക്ഷിക്കുക എന്ന കേന്ദ്രസമീപനമാണ് ഇതിലൂടെ വെളിവാകുന്നത്.

പക്ഷേ പുതിയ നയം നടപ്പിലാക്കുന്നത് ഇ-കൊമേഴ്‌സ് മേഖലയ്്ക്ക് വിനാശകരമാകുമെന്നാണ് ആഗോള ഗവേഷണ സ്ഥാപനമായ ജെഫ്രീസ് ഇന്ത്യ പറയുന്നത്. മേഖലയിലെ അതികായന്മാരുടെ ബിസിനസ് മോഡലിന് പുതിയ നയം വിലങ്ങുതടിയാകും. ഇക്കാര്യത്തില്‍ വ്യക്തത കൈവരും വരെ പുതിയ നയം ഓണ്‍ലൈന്‍ ബിസിനസ് രംഗത്തിന് കീറാമുട്ടിയായ പ്രശ്‌നമായി തുടരുമെന്നും അവര്‍ പറയുന്നു.

നിക്ഷേപം കൊയ്ത 2018

ജെഫ്രീസ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ 8.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇ-കൊമേഴ്‌സ് മേഖലയിലുണ്ടായത്. 2017ല്‍ ഇത് 7.5 ബില്യണായിരുന്നു. ഇ-ടെയ്‌ലിംഗ്(ബിഗ് ബാസ്‌കറ്റ്, ഫഌപ്കാര്‍ട്ട്, ഉഡാന്‍), ഓണ്‍ലൈന്‍ ഡെലിവറി(സ്വിഗ്ഗി, സൊമാറ്റൊ), ഫിന്‍ടെക്(പെടിഎം,പോളിസിബസാര്‍) സേവനങ്ങള്‍(ബൈജൂസ്,ഗാന, ക്യൂര്‍ഫിറ്റ്), യാത്ര(ഒയോ), ഗെയിം(ഡ്രീം11), സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്(ഷെയര്‍ ചാറ്റ്) തുടങ്ങിയ ഓണ്‍ലൈന്‍ മേഖലകളില്‍ നിന്നുമായി പതിമൂന്നോളം കമ്പനികള്‍ 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉണ്ടാക്കിയത്.

2013 മുതലുള്ള വര്‍ഷങ്ങളില്‍ ഇ-കൊമേഴ്‌സ് രംഗം ഏറ്റവുമധികം നിക്ഷേപം സമാഹരിച്ചതും കഴിഞ്ഞ വര്‍ഷമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഇ-കൊമേഴ്‌സ് രംഗത്തെ പുതുവസന്തത്തിന് പിന്നില്‍ വിദേശകമ്പനികളുടെ ശക്തമായ സാന്നിധ്യമുണ്ട് എന്നതാണ് വസ്തുത. സോഫ്റ്റ്ബാങ്ക്, വാള്‍മാര്‍ട്ട്, ചൈനീസ് കമ്പനികളായ അലിബാബ, ടാന്‍സെന്റ്, മ്യൂട്ടാന്‍ ഡിയാംപിങ് തുടങ്ങിയ വിദേശകമ്പനികളാണ് ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മേഖല വാഴുന്നത്.

ഫഌപ്പ്കാര്‍ട്ട് ഡീലിലൂടെ വാള്‍മാര്‍ട്ട് കമ്പനിയാണ് മേഖലയില്‍ ഏറ്റവും വലിയ നിക്ഷേപം നടത്തിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ഇടപാടായിരുന്നു ഇത്. 16 ബില്യണ്‍ ഡോളറുകള്‍ക്കാണ് അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് ബെഗംലൂരു ആസ്ഥമായ ഫഌപ്പ്കാര്‍ട്ടില്‍ 77 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്.

ഫുഡ് -ടു- ഫ്‌ളൈറ്റ്‌സ് സ്റ്റാര്‍ട്ടപ്പായ ചൈനീസ് കമ്പനി മ്യൂട്ടാന്‍ ഡിയാംപിങ് 210 മില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി ജൂണില്‍ സ്വിഗ്ഗിയുടെ നിയന്ത്രണം ഏറ്റെടുത്തെങ്കില്‍ ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ നാസ്പഴ്‌സ് 1 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് സ്വിഗ്ഗിയില്‍ നടത്തിയത്.

പുതിയ നയത്തിന്റെ പശ്ചാത്തലത്തില്‍ 2019ല്‍ ഇ-കൊമേഴ്‌സ് രംഗത്തെ നിക്ഷേപങ്ങള്‍ക്ക് മങ്ങലേല്‍ക്കാനാണ് സാധ്യതയെങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് ഇ-കൊമേഴ്‌സ് രംഗം.

Online shopping. Female making online payment, close up

ഇ-കൊമേഴ്‌സ് മേഖലയുടെ ഇന്ത്യന്‍ ഭാവി

ഇന്‍ഫോ എഡ്ജിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ റിക്രൂട്ടിംഗ് കമ്പനിയായ നൗകരി ഡോട്ട് കോം, മാട്രിമോണി സൈറ്റായ ജീവന്‍ശാദി ഡോട്ട് കോം, റിയല്‍ എസ്‌റ്റേറ്റ് ക്ലാസിഫൈഡ്‌സ് ആയ 99 ഏക്കേഴ്‌സ് ഡോട്ട് കോം എജ്യുക്കേഷന്‍ ക്ലാസിഫൈഡ്‌സ് ആയ ശിക്ഷ ഡോട്ട് കോം തുടങ്ങിയ കമ്പനികളുടെ പ്രകടനത്തിലൂടെ പൊതുവെ ശക്തമായ ആദ്യ പാദമായിരിക്കും ഇ-കൊമേഴ്‌സ് മേഖലയ്ക്ക് വരും വര്‍ഷമുണ്ടാകുക എന്ന് ജെഫ്രീസ് അഭിപ്രായപ്പെടുന്നു. പ്രാദേശിക സെര്‍ച്ച് എഞ്ചിനായ ജസ്റ്റ് ഡയലും പൊതുവെ സ്ഥായിയായ പ്രകടനമായിരിക്കും വരും വര്‍ഷം കാഴ്ചവെക്കുകയെന്നും ഇവര്‍ പറയുന്നു.

അവധികളുടെയും യാത്രകളുടെയും കാലമായ ഡിസംബര്‍ പാദത്തില്‍ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരത നിലനിര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. വിമാനയാത്രകള്‍ കുറഞ്ഞതും ഹോട്ടലുകളിലെ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങളും രംഗത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. ഇന്ധന ഉപഭോഗത്തിലുള്ള മന്ദതയും മെട്രോ സ്‌റ്റേഷനുകളിലെ ശേഷിക്കുറവും കാരണം വിമാനങ്ങളില്‍ യാത്രക്കാരുടെ തിരക്ക് ഏറ്റവും കുറഞ്ഞ ഒരു കാലമായിരുന്നു കഴിഞ്ഞ നവംബര്‍. കൂടാതെ ബിസിനസിന് ദോഷം ചെയ്യുന്ന വന്‍ ഇളവുകളും അനാവശ്യമായ നയമാറ്റങ്ങളും ആരോപിച്ച് മെയ്ക്‌മൈട്രിപ്, ഗോള്‍ബിബോ, ഒയൊ തുടങ്ങിയ ഹോട്ടല്‍ അഗ്രിഗേറ്റേഴ്‌സ് പങ്കാളി ഹോട്ടലുകളില്‍ നിന്ന് ബഹിഷ്‌കരണം നേരിട്ട മാസമായിരുന്നു ഡിസംബര്‍. ഈ വിപരീത സാഹചര്യങ്ങളെ അതിജീവിച്ച്് വരുംവര്‍ഷം മേഖലയിലെ ഓണ്‍ലൈന്‍ കമ്പനികള്‍ വന്‍ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ജെഫ്രീസ് ഇന്ത്യ. മെയ്ക്‌മൈട്രിപ്പില്‍ 22 ശതമാനം മൊത്ത വരുമാന വളര്‍ച്ചയും യാത്രയില്‍ 16 ശതമാനം മൊത്ത വരുമാന വളര്‍ച്ചയുമാണ് വരുംവര്‍ഷം പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: Tech