ദക്ഷിണധ്രുവത്തിലെ ഇന്ത്യന്‍ വിജയഗാഥ

ദക്ഷിണധ്രുവത്തിലെ ഇന്ത്യന്‍ വിജയഗാഥ

മുപ്പത്തേഴു വര്‍ഷം മുന്‍പ് ഇന്ത്യയുടെ പര്യവേഷക സംഘം ചരിത്രത്തിലേക്ക് കാലുകുത്തിയ ദിനമാണിന്ന്. മഞ്ഞു മൂടിയ ദക്ഷിണധ്രുവത്തിലെ അന്റാട്ടിക്കന്‍ ഭൂഖണ്ഡത്തില്‍ ഇന്ത്യന്‍ ദൗത്യവാഹകര്‍ എത്തിയത് 1982 ജനുവരി ഒന്‍പതിനാണ്. ഭൂതകാലത്തിന്റെ രഹസ്യച്ചുരുളുകളഴിക്കാനും ലോകത്തെ ഭീഷണിപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മനസിലാക്കാനും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് അന്റാര്‍ട്ടിക്കയിലെ പര്യവേഷണങ്ങള്‍. മൂന്നര പതിറ്റാണ്ട് കൊണ്ട് മൂന്ന് ഗവേഷണ കേന്ദ്രങ്ങള്‍ ഇന്ത്യ അന്റാര്‍ട്ടിക്കയില്‍ സ്ഥാപിച്ചു കഴിഞ്ഞു.

നിഗൂഢതകളെ മഞ്ഞിന്റെ ആവരണമിട്ടു മൂടിയ അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തെ അടുത്തറിയാനുള്ള ഇന്ത്യയുടെ ആഗ്രഹങ്ങള്‍ക്ക് ഗതിവേഗം ലഭിച്ചത് 1981 ല്‍ ആണ്. പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയുടെ മുന്‍ ഡയറക്റ്ററുമായിരുന്ന ഡോ. എസ് സെഡ് കാസിമിന്റെ നേതൃത്വത്തില്‍ 21 അംഗ പര്യവേഷണ സംഘത്തെയാണ് 98 ശതമാനവും മഞ്ഞിനാല്‍ മൂടിയ ഭൂഖണ്ഡത്തെക്കുറിച്ച് പഠിക്കാനും ഇന്ത്യയുടെ സ്ഥിരം സംവിധാനം അവിടെ സ്ഥാപിക്കാനുള്ള സാധ്യതകള്‍ തോടാനുമായി തെരഞ്ഞെടുത്തത്. അതേ വര്‍ഷം ഡിസംബര്‍ ആറിന് എംവി പോളാര്‍ എന്ന കപ്പലില്‍ ഗോവയില്‍ നിന്ന് സംഘം യാത്ര തിരിച്ചു. വലിയ വെല്ലുവിളികളായിരുന്നു അന്റാര്‍ട്ടിക്കയില്‍ എവരെ കാത്തിരുന്നത്. 1982 ജനുവരി ഒന്‍പതാം തിയതി അവര്‍ മഞ്ഞിന്റെ നാട്ടില്‍ കപ്പലിറങ്ങി.

1971-73 കാലത്ത് സോവിയറ്് യൂണിയന്‍ നടത്തിയ പതിനേഴാമത് അന്റാര്‍ട്ടിക്ക പര്യവേഷണത്തിന്റെ ഭാഗമായ ഡോ. പരംജീത് സിംഗ് സെഹ്‌റയാണ് ആദ്യമായി അന്റാര്‍ട്ടിക്കയില്‍ കാലുകുത്തിയ ഇന്ത്യന്‍ പൗരന്‍. പര്യവേഷണം സ്വയം നിലയില്‍ നടത്താന്‍ സെഹ്‌റയുടെ അനുഭവങ്ങള്‍ ഇന്ത്യയെ പ്രേരിപ്പിച്ചു. ഡോ. കാസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ 77 ദിവസം നീണ്ട പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമായിരുന്നു. വലിയ മഞ്ഞുപാളികള്‍ ആഴത്തില്‍ തുരന്ന് ഉള്‍ക്കാമ്പെടുത്തുള്ള പരീക്ഷണങ്ങള്‍ക്കാണ് ഇന്ത്യ തുടക്കം കുറിച്ചത്. 1982 ഫെബ്രുവരി 21 ന് സംഘം ഗോവയില്‍ മടങ്ങിയെത്തിയതോടെ ഇന്ത്യന്‍ ശാസ്ത്രരംഗം മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കി.

ഭൂഖണ്ഡത്തിന്റെ ഉല്‍പ്പത്തി, പാരിസ്ഥിതിക ചരിത്രം, കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥാ പഠനം, കാലാവസ്ഥാ വൈവിധ്യം തുടങ്ങി നിരവധി വിഷയങ്ങളാണ് തുടര്‍ന്നുള്ള പര്യവേഷണങ്ങളില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പഠനത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടത്. അന്റാര്‍ട്ടിക്കയില്‍ 20 പുതിയ സൂക്ഷ്മാണുക്കളെ ഇന്ത്യന്‍ ഗവേഷകര്‍ കണ്ടെത്തി. ഭൂഖണ്ഡവുമായി ബന്ധപ്പെട്ട് 300 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. നാഷണല്‍ സെന്റര്‍ ഫോര്‍ അന്റാര്‍ട്ടിക് ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച്, ഭൗമശാസ്ത്ര മന്ത്രാലയം, ഭാരത സര്‍ക്കാര്‍ എന്നിവ സംയുക്തമായാണ് ഇന്ത്യന്‍ അന്റാര്‍ട്ടിക് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത്. 35 ശാസ്ത്രീയ പര്യവേഷണങ്ങള്‍ ഇന്ത്യ ഇതിനകം അന്റാര്‍ട്ടിക്കയില്‍ നടത്തിക്കഴിഞ്ഞു.

അന്റാര്‍ട്ടിക് പര്യവേഷണത്തിന് പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ട് ആദ്യ സയന്റിഫിക് റിസര്‍ച്ച് സ്റ്റേഷനായ ദക്ഷിണ്‍ ഗംഗോത്രി 1983 നവംബര്‍ അവസാനമാണ് ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യസംഘം നിര്‍മിക്കാനാരംഭിച്ചത്. ദക്ഷിണ ധ്രുവത്തില്‍ നിന്നും 2,500 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. 81 അംഗ സംഘം എട്ട് ആഴ്ചകള്‍ പണിപ്പെട്ടാണ് ദക്ഷിണ്‍ ഗംഗോത്രി സ്ഥാപിച്ചത്. ഇന്ത്യന്‍ സേനയുടെയും കൂടി സഹായത്തോടെ 1984 ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തിയായി. ഇതേവര്‍ഷം ജനുവരി 26ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സ്റ്റേഷനില്‍ വച്ച് ആഘോഷിച്ചപ്പോള്‍ സോവിയറ്റ് യൂണിയനിലെയും ജര്‍മനിയിലെയും ഗവേഷകരും പങ്കുചേര്‍ന്നു.

കനത്ത മഞ്ഞുവീഴ്ചയില്‍ ഗംഗോത്രി ക്യാംപ് മൂടിപ്പോയതിനെ തുടര്‍ന്ന് 1988 ല്‍ ഷ്രിമാചര്‍ മരുപ്പച്ച പ്രദേശത്ത് ഇന്ത്യ മൈത്രി എന്ന സ്റ്റേഷന്‍ സ്ഥാപിച്ചു. സ്ഥിരം പര്യവേക്ഷണ കേന്ദ്രമായ മൈത്രിയാണ് ഇന്ന് ഇന്ത്യയുടെ അന്റാര്‍ട്ടിക് പ്രവേശന കവാടം. എല്ലാ വര്‍ഷവും ശീതകാലത്തും വേനല്‍ക്കാലത്തും ധ്രുവ മലനിരകളിലേക്ക് ഇന്ത്യല്‍ പര്യവേഷക സംഘങ്ങളെ ഇവിടെ നിന്ന് അയക്കുന്നുണ്ട്. 1989 ല്‍ ഇവിടെ ഇന്ത്യ സ്ഥാപിച്ചു. ഇതിനിടെ 1989 ല്‍ ഗംഗോത്രി ക്യാംപ് വീണ്ടും ഉത്ഖനനം ചെയ്‌തെടുക്കുകയും അവശ്യ സാധന വിതരണ കേന്ദ്രമായി ഉപയോഗിക്കാനും തുടങ്ങി.

2015 ല്‍ ഭാരതി എന്ന പേരില്‍ മൂന്നാമത്തെ അത്യാധുനിക ഗവേഷണ കേന്ദ്രവും ഇന്ത്യ അന്റാര്‍ട്ടിക്കയില്‍ സ്ഥാപിച്ചു. മേഖലയിലെ പര്യവേഷണങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന നടപടിയായിരുന്നു ഇത്. മൈത്രി സ്റ്റേഷനില്‍ നിന്ന് 3,000 കിലോമീറ്റര്‍ കിഴക്ക് ലാര്‍സ്മാന്‍ കുന്നിന് സമീപമാണ് വേനല്‍ക്കാലത്ത് 72 ആളുകള്‍ക്ക് വരെ തങ്ങാന്‍ സൗകര്യമുള്ള ബൃഹത്തായ ക്യാംപ് സ്ഥാപിച്ചത്. പുനസൃഷ്ടിച്ചെടുത്ത 134 കപ്പല്‍ കണ്ടെയ്‌നറുകള്‍ കൂട്ടിയിണക്കിയ സ്റ്റേഷന്‍ എപ്പോള്‍ വേണമെങ്കിലും ഇളക്കി നീക്കാവുന്ന വിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൗമചരിത്രമാണ് ഇവിടെ ഗവേഷകര്‍ അന്വേഷിക്കുന്നത്. ഗോണ്ട്വാനാലാന്‍ഡ് എന്നും വിളിക്കപ്പെട്ടിരുന്ന വമ്പന്‍ ഭൂഖണ്ഡമായ പാന്‍ജിയയുടെ ഭാഗമായിരുന്നു ഒരുകാലത്ത് ഇന്ത്യയും അന്റാര്‍ട്ടിക്കയും. ഈ പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ ഭൗമചരിത്രമാണ് ഭാരതിയില്‍ ഗവേഷകര്‍ തെരയുന്നത്.

ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ അന്റാര്‍ട്ടിക് ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചാണ് ഇന്ത്യയുടെ അന്റാര്‍ട്ടിക്കന്‍ ദൗത്യത്തെ നിയന്ത്രിക്കുന്നത്. സംഘടനയും സമുദ്ര വികസന വകുപ്പും ചേര്‍ന്നാണ് പര്യവേഷകരെ കണ്ടെത്തി തയാറാക്കുന്നത്. ഹിമാലയത്തിലെ ദുര്‍ഘട മേഖലകളിലും പ്രതികൂല കാലാവസ്ഥയിലും ഇവരെ പാര്‍പ്പിച്ച് അതിജീവന പരിശീലനവും പാരിസ്ഥിതിക ധാര്‍മികതയും സംഘ പ്രവര്‍ത്തനവുമെല്ലാം പകര്‍ന്നു നല്‍കിയാണ് ഇവരെ സജ്ജരാക്കുന്നത്. സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളാണ് പര്യവേഷണത്തിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നത്.

Comments

comments

Categories: FK Special, Slider
Tags: antartica