കൊറിയന്‍ കമ്പനിക്കായി പടനയിക്കാന്‍ ഹ്യുണ്ടായ് സ്റ്റിക്‌സ്

കൊറിയന്‍ കമ്പനിക്കായി പടനയിക്കാന്‍ ഹ്യുണ്ടായ് സ്റ്റിക്‌സ്

ഏപ്രില്‍ 17 ന് ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തും

ന്യൂഡെല്‍ഹി : ഹ്യുണ്ടായുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ സ്റ്റിക്‌സ് ഏപ്രില്‍ മാസത്തില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം നടത്തും. ഏപ്രില്‍ 17 ന് ന്യൂയോര്‍ക് ഓട്ടോ ഷോയിലാണ് വേള്‍ഡ് പ്രീമിയര്‍. കൊറിയന്‍ കമ്പനിയുടെ അടുത്ത വലിയ ഗ്ലോബല്‍ മോഡലാണ് സ്റ്റിക്‌സ്. 2016 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യകാല കണ്‍സെപ്റ്റായി ഹ്യുണ്ടായ് സ്റ്റിക്‌സിനെ കണ്ടിരുന്നു. അന്ന് പ്രദര്‍ശിപ്പിച്ച കാര്‍ലിനോ കണ്‍സെപ്റ്റില്‍നിന്നാണ് സ്റ്റിക്‌സ് ഉരുത്തിരിഞ്ഞത്. എന്നാല്‍ സ്റ്റൈലിംഗ് സംബന്ധിച്ച് രണ്ടും തമ്മില്‍ അജഗജാന്തരം കാണാം.

ഗ്രീക്ക് പുരാണത്തിലെ നദിയും ദേവതയുമാണ് സ്റ്റിക്‌സ്. സ്റ്റിക്‌സ് നദിയില്‍ മുങ്ങിക്കുളിച്ചതോടെയാണ് ഗ്രീക്ക് പുരാണത്തിലെ യുദ്ധ വീരനായ അക്കിലിസ് അഭേദ്യനായി, മുറിവേല്‍പ്പിക്കാന്‍ കഴിയാത്തവനായി മാറിയത്. അവസാനം കാലിന്റെ ഉപ്പൂറ്റിയില്‍ അമ്പ് തറച്ചാണ് അക്കിലിസ് മരണമടയുന്നത്. ഗ്ലോബല്‍ മോഡലിന്റെ പേര് ഹ്യുണ്ടായ് സ്റ്റിക്‌സ് എന്നായിരിക്കുമ്പോഴും, ചില വിപണികളില്‍ വ്യത്യസ്തമായ പേര് സ്വീകരിച്ചേക്കാം. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുകി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട്, വരാനിരിക്കുന്ന മഹീന്ദ്ര എക്‌സ്‌യുവി 300 എന്നീ പ്രഗല്‍ഭരെ വെല്ലുവിളിക്കുമ്പോള്‍ സ്റ്റിക്‌സ് എന്ന ഹ്യുണ്ടായുടെ വീരനായ പോരാളി അഭേദ്യനായി നിലകൊള്ളും.

ക്യുഎക്‌സ്‌ഐ എന്ന കോഡ്‌നാമം നല്‍കിയ സ്റ്റിക്‌സ് ഇന്ത്യയിലും വിദേശങ്ങളിലും പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തിയിരുന്നു. ഇന്ത്യയിലും തുര്‍ക്കിയിലും ദക്ഷിണ കൊറിയയിലുമായിരിക്കും ഹ്യുണ്ടായ് സ്റ്റിക്‌സ് നിര്‍മ്മിക്കുകയെന്ന് കരുതുന്നു. ഗ്രാന്‍ഡ് ഐ10, എക്‌സെന്റ് എന്നിവ നിര്‍മ്മിച്ച അതേ പ്ലാറ്റ്‌ഫോമാണ് സ്റ്റിക്‌സ് അടിസ്ഥാനമാക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ മുതല്‍ 1.5 ലിറ്റര്‍ ഡീസല്‍ വരെ വിവിധ എന്‍ജിന്‍ ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. ഗിയര്‍ബോക്‌സ് ഓപ്ഷനുകളും വ്യത്യസ്തമായിരിക്കും. യുഎസ് വിപണിയില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് നല്‍കുമെങ്കില്‍ ഇന്ത്യയില്‍ എഎംടി ആയിരിക്കും.

എയര്‍ബാഗുകള്‍, സണ്‍റൂഫ്, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോണമസ് ബ്രേക്കിംഗ് എന്നീ ഫീച്ചറുകള്‍ കൂടാതെ റിവേഴ്‌സ് സെന്‍സറുകള്‍ & കാമറ, കീലെസ് എന്‍ട്രി, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവ സെഗ്‌മെന്റില്‍ ഇതാദ്യമായി ഹ്യുണ്ടായ് സ്റ്റിക്‌സിലൂടെ സ്റ്റാന്‍ഡേഡായി ലഭിക്കും. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ് എന്നിവ സ്റ്റാന്‍ഡേഡ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. സ്റ്റബിലിറ്റി കണ്‍ട്രോള്‍ അഥവാ ഇഎസ്‌സി, ആക്റ്റിവ് ക്രൂസ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് അസിസ്റ്റന്‍സ് എന്നിവ ഓപ്ണലായിരിക്കും. അല്ലെങ്കില്‍ ടോപ് വേരിയന്റില്‍ മാത്രം ലഭ്യമാക്കും.

ന്യൂയോര്‍ക്കില്‍ അനാവരണം ചെയ്തശേഷം അധികം വൈകാതെ ഹ്യുണ്ടായ് സ്റ്റിക്‌സ് ഇന്ത്യയിലെത്തും. ഏപ്രില്‍ ആദ്യ വാരം പ്രീ-ബുക്കിംഗ് ആരംഭിക്കും. ഇന്ത്യയില്‍ ഐ20 യുടെയും ക്രെറ്റയുടെയും ഇടയിലായിരിക്കും പുതിയ ഹ്യുണ്ടായ് സ്റ്റിക്‌സിന് സ്ഥാനം. സ്വന്തം കുടുംബത്തിലെ വെര്‍ണ, ക്രെറ്റ എന്നീ മോഡലുകള്‍ക്കും ഒരുപക്ഷേ സ്റ്റിക്‌സ് ഭീഷണി ഉയര്‍ത്തും. പുതിയ മോഡല്‍ വിപണിയിലെത്തുന്നതോടെ ഇന്ത്യയിലും ആഗോളതലത്തിലും വില്‍പ്പന ഉഷാറാകുമെന്നാണ് ഹ്യുണ്ടായ് പ്രതീക്ഷിക്കുന്നത്. സ്റ്റിക്‌സിന്റെ ഇലക്ട്രിക് വേര്‍ഷന്‍ 2020 ല്‍ അരങ്ങേറുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഇന്ത്യയിലെത്താന്‍ വഴിയില്ല. ന്യൂയോര്‍ക് ഓട്ടോ ഷോ ഏപ്രില്‍ 28 വരെ നീണ്ടുനില്‍ക്കും.

Comments

comments

Categories: Auto
Tags: Hyundai styx