വരുന്നൂ, ഡിഐഎഫ്‌സി 2.0; ദുബായ് ഭരണാധികാരിയുടെ അംഗീകാരം ലഭിച്ചു

വരുന്നൂ, ഡിഐഎഫ്‌സി 2.0; ദുബായ് ഭരണാധികാരിയുടെ അംഗീകാരം ലഭിച്ചു

ദുബായ് ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ സെന്ററിന്റെ വികസന പദ്ധതിക്ക് ഷേഖ് മുഹമ്മദിന്റെ അംഗീകാരം

ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ സെന്ററിന്റെ (ഡിഐഎഫ്‌സി) വളര്‍ച്ചയുടെ ചരിത്രത്തിലെ പുതിയ അധ്യായത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അംഗീകാരം. ഡിഐഎഫ്‌സി 2.0 എന്ന പേരിലാണ് വികസന പദ്ധതി നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയാണ് ദുബായിലെ ആഗോള ധനകാര്യ ഹബ്ബ് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി 13 ദശലക്ഷം സ്‌ക്വയര്‍ ഫീറ്റ് സ്‌പേസ് കൂടി ഡിഐഎഫ്‌സി കൂട്ടിച്ചേര്‍ക്കും. ബിസിനസ് സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ ഇത് നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. ഡിഐഎഫ്‌സി ഗവര്‍ണര്‍ ഇസാ ഖാസിം വികസന പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ഷേഖ് മുഹമ്മദിന് മുന്നില്‍ അവതരിപ്പിച്ചു. ഫിന്‍ടെക് ഇന്നൊവേഷന്‍ രംഗത്തെ ആഗോള ശ്രദ്ധാ കേന്ദ്രമായി ഡിഐഎഫ്‌സിയെ മാറ്റാന്‍ പ്രാപ്തിയുള്ളതാണ് വികസന മാര്‍ഗരേഖ. ലേകത്തിലെ ഏറ്റവും അത്യാധുനിക ധനകാര്യ കേന്ദ്രങ്ങളിലൊന്നായി ഡിഐഎഫ്‌സിയെ പരിവര്‍ത്തനപ്പെടുത്തുന്നതിനാണ് ദുബായ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഉടന്‍ തന്നെ വികസന പദ്ധതികളുടെ നിര്‍മാണം ആരംഭിക്കുമെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വികസനപദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഓഫീസ് സ്‌പേസ് മാത്രം 6.4 മില്ല്യണ്‍ ചതുരശ്രയടിയുണ്ടാകും. ക്രിയേറ്റിവ് സ്‌പേസായി നീക്കിവെച്ചിരിക്കുന്നത് 2.6 ദശലക്ഷം ചതുരശ്രയടിയാണ്. റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ക്കായി നീക്കിവെക്കുന്നതാകട്ടെ 1.5 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റും. റീട്ടെയ്ല്‍ സ്‌പേസായി 1.3 മില്ല്യണ്‍ ചതുരശ്രയടിയും എന്റര്‍ടെയ്ന്‍മെന്റ് സ്‌പേസായി 700,000 ചതുരശ്രയടിയും നീക്കിവെച്ചിട്ടുണ്ട്.

ഇതിനോടൊപ്പം 400,000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു ഫൈനാന്‍ഷ്യല്‍ കാംപസും വരുന്നുണ്ട്. പുതിയ പദ്ധതി പ്രകാരം കാര്‍ പാര്‍ക്കിംഗിന് മാത്രമായി നീക്കിവെച്ചിരിക്കുന്നത് 3.5 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റാണ്.

ലോകത്തെ വളരെ പ്രധാനപ്പെട്ട സാമ്പത്തിക, വാണിജ്യ ഹബ്ബായി ദുബായിയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ പദ്ധതികളെന്ന് ഷേഖ് മുഹമ്മദ് പറഞ്ഞു. ധനകാര്യ മേഖലയുടെ വളര്‍ച്ച സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ദുബായിയുടെ സാമ്പത്തിക ഭാവിയെ നിര്‍വചിക്കുന്നത് അതാണെന്നും ദുബായ് ഭരണാധികാരി വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് ദുബായിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനശിലകളിലൊന്നാണ് ധനകാര്യമേഖലയെന്നും ഷേഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ലോകസമ്പദ് വ്യവസ്ഥയെ നിര്‍വചിക്കുന്ന തരത്തിലേക്ക് ദുബായിയെ മാറ്റാനാണ് ഭരണാധികാരികളുടെ ശ്രമം. അതില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് ഡിഐഎഫ്‌സി വഹിക്കുന്നത്. നിലവില്‍ 22,000 പ്രൊഫഷണലുകളാണ് 2,000ത്തോളം കമ്പനികളിലായി ഡിഐഎഫ്‌സിയില്‍ ജോലിയെടുക്കുന്നത്.

2004ലാണ് പ്രത്യേക സാമ്പത്തിക മേഖലയെന്ന തലത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. തീര്‍ത്തും സ്വതന്ത്ര സ്വഭാവത്തിലുള്ള സംവിധാനമാണ് നിലവിലുള്ളത്. ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നികുതി ഇളവുകള്‍ ഉള്‍പ്പടെ നിരവധി ഗുണങ്ങളുണ്ട്. തദ്ദേശീയ പങ്കാളിയില്ലാതെ തന്നെ സംരംഭങ്ങള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം ഡിഐഎഫ്‌സിയില്‍ ലഭിക്കും. കോര്‍പ്പറേറ്റ് വരുമാനത്തിനും ലാഭത്തിനും നികുതിയില്ല എന്നതും ശ്രദ്ധേയമാണ്. സ്വതന്ത്ര നിയന്ത്രണ സംവിധാനം, പൊതു നിയമ ചട്ടക്കൂടുകള്‍, കേന്ദ്രീകൃത പ്രവര്‍ത്തന സംവിധാനങ്ങള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് കമ്പനികള്‍ക്കുള്ളത്.

Comments

comments

Categories: FK News