സാഹിത്യോല്‍സവങ്ങളും പുസ്തകപ്രകാശനങ്ങളും – സമ്പന്നം ജനുവരി

സാഹിത്യോല്‍സവങ്ങളും പുസ്തകപ്രകാശനങ്ങളും – സമ്പന്നം ജനുവരി

അകം നിറയെ അക്ഷരപ്രേമം പേറുന്ന സാഹിത്യലോകത്തെ സംബന്ധിച്ചെടുത്തോളം വര്‍ഷങ്ങള്‍ പോകുന്നതുപോലുമറിയാതെ പുസ്തകങ്ങളിലൂടെയും സാഹിത്യോല്‍സവങ്ങളിലൂടെയുമുള്ള യാത്ര അവര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. കേരള സാഹിത്യോല്‍സവത്തോടെ ആരംഭിക്കുന്ന സാഹിത്യോല്‍സവങ്ങളും ഒരുപിടി നല്ല പുസ്തകങ്ങളുമാണ് പുതുവര്‍ഷം സാഹിത്യലോകത്തിന് കരുതിവച്ചിട്ടുള്ളത്.

ഓണ്‍ ലീഡേഴ്‌സ് ആന്‍ഡ് ഐകണ്‍സ് ഫ്രം ജിന്ന ടു മോദി

നാലു പതിറ്റാണ്ടിലധികം വരുന്ന ഇന്ത്യയുടെ രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തെ അനുഭവജ്ഞാനമുള്ള പത്രപ്രവര്‍ത്തകന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ഓണ്‍ ലീഡേഴ്‌സ് ആന്‍ഡ് ഐകണ്‍സ് ഫ്രം ജിന്ന ടു മോദി എന്ന പുസ്തകമാണ് ജനുവരിയില്‍ വായനാലോകം ഏറെ അവേശത്തോടെ കാത്തിരിക്കുന്ന പുസ്തകങ്ങളിലൊന്ന്. കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരുടെ അവസാനത്തെ രചനയാണിത്. നേരിന്റെ കയ്യൊപ്പോടെ അദ്ദേഹം നടത്തുന്ന ഈ വിവരണം തന്റെ പത്രപ്രവര്‍ത്തകജീവിതത്തിലെ അനുഭവങ്ങളിലേക്കുള്ള തിരിച്ചുനടത്തമാണ്. മഹാത്മാഗാന്ധി, മുഹമ്മദലി ജിന്ന, ഷേഖ് മുജിബുര്‍ റഹ്മാന്‍ മുതല്‍ പ്രധാനമന്ത്രിമാരായ ലാല്‍ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ദി , നരേന്ദ്രമോദി വരെയുള്ള ഇന്ത്യയുടെ സ്വാതന്ത്ര പൂര്‍വ്വ, സ്വാതന്ത്രാനന്തര കാലഘട്ടങ്ങളെ പാകപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സ്ത്രീ-പുരുഷന്മാരായ വ്യക്തികളുമായുള്ള തന്റെ അനുഭവങ്ങള്‍ പുസ്തകത്തിലൂടെ നയ്യാര്‍ വായനക്കാരുമായി പങ്കുവെക്കുന്നു.1945ല്‍ ലാഹോറില്‍ നിയമവിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് മുഹമ്മദലി ജിന്നയുമായി നയ്യാര്‍ നടത്തിയ കൂടിക്കാഴ്ചയും പുസ്തകത്തില്‍ ഇടം നേടിയിട്ടുണ്ട്. തന്റെ ചെറുപ്രായത്തില്‍ തന്നെ ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തോട് കലഹിക്കാന്‍ അദ്ദേഹം ഭയപ്പെട്ടില്ല. ഇന്ത്യയും അയല്‍രാജ്യവും തമ്മിലുള്ള അകല്‍ച്ചയും ഭിന്നിപ്പും വര്‍ധിക്കാന്‍ ഈ ആശയം ഇടയാക്കുമെന്നതായിരുന്നു നയ്യാര്‍ മുന്നോട്ട് വച്ച വാദം. വര്‍ണവിവേചനത്തിനെതിരെ പോരാടിയ ദക്ഷിണാഫ്രിക്കയുടെ കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയോട് 21 വര്‍ഷം എങ്ങനെ ജയിലില്‍ കഴിച്ചുകൂട്ടി എന്ന ചോദ്യമാണ് നയ്യാര്‍ ഉന്നയിച്ചത്. കേപ്ടൗണിലെ വെളിച്ചം ഒരു ദിവസം ദക്ഷിണാഫ്രിക്ക ഇരുട്ടില്‍ നിന്നും പുറത്ത് കടക്കുമെന്ന് ചിന്തിക്കാന്‍ തന്നെയെന്നും പ്രേരിപ്പിച്ചിരുന്നു എന്നതായിരുന്നു മണ്ടേലയുടെ മറുപടി. ഇങ്ങനെ വായനക്കാരില്‍ താത്പര്യമുണര്‍ത്തുന്ന ഒട്ടേറെ അനുഭവങ്ങളുടെ പുസ്തകരൂപമാണ് നയ്യാരുടെ ഈ പുസ്തകമെന്ന് പ്രസാധകരായ സ്പീക്കിംഗ് ടൈഗര്‍ പറയുന്നു.

വി ആര്‍ ഡിസ്‌പ്ലേസ്ഡ്

അയാം മലാലയ്ക്ക് ശേഷം നൊബേല്‍ സമ്മാന ജേതാവും പാക്കിസ്താനിലെ സ്വാത് താഴ്‌വരയിലെ വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായ് രചിച്ച പുസ്തകമാണ് ‘വി ആര്‍ ഡിസ്‌പ്ലേസ്ഡ്; മൈ ജേര്‍ണി ആന്‍ഡ് സ്‌റ്റോറീസ് ഫ്രം റഫ്യൂജീ ഗേള്‍സ് എറൗണ്ട് ദി വേള്‍ഡ്. സ്വന്തം ഇടങ്ങളില്‍ നിന്ന് പറിച്ചെറിയപ്പെട്ട ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികളുടെ കഥയാണിത്. ലോകത്തെ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളിലൂടെ നടത്തിയ യാത്രകളില്‍ നിന്നും ലഭിച്ച അനുഭവങ്ങള്‍ സ്വന്തം പാലായനത്തെ പോലും പുനര്‍ചിന്തനത്തിന് വിധേമാക്കാന്‍ മലാലയെ പ്രേരിപ്പിച്ചതായി പുസ്തകത്തിന്റെ പ്രസാധകര്‍ പറയുന്നു. വളരെ ചെറുപ്രായത്തില്‍ പാക്കിസ്താനില്‍ നിന്നും പാലായനം ചെയ്യപ്പെട്ട മലാലയ്ക്ക് ഒരു സാമൂഹ്യപ്രവര്‍ത്തക എന്ന നിലയ്ക്ക് ലോകത്തെവിടെയും സഞ്ചരിക്കാമെങ്കിലും തനിക്കേറ്റവും പ്രിയപ്പെട്ട മാതൃരാജ്യം അന്യമാണ്. സ്വന്തം വീട്ടിലേക്ക് ഓടിയെത്താന്‍ വെമ്പല്‍ കൊള്ളുമ്പോഴും പുതിയ ചുറ്റുപാടുകളുമായി സമരസപ്പെട്ട് ജീവിക്കേണ്ടി വരുന്ന സ്വന്തം അവസ്ഥാവൃത്താന്തത്തെ കുറിച്ച് മാത്രമല്ല പല യാത്രകളിലും താന്‍ കണ്ടുമുട്ടിയ വീടും നാടും സമുദായവും എന്തിന് തങ്ങളുടേതു മാത്രമായ ഒരു ലോകം പോലും എന്നന്നേക്കുമായി നഷ്ടപ്പെട്ട് ജീവിക്കുന്ന പെണ്‍കുട്ടികളുടെ അവിശ്വസിനീയമായ അനുഭവകഥകളും ജീവിതവും മാലാലയുടെ പുസ്തകത്തില്‍ വായനക്കാരെ കാത്തിരിക്കുന്നുണ്ട്.

ദാവൂദ്‌സ് മെന്റര്‍

മുംബൈ അധോലോകത്തിലെ എതിരില്ലാത്ത രാജാവായി ദാവൂദ് ഇബ്രാഹിം മാറിയതെങ്ങനെ, ദാവൂദിന്റെ ഉപദേശകന്‍ ആരാണ് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ദാവൂദ്‌സ് മെന്റര്‍ എന്ന പുസ്തകം.

രാജ്യത്തെ നമ്പര്‍ വണ്‍ കുറ്റാന്വേഷണ എഴുത്തുകാരനും ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നിരവധി പുസ്തകങ്ങളുടെ കര്‍ത്താവുമായ എസ് ഹുസ്സൈന്‍ സെയ്ദിയുടെ ശ്രദ്ധേയമായ നോണ്‍ഫിക്ഷന്‍ പുസ്തമാണ് ദാവൂദ്‌സ് മെന്റര്‍; ദി മാന്‍ ഹു മെയ്ഡ് ഇന്ത്യാസ് ബിഗ്ഗസ്റ്റ് ഡോണ്‍. ഖാന്‍ ബച്ച എന്നറിയപ്പെടുന്ന ഖാലിദുമായുള്ള ദാവൂദിന്റെ കൂടിക്കാഴ്ചയെ കുറിച്ചും പിന്നീട് അവര്‍ തമ്മില്‍ ഉടലെടുത്ത അസാധാരണമായ സൗഹൃദത്തെ കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. തുടര്‍ന്ന് മുംബൈയിലെ എല്ലാ മാഫിയ സംഘങ്ങളെയും അവര്‍ ഒരുമിച്ച് തോല്‍പ്പിക്കുകയും തകര്‍ക്കുകയും നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ഡി-ഗാംഗിന് അടിത്തറയിട്ടത് ഖാലിദാണെങ്കില്‍ ആ കുറ്റവാളി സംഘടനയെ ഇന്നത്തെ അവസ്ഥയിലേക്ക് വളര്‍ത്തി ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനലുകളിലൊരായി മാറുകയായിരുന്നു ദാവൂദ് .

തിങ്കിംഗ് എലൗഡ്

പ്രസൂണ്‍ ജോഷിയുടെ തിങ്കിംഗ് എലൗഡ്: റിഫഌക്ഷന്‍ ഓണ്‍ ഇന്ത്യ എന്ന പുസ്തകവും ജനുവരിയില്‍ വായനാലോകത്തെ തേടിയെത്തും. പരസ്യനിര്‍മാതാവും ഗാനരചയിതാവും ആയ ഒരു വ്യക്തിയുടെ മനസില്‍ അലയടിക്കുന്ന സങ്കീര്‍ണ്ണതകളാണ് പുസ്തകത്തില്‍ വിവരിക്കുന്നത്.. പുസ്തകത്തില്‍ തന്റെ ചിന്തകളെ നാല് ഭാഗങ്ങളായാണ് പ്രസൂണ്‍ വേര്‍തിരിച്ചിരിക്കുന്നത്. ഓരോന്നും ഓരോ പ്രത്യേക വിഷയങ്ങളെ വിശകലനം ചെയ്യുന്നു. ഇവയെല്ലാം പൊതുവായ ഒരു ചരടില്‍ കോര്‍ത്തിണക്കിയിരിക്കുന്നു.

Comments

comments

Categories: FK News
Tags: Books