ബലൂച് പ്രക്ഷോഭം; ചൈനയുടെ ‘ബെല്‍റ്റ് റോഡ്’ കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ബലൂച് പ്രക്ഷോഭം; ചൈനയുടെ ‘ബെല്‍റ്റ് റോഡ്’ കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ക്വറ്റ: ചൈനയുടെ ”ബെല്‍റ്റ് റോഡ്’ പദ്ധതിക്കെതിരെ ബലൂചിസ്ഥാന്‍ പ്രക്ഷോഭകര്‍ രംഗത്ത്. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്താണ് പ്രോജക്റ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ഇതോടെ പദ്ധതി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുക. സ്വതന്ത്ര ബലൂചിസ്ഥാനുവേണ്ടി വാദിക്കുന്ന ഈ പ്രക്ഷോഭകര്‍ക്കെതിരെ അതിക്രൂരമായ അടിച്ചമര്‍ത്തലാണ് മേഖലയില്‍ അധികൃതര്‍ നടത്തുന്നത്. ലോകത്തെതന്നെ നാണിപ്പിക്കുന്ന പീഡനങ്ങളും ഇവിടെ അരങ്ങേറുന്നു. ഈ അവസരത്തിലാണ് ചൈനയുടെ പദ്ധതി പാക്കിസ്ഥാനിലെ അസ്വസ്ഥബാധിത പ്രദേശങ്ങളിലൂടെ ആരംഭിക്കുന്നത്. ഇതിന് സുരക്ഷ നല്‍കേണ്ടത് പാക്കിസ്ഥാന്‍ആയതിനാല്‍ പ്രക്ഷോഭകര്‍ക്കെതിരെ വ്യാപകമായ ആക്രമണം അധികൃതര്‍ അഴിച്ചുവിട്ടു. രണ്ടാഴ്ച മുമ്പ് ബലൂച് ലിബറേഷന്‍ ആര്‍മിയുടെ മേധാവി അസ്ലം ബലൂച് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇത് പ്രക്ഷോഭത്തെ തളര്‍ത്തില്ലെന്നും പ്രക്ഷോഭം തുടരുമെന്നും സംഘടനയുടെ വക്താവ് ജിയാന്ദ് ബലൂച് പ്രതികരിച്ചു. ബലൂചിസ്ഥാനിലെ വിഭവങ്ങള്‍ ചൈന ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബലൂച് പ്രക്ഷോഭകരെ ഇന്ത്യയും പിന്തുണയ്ക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനിലെ തെക്കന്‍ നഗരമായ കാണ്ഡഹാറില്‍ കഴിഞ്ഞമാസം 25 നാണ് ബലൂച് കമാന്‍ഡര്‍ അസ്ലം ബലൂചും മറ്റ് അഞ്ച് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടത്. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ബലൂച് വിമതരുടെ നേതൃത്വത്തിനെതിരെ നടന്ന ഏറ്റവും ഭീകരമായ കടന്നാക്രമണങ്ങളിലൊന്നായിരുന്നു ഇത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മുന്‍ മന്ത്രി സര്‍ഫ്രാസ് ബുഗ്തി, അതേ ദിവസം പാക്കിസ്ഥാനുള്ള ഗംഭീര വാര്‍ത്ത ട്വീറ്റ് ചെയ്തിരുന്നു. ബലൂച് ലിബറേഷന്‍ ആര്‍മിയുടെ കമാന്‍ഡര്‍ കൊല്ലപ്പെട്ട വാര്‍ത്തയെ പാക്കിസ്ഥാനിലെ ചൈനീസ് ഉപസ്ഥാനപതി ലിജിയാന്‍ ഷാവോയും സ്വാഗതം ചെയ്തു.

2004 ലും 2006 ലും കഴിഞ്ഞ വര്‍ഷവും ബലൂച് പ്രക്ഷോഭകര്‍ ചൈനീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. കോസ്‌കോ ഷിപ്പിംഗ് ലൈന്‍സിലെ ജനറല്‍ മാനേജര്‍ കൊല്ലപ്പെടുകയുമുണ്ടായി. കഴിഞ്ഞ ഓഗസറ്റില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ മൂന്നു ചൈനീസ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബലൂചിസ്ഥാനില്‍ ചൈനക്കെതിരെ നടന്ന ആദ്യ ചാവേര്‍ ബോംബാക്രമണമായിരുന്നു ഇത്. ആക്രമണമുണ്ടായത് 62 ബില്യണ്‍ ഡോളര്‍ മുടക്കുന്ന ചൈന-പാക്കിസ്ഥാന്‍ ഇക്കോണമിക് കോറിഡോറിന്റെ ഹൃദയഭാഗത്താണ്.

ബലൂചിസ്ഥാനില്‍നിന്ന്് പിന്മാറാനും തങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നത് നിര്‍ത്താനും ചൈനക്ക് മുന്നറിയിപ്പ് നല്‍കാനാണ് ആക്രമണം നടത്തിയതെന്ന് ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ഭാഷ്യം. ബലൂച് സംഘടനയുടെ നേതാവിന്റെ മരണം സംഭവിച്ചതിന് ശേഷം ബലൂചിസ്ഥാനില്‍ പാക്‌സുരക്ഷാ സേനക്കെതിരെ ഈ മാസം ആദ്യ ആഴ്ചയില്‍തന്നെ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ഈ അക്രമസക്തമായ പ്രതിഷേധത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

അസ്ലം ബലോചിന്റെ മരണത്തോടെ മേഖലയില്‍ സമാധാനം കൈവരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത് പ്രതിഷേധക്കാരുടെ ശൃംഖലകളെ ദുര്‍ബലപ്പെടുത്തുമെന്നും ഭാവിയില്‍ ആക്രമണ ഭീഷണി പൂര്‍ണമായും ഇല്ലാതാകുമെന്നുമാണ് വിലയിരുത്തല്‍. മേഖലയില്‍ ചൈനീസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ അസ്ലം ബലോചിന്റെ മരണ ശേഷവും പ്രതിഷേധങ്ങള്‍ കനക്കുന്നത് പക്കിസ്ഥാനും ചൈനയ്ക്കും ഒരുപോലെ വെല്ലുവിളിയാണ്.

Comments

comments

Categories: FK News

Related Articles