ട്വിറ്ററില്‍ ഏറ്റവുമധികം റീ ട്വീറ്റ് ചെയ്ത സന്ദേശം പോസ്റ്റ് ചെയ്ത് ജപ്പാന്‍ കോടീശ്വരന്‍ ചരിത്രം കുറിച്ചു

ട്വിറ്ററില്‍ ഏറ്റവുമധികം റീ ട്വീറ്റ് ചെയ്ത സന്ദേശം പോസ്റ്റ് ചെയ്ത് ജപ്പാന്‍ കോടീശ്വരന്‍ ചരിത്രം കുറിച്ചു

ടോക്യോ: ട്വിറ്ററിന്റെ 13 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം റീട്വീറ്റ് ചെയ്ത സന്ദേശം പോസ്റ്റ് ചെയ്തതിന് റെക്കോര്‍ഡ് ബുക്കില്‍ ജാപ്പനീസ് കോടീശ്വരന്‍ യൂസാകു മെസാവ സ്ഥാനം പിടിച്ചു. ജപ്പാനിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ സോസോ ടൗണിന്റെ (Zozotown) സ്ഥാപകനും സിഇഒയുമാണു യൂസാകു മെസാവ. ഫോബ്‌സിന്റെ കണക്ക്പ്രകാരം, ജപ്പാനിലെ 18-ാമത്തെ വലിയ ധനികനും മൂന്ന് ബില്യന്‍ ഡോളറിന്റെ ആസ്തിയുമുള്ള വ്യക്തിയാണ് 43-കാരനായ യൂസാകു മെസാവ.

എലോണ്‍ മസ്‌ക്കിന്റെ സ്വപ്‌നപദ്ധതിയായ 2023-ലെ ചാന്ദ്രദൗത്യത്തിലെ ആദ്യ യാത്രക്കാരനായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു. മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്എക്‌സ് വികസിപ്പിച്ച ബിഎഫ്ആര്‍ എന്ന ശൂന്യാകാശ വാഹനത്തിലായിരിക്കും ചാന്ദ്രദൗത്യം. ഈ ദൗത്യം വിജയകരമാവുകയാണെങ്കില്‍ ആദ്യമായി ചന്ദ്രനില്‍ യാത്ര ചെയ്ത സ്വകാര്യ യാത്രികനെന്ന ഖ്യാതിയായിരിക്കും യൂസാകുവിന് കൈവരിക.
ഏറ്റവുമധികം റീട്വീറ്റ് ചെയ്ത ട്വീറ്റിന്റെ ഉടമ എന്ന നിലയില്‍ യൂസാകു മെസാവയുടെ സ്ഥാപനമായ സോസാ ടൗണ്‍, യൂസാകുവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത 100 ഭാഗ്യവാന്മാര്‍ക്ക് എല്ലാവര്‍ക്കും മൊത്തം 100 ദശലക്ഷം യെന്‍ (9,20,000 ഡോളര്‍) സമ്മാനമായി നല്‍കുമെന്ന് അറിയിച്ചു. യൂസാകുവിന്റെ ചരിത്രമായ ട്വീറ്റ് ഇതിനോടകം 3.8 ദശലക്ഷം(38 ലക്ഷം) തവണ റീട്വീറ്റ് ചെയ്തു കഴിഞ്ഞു.9,00,000 ലൈക്കുകളും ലഭിച്ചു.

‘ ഏറ്റവും വേഗത്തില്‍ 10 ബില്യന്‍ യെന്നിന്റെ വരുമാനം കൈവരിച്ചത് സോസോടൗണിന്റെ പുതുവര്‍ഷ വില്‍പ്പനയിലൂടെയാണെന്ന് ‘ യൂസാകു ട്വിറ്ററില്‍ കുറിച്ചു. ഇതിനു നന്ദി അറിയിക്കുന്നതിനായി, ഞാന്‍ വ്യക്തിപരമായി ഈ പോസ്റ്റ് റീ ട്വീറ്റ് ചെയ്യുന്ന 100 റാന്‍ഡം യൂസര്‍മാര്‍ക്ക് (random user) 100 മില്യന്‍ യെന്‍ സമ്മാനമായി നല്‍കുമെന്ന് അറിയിച്ചു കൊണ്ട് യൂസാകു ഈ മാസം അഞ്ചിന് ട്വീറ്റ് ചെയ്തു.സമ്മാനം ലഭിക്കാന്‍ എല്ലാവരും ചെയ്യേണ്ടത് ഇത്രമാത്രം. എന്നെ ഫോളോ ചെയ്യുക, ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്യുക. അത്രമാത്രം.’ ഇതായിരുന്നു യൂസാകുവിന്റെ ട്വീറ്റ്. അപ്രതീക്ഷിതമെന്നു പറയട്ടെ, നിരവധി പേര്‍ യൂസാകുവിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു. അതോടെ അദ്ദേഹം ചരിത്രത്തിലിടം നേടുകയും ചെയ്തു. യൂസാകുവിനു മുന്‍പ് ഈ റെക്കോര്‍ഡ് യുഎസിലെ നെവാഡയിലുള്ള ഒരു കൗമാരക്കാരനായ കാര്‍ട്ടര്‍ വില്‍ക്കിന്‍സണിന്റെ പേരിലായിരുന്നു.

Comments

comments

Categories: World
Tags: Japan