അമേരിക്കയില്‍ സമഗ്രാധിപത്യത്തിന് ടെസ്‌ല

അമേരിക്കയില്‍ സമഗ്രാധിപത്യത്തിന് ടെസ്‌ല

യുഎസ്സിലെ ഏറ്റവും വലിയ പ്രീമിയം ഓട്ടോമോട്ടീവ് കമ്പനിയാകും

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ: അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയെ സംബന്ധിച്ചിടത്തോളം ഓര്‍ക്കാനിഷ്ടപ്പെടുന്ന വര്‍ഷമായിരിക്കില്ല 2018. കഴിഞ്ഞ വര്‍ഷം നിരവധി വെല്ലുവിളികളാണ് കമ്പനി അഭിമുഖീകരിച്ചത്. ഉല്‍പ്പാദനം മന്ദഗതിയിലായതോടെ മോഡല്‍ 3 യുടെ ഡെലിവറി താമസിച്ചതും ഇലോണ്‍ മസ്‌ക്കിന്റെ ട്വീറ്റുകളെതുടര്‍ന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍നിന്ന് ടെസ്‌ലയും മസ്‌ക്കും പിഴശിക്ഷ ഏറ്റുവാങ്ങിയതും 2018 ലാണ്. ടെസ്‌ല സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇലോണ്‍ മസ്‌ക് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുകയും ചെയ്തു.

എന്നാല്‍ വര്‍ഷാന്ത്യ കണക്കെടുപ്പില്‍ അവസാന ചിരി ടെസ്‌ലയുടേതാണ്. അമേരിക്കയിലെ നമ്പര്‍ വണ്‍ പ്രീമിയം ഓട്ടോമോട്ടീവ് കമ്പനിയായി വളരുകയാണ് ടെസ്‌ല. ലെക്‌സസ്, ഇന്‍ഫിനിറ്റി, അക്യൂറ തുടങ്ങി മറ്റ് മിക്ക പ്രീമിയം കാര്‍ നിര്‍മ്മാതാക്കളേക്കാള്‍ കൂടുതല്‍ വില്‍പ്പന നടത്താന്‍ ടെസ്‌ലയ്ക്ക് സാധിച്ചു. അതേസമയം മെഴ്‌സേഡീസ് ബെന്‍സ്, ബിഎംഡബ്ല്യു എന്നീ വാഹന നിര്‍മ്മാതാക്കള്‍ക്ക് പിന്നിലാണ്. കേവലം ആയിരക്കണക്കിന് യൂണിറ്റുകള്‍ക്ക് മാത്രം പിന്നില്‍.

2018 കലണ്ടര്‍ വര്‍ഷത്തിലെ നാലാം പാദത്തില്‍ ടെസ്‌ല ആഗോളതലത്തില്‍ വിറ്റത് 90,000 ലധികം വാഹനങ്ങളാണ്. മുന്‍ സാമ്പത്തിക പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 8 ശതമാനം വളര്‍ച്ച. അമേരിക്കയില്‍ മാത്രം 77,000 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. അതേസമയം നാലാം പാദത്തില്‍ ബിഎംഡബ്ല്യു അമേരിക്കയില്‍ വിറ്റത് 80,000 യൂണിറ്റ് വാഹനങ്ങള്‍. കാനഡ, യൂറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് ടെസ്‌ല 13,000 വാഹനങ്ങള്‍ വിറ്റത്.

2018 കലണ്ടര്‍ വര്‍ഷത്തില്‍ 2,45,000 യൂണിറ്റിലധികം കാറുകളാണ് ടെസ്‌ല വിറ്റത്. 1,45,846 യൂണിറ്റ് മോഡല്‍ 3 വിറ്റപ്പോള്‍ 99,394 യൂണിറ്റ് മോഡല്‍ എസ്, മോഡല്‍ എക്‌സ് കാറുകള്‍ വിറ്റുപോയി. ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ടെസ്‌ല കാറാണ് മോഡല്‍ 3. അമേരിക്കയില്‍ മാത്രമല്ല, ആഗോള വിപണികളിലും മോഡല്‍ 3 കാറിന് ആവശ്യക്കാര്‍ ഏറെയാണ്. വെയ്റ്റിംഗ് പിരീഡ് കുറയ്ക്കുന്നതിന് മോഡല്‍ 3 യുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചതും ഇതുകൊണ്ടാണ്. ഡിമാന്‍ഡ് അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സാധിച്ചാല്‍, വില്‍പ്പന സംബന്ധിച്ച് ടെസ്‌ലയും എതിരാളികളും തമ്മിലുള്ള അന്തരം നന്നേ കുറയും. യുഎസ്സിലെ എല്ലാ ആഡംബര കാര്‍ നിര്‍മ്മാതാക്കളെയും കടത്തിവെട്ടി വിപണിയിലെ ലീഡറായി മാറാന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനിക്ക് കഴിയും.

Comments

comments

Categories: Auto
Tags: Tesla