സാങ്കേതികവിദ്യ തൊഴിലവസരങ്ങള്‍ അപഹരിക്കില്ല; പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും: നാരായണ മൂര്‍ത്തി

സാങ്കേതികവിദ്യ തൊഴിലവസരങ്ങള്‍ അപഹരിക്കില്ല; പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും: നാരായണ മൂര്‍ത്തി

സാങ്കേതികവിദ്യകളുടെ സ്വീകാര്യത തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കും

ബെംഗളൂരു: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എൈ), മെഷീന്‍ ലേണിംഗ് തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നതിന് പകരം ഭാവിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇന്‍ഫോസിസ് സഹ-സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. കഠിനവും വിരസവുമായ ജോലിയില്‍ നിന്നും മനുഷ്യരുടെ സഹായം കൂടുതല്‍ ആവശ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത ജോലികളിലേക്ക് മാറാനുള്ള അവസരങ്ങളാണ് സാങ്കേതികവിദ്യകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കംപ്യൂട്ടര്‍ സയന്‍സസിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലയിലൊന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. എഐ, മെഷീന്‍ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) എന്നീ സാങ്കേതികവിദ്യകള്‍ മനുഷ്യ ജീവിതം കൂടുതല്‍ സുഖകരമാക്കുമെന്നാണ് മൂര്‍ത്തി പറയുന്നത്. സാങ്കേതികവിദ്യയില്‍ ഒരുപടി മുന്നേ തന്നെ പര്യവേഷണം ആരംഭിച്ച യുഎസ്, യുകെ, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളെയും മൂര്‍ത്തി ഉദാഹരിച്ചു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ തൊഴിലില്ലായ്മ നിരക്ക് ഒറ്റ അക്കത്തിലേക്ക് ചുരുക്കാന്‍ യുഎസ്, യുകെ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 50 വര്‍ഷകാലത്തെ ലോകത്തിന്റെ സാമ്പത്തിക ചരിത്രം പരിശോധിച്ചാല്‍, സാങ്കേതികവിദ്യയെ കൂടുതല്‍ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള രാഷ്ട്രങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറയ്ക്കാനായിട്ടുണ്ടെന്ന് വ്യക്തമാകുമെന്നും മൂര്‍ത്തി ചൂണ്ടിക്കാട്ടി.

സാങ്കേതികവിദ്യ മനുഷ്യജീവിതം അനായാസകരമാക്കിയതിന്റെ ഏറ്റവും വലിയ ഉദാഹരണം എടിഎമ്മുകളാണെന്നും മൂര്‍ത്തി പറഞ്ഞു. സാങ്കേതികവിദ്യ തൊഴിലവസരങ്ങള്‍ അപഹരിക്കുമെന്ന വാദത്തെയും മൂര്‍ത്തി നിഷേധിച്ചു. സാങ്കേതികവിദ്യയുടെ ആവിര്‍ഭാവം ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലേക്ക് സമൂഹത്തെ നയിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മൂര്‍ത്തി വ്യക്തമാക്കി. തൊഴിലിടങ്ങളില്‍ മെഷീനുകളുടെയും സാങ്കേതികവിദ്യയുടെയും പടിപടിയായുള്ള വികാസം 2022 ഓടെ 75 മില്യണ്‍ തൊഴില്‍ നഷ്ടമുണ്ടാക്കുന്ന സ്ഥാനത്ത് 133 മില്യണ്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) നിരീക്ഷണം.

Comments

comments

Categories: FK News
Tags: technology