ഭരണഘടനാ വിരുദ്ധമായ അതിക്രമങ്ങള്‍

ഭരണഘടനാ വിരുദ്ധമായ അതിക്രമങ്ങള്‍

മറ്റൊരു പണിമുടക്കിലേക്ക് കൂടി കടന്നിരിക്കുകയാണ് കേരളം. ഹര്‍ത്താല്‍ വെറും തമാശ പോലെയായി മാറുകയാണെന്ന ഹോക്കടതിയുടെ പരാമര്‍ശം നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാകുകയാണ്

പോയ വര്‍ഷം 97 ഹര്‍ത്താലുകളായിരുന്നു സാക്ഷരതയ്ക്കും സാംസ്‌കാരികതയ്ക്കും പേരുകേട്ട കേരളത്തില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് നടത്തി വിജയിപ്പിച്ചത്. പുതുവര്‍ഷത്തിലെ ആദ്യ ഹര്‍ത്താല്‍ ശബരിമല വിഷയത്തിലായിരുന്നു. അതുകഴിഞ്ഞ് രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിലേക്ക് കടന്നിരിക്കുകയാണ് നാം. സര്‍ക്കാരുകള്‍ക്ക് ഓരോ ഹര്‍ത്താലും ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയും സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും എത്രയോ കാലമായി നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. എന്നാല്‍ ഇതുവരെ അതിനൊരു പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന് കാരണമാകുന്ന സമരരീതികള്‍ക്ക് യാതൊരുവിധ കുറവും കാണുന്നുമില്ല.

സമരങ്ങളുടെ രൂപവും ഭാവവും മാറുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന നിലയില്‍ നാം വികസിപ്പിച്ചെടുത്ത പ്രതിച്ഛായ ആണ് തകര്‍ക്കപ്പെടുന്നത്. സമീപകാലത്തുണ്ടായ തെരുവുയുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് സഞ്ചരിക്കുന്ന പല വിദേശികള്‍ക്കും അവരുടെ മാതൃരാജ്യങ്ങള്‍ ജാഗ്രതാ സന്ദേശം നല്‍കുകയുണ്ടായി. അത്രയ്‌ക്കെത്തി കാര്യങ്ങള്‍. മാത്രമല്ല അതിനപ്പുറം, സംസ്ഥാനത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയാണ് ഹര്‍ത്താലുകളിലെ അതിക്രമങ്ങള്‍ നിഷേധിക്കുന്നത്.

ഓരോ പൗരനും ഏത് വിഷയത്തിലും പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശമുണ്ട്. എന്നാല്‍ ആ പ്രതിഷേധം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിച്ചും പ്രതിഷേധത്തിന്റെ ഭാഗമാകാത്തവരുടെ സ്വത്തുവകകള്‍ തല്ലിത്തകര്‍ക്കുന്നതിലേക്കും നയിക്കരുത്. അക്രമ ഹര്‍ത്താലുകള്‍ക്കെതിരെ കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച് ഹൈകോടതി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. ജനങ്ങളുടെ മൗലികാവകാശത്തെയാണ് ഹര്‍ത്താല്‍ ദിനങ്ങളിലെ അതിക്രമങ്ങള്‍ ബാധിക്കുന്നതെന്നാണ് കോടതി നിരീക്ഷിച്ചത്. ഹര്‍ത്താലുകള്‍ മൂലം ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവൃത്തി ദിനങ്ങള്‍ കുറയുകയാണെന്നാണ് കോടതി വ്യക്തമാക്കിയത്.

കേരളത്തിന്റെ തൊഴില്‍ മേഖലയിലും ബിസിനസ് മേഖലയിലും ഹര്‍ത്താലുകള്‍ തീര്‍ക്കുന്നത് വലിയ മുറിവാണ്. മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞിട്ടുപോലും ഹര്‍ത്താല്‍ സംസ്‌കാരത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പോലും തയാറായില്ല. 2005നും 2012നും ഇടയില്‍ കേരളത്തില്‍ നടന്നത് 363 ഹര്‍ത്താലുകളാണ്. സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവും ഉള്‍പ്പടെ നിരവധി വിഷയങ്ങളാണ് ഇതിന് കാരണമായി ഹര്‍ത്താല്‍ സംഘാടകര്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഉയര്‍ത്തുന്ന ഒരു വിഷയത്തിനുമുള്ള പരിഹാരമല്ല ഹര്‍ത്താല്‍. ജനങ്ങളെ ബാധിക്കാത്ത, അവരുടെ സ്വാതന്ത്ര്യത്തെ തടയാത്ത ക്രിയാത്മകമായ സമരരീതികളിലേക്ക് തിരിയുകയാണ് ഹര്‍ത്താല്‍ പോലുള്ള ജനവിരുദ്ധ സമരങ്ങളിലേക്ക് തിരിയുന്നതിന് പകരം സംഘടനകള്‍ ചെയ്യേണ്ടത്.

വ്യക്തിസ്വാതന്ത്ര്യമോ കച്ചവട സ്വാതന്ത്ര്യമോ വ്യാപാര സ്വാതന്ത്ര്യമോ ഇല്ലാതെ വികസനത്തിന്റെ നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ കേരളം പോലൊരു സമൂഹത്തിന് സാധ്യമല്ല. എന്നാല്‍ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റങ്ങളാണ് അടിച്ചേല്‍പ്പിക്കപ്പെടുന്ന ഹര്‍ത്താലുകള്‍. ഈ ഒരു ബോധ്യത്തിലേക്ക് ഇവിടുത്തെ രാഷ്ട്രീയകക്ഷികളും മറ്റ് സംവിധാനങ്ങളും ഉണര്‍ന്നെങ്കില്‍ മാത്രമേ പ്രതീക്ഷ വെക്കേണ്ടതുള്ളൂ. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലുകളില്‍ ജനങ്ങള്‍ അസഹിഷ്ണുത കാണിക്കാന്‍ തുടങ്ങുന്നുവെന്നത് സ്വാഗതാര്‍ഹമാണ്.

Comments

comments

Categories: Editorial, Slider
Tags: strike