ഇടക്കാല ലാഭ വിഹിതമായി ആര്‍ബിഐ 40,000 കോടി കൈമാറിയേക്കും

ഇടക്കാല ലാഭ വിഹിതമായി ആര്‍ബിഐ 40,000 കോടി കൈമാറിയേക്കും

40,000 കോടി രൂപ വരെ സര്‍ക്കാരിന് ലഭിക്കാം; ധനക്കമ്മി പിടിച്ചു നിര്‍ത്താന്‍ സഹായകരമാവും

ന്യൂഡെല്‍ഹി: ഇടക്കാല ലാഭവിഹിതമായി 30,000-40,000 കോടി രൂപ മാര്‍ച്ച് മാസത്തോടെ ആര്‍ബിഐ സര്‍ക്കാരിന് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. നികുതി പിരിവിലെ ഇടിവുകാരണം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ധനക്കമ്മി കുറയ്ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ ഈ നടപടി സഹായിക്കും. വരുമാനക്കമ്മി ഒരു ലക്ഷം കോടി കവിഞ്ഞേക്കുമെന്ന സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 3.3 ശതമാനത്തില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഫണ്ട് അത്യന്താപേക്ഷിതമാണെന്ന് ധനമന്ത്രാലയത്തിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന ബജറ്റ് അവതരണത്തിന് മുന്‍പ് ലാഭവിഹിതവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ആര്‍ബിഐ എടുക്കുമെന്നാണ് കരുതുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളോട് ആര്‍ബിഐയും ധനമന്ത്രാലയവും നിലവില്‍ പ്രതികരിച്ചിട്ടില്ല.

ലാഭ വിഹിതം നല്‍കുന്നതുമായി ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ മാസങ്ങളായി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയില്‍ കലാശിച്ചതെന്നും വിലയിരുത്തപ്പെടുന്നു. തുടര്‍ന്നാണ് ധനകാര്യ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന ശക്തികാന്ത ദാസ് പുതിയ ഗവര്‍ണറായി നിയമിതനായത്. കരുതല്‍ ധനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ആര്‍ബിഐയും സര്‍ക്കാരും നിലവില്‍ ഒരു പാനലിനെ നിയമിച്ചിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പിലേക്ക് മാസങ്ങള്‍ മാത്രം ശേഷിക്കെ കാര്‍ഷിക വായ്പയുടെ കാര്യത്തിലടക്കം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണ്. അധിക പണം കണ്ടെത്താന്‍ ആര്‍ബിഐയെ സമീപിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Business & Economy, Slider
Tags: RBI