എന്‍ബിഎഫ്‌സി പ്രതിനിധികളുമായി ആര്‍ബിഐ ഗവര്‍ണര്‍ ഇന്ന് ചര്‍ച്ച നടത്തും

എന്‍ബിഎഫ്‌സി പ്രതിനിധികളുമായി ആര്‍ബിഐ ഗവര്‍ണര്‍ ഇന്ന് ചര്‍ച്ച നടത്തും

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള പൊതുവിലുള്ള തീരുമാനം വായ്പാ സംസ്‌കാരത്തെ ദോഷകരമായി ബാധിക്കും

ന്യൂഡെല്‍ഹി: സമ്പദ്‌വ്യവസ്ഥയിലെ പണമൊഴുക്ക് സംബന്ധിച്ച ഏതൊരു പ്രതിസന്ധിയും പരിഹരിക്കുന്നതിന് നടപടികളുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൂലധന പ്രതിസന്ധി നേരിടുന്ന ബാങ്കിംഗ് ഇതര ധകാര്യ വ്യവസായത്തിന്റെ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിനിമയത്തിലുള്ള പണത്തിന്റെ മൂല്യം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന് ഇടക്കാല വിഹിതം നല്‍കുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചിട്ടുള്ളത്. എംഎസ്എംഇ മേഖലയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനെ കുറിച്ചും ശക്തികാന്ത ദാസ് വിശദീകരിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വായ്പ പുനഃക്രമീകരണത്തിനായി അല്‍പ്പ ദിവസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച ചട്ടക്കൂടിനെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എംഎസ്എംഇ മേഖലയുടെ നിഷ്‌ക്രിയാസ്തി തുടര്‍ച്ചയായി വലിയ തോതില്‍ വര്‍ധിക്കുകയാണ്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 51,952 കോടി രൂപയായിരുന്നത് 2015-16ല്‍ 70,842 കോടിയായി വര്‍ധിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 82,756 കോടി രൂപയായിരുന്നു എംഎസ്എംഇ മേഖലയുടെ നിഷ്‌ക്രിയാസ്തി. രണ്ടു മണിക്കൂറിലധികമാണ് എംഎസ്എംഇ മേഖലയുടെ പ്രതിനിധികളുമായി ആര്‍ബി ഐ ഗവര്‍ണര്‍ ചര്‍ച്ച ചെയ്തത്.

തിരിച്ചടവില്‍ വീഴ്ച സംഭവിച്ചെങ്കിലും ഇനിയും നിഷ്‌ക്രിയാസ്തിയായി പ്രഖ്യാപിച്ചിട്ടില്ലാത്ത 25 കോടി വരെയുള്ള എംഎസ്എംഇ വായ്പകള്‍ക്കാണ് പുതുവര്‍ഷ സമ്മാനായി വായ്പ പുനഃക്രമീകരണ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. നിഷ്‌ക്രിയാസ്തി പ്രശ്‌നം പരിഹരിച്ച് പൊതു മേഖലാ ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ആസ്തി നിലവാരം മെച്ചപ്പെടുന്നതില്‍ സ്ഥിരത കണ്ടെത്താനാകുമെന്നും ശക്തികാന്ത ദാസ് പറയുന്നു. എംഎസ്എംഇ കളുടെ അതിജീവന സാധ്യത കണക്കിലെടുത്താണ് വായ്പ പുനഃക്രമീകരണ നടപടികള്‍ എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള പൊതുവിലുള്ള ഒരു തീരുമാനമുണ്ടാകുന്നത് ഉചിതമല്ലെന്നും ബാങ്കുകളുടെ വായ്പാ സംസ്‌കാരത്തെ അത് ദോഷകരമായി ബാധിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറയുന്നു.

Comments

comments

Categories: Top Stories
Tags: RBI governor