ഒഎന്‍ജിസി അസമില്‍ 6000 കോടി നിക്ഷേപിക്കും

ഒഎന്‍ജിസി അസമില്‍ 6000 കോടി നിക്ഷേപിക്കും

എണ്ണക്കിണറുകള്‍ കണ്ടെത്തുന്നതിനുള്ള ഡ്രില്ലിംഗ് ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും

ന്യൂഡെല്‍ഹി: പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ ഒഎന്‍ജിസി അടുത്ത ഏഴു വര്‍ഷത്തില്‍ അസമില്‍ 6000 കോടി രൂപയുടെ നിക്ഷേപം നടക്കും. 200ഓളം എണ്ണ-വാതക കിണറുകള്‍ കുഴിക്കുന്നതിനും അതിലൂടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

ശിവസാഗര്‍, ചരായ്‌ദ്യോ ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഉത്തര അസമില്‍ നിരവധി എണ്ണ-വാതക പാടങ്ങളാണ് ഉള്ളത്. സംസ്ഥാനത്തു നിന്ന് 300ഓളം പേരേ പദ്ധതിക്കായി നിയമിക്കുമെന്നും ഒഎന്‍ജിസി ഡയറക്റ്റര്‍ എസ് കെ മൊയ്ത്ര അറിയിച്ചിട്ടുണ്ട്. എണ്ണക്കിണറുകള്‍ കണ്ടെത്തുന്നതിനുള്ള ഡ്രില്ലിംഗ് ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കുമെന്നും 7 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. ഇതിനായുള്ള എല്ലാ അനുമതികളും ലഭ്യമായിട്ടുണ്ട്.
2022ഓടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി 10 ശതമാനം കുറയ്ക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിന് അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കുമെന്നും കമ്പനി പറയുന്നു. നോര്‍ത്ത് ഈസ്റ്റ് ഹൈഡ്രോകാര്‍ബണ്‍ വിഷന്‍ 2030 എന്ന പേരിലൊരു പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നോ നാലോ മാസത്തോളം ഒരു കിണര്‍ സജ്ജമാക്കാന്‍ എടുക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ഒഎന്‍ജിസി യുടെ തന്നെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്കല്‍ സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാകും എണ്ണ-വാതക കിണറുകള്‍ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ തയാറാക്കുക.

അസമിലെ എണ്ണ-വാതക പാടങ്ങളില്‍ നിന്നുള്ള ഒഎന്‍ജിസി യുടെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം 2018 ഏപ്രില്‍- ഒക്‌റ്റോബര്‍ കാലയളവില്‍ 2.12 ശതമാനം വര്‍ധനയോടെ 585.17 ടിഎംടിയില്‍ എത്തിയിരുന്നു. പ്രകൃതി വാതക ഉല്‍പ്പാദനം ഇക്കാലയളവില്‍ 4 ശതമാനം വര്‍ധിച്ച് 288 മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റേര്‍സ് ആണ്. എന്നാല്‍ ഒഎന്‍ജിസിയുടെ മൊത്തം ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ ഇക്കാലയളവില്‍ ഇടിവാണ് ഉണ്ടായത്. വാര്‍ഷികാടിസ്ഥാനത്തില്‍ 5.68 ശതമാനം ഇടിവോടെ 12,442 ടിഎംടി ആയിരുന്നു എപ്രില്‍- ഒക്‌റ്റോബര്‍ കാലഘട്ടത്തിലെ മൊത്തം ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം. പക്ഷേ, മൊത്തം വാതk ഉല്‍പ്പാദനം ഇക്കാലയളവില്‍ 3.18 ശതമാനം വര്‍ധനയോടെ 14,128 മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റേര്‍സ് ആയിരുന്നു.

Comments

comments

Categories: Business & Economy
Tags: ONGC