2019-20 ല്‍ രണ്ട് പുതിയ മോഡലുകളെന്ന് മാരുതി സുസുകി

2019-20 ല്‍ രണ്ട് പുതിയ മോഡലുകളെന്ന് മാരുതി സുസുകി

ഒരു മോഡല്‍ നെക്‌സ വഴിയും രണ്ടാമത്തേത് അരീന ഔട്ട്‌ലെറ്റുകളിലൂടെയും വില്‍ക്കും

ന്യൂഡെല്‍ഹി : 2019-20 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുമെന്ന് മാരുതി സുസുകി. മാരുതി സുസുകി ഇന്ത്യ ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൂടാതെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഒരു മോഡല്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതു തലമുറ വാഗണ്‍ആറാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് വിപണിയിലെത്തുന്നത്. ഈ മാസം 23 നാണ് ലോഞ്ച്.

പുതിയ രണ്ട് മോഡലുകളില്‍ ഒന്ന് പ്രീമിയം റീട്ടെയ്ല്‍ ശൃംഖലയായ നെക്‌സ വഴിയും രണ്ടാമത്തേത് അരീന ഔട്ട്‌ലെറ്റുകളിലൂടെയും വില്‍ക്കും. പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുന്നതോടെ 2019 സാമ്പത്തിക വര്‍ഷം വില്‍പ്പന വര്‍ധിക്കുമെന്നാണ് മാരുതി സുസുകി ഇന്ത്യ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സാധാരണയായി വില്‍പ്പന വര്‍ധിക്കാറുണ്ടെന്ന് ആര്‍സി ഭാര്‍ഗവ ചൂണ്ടിക്കാട്ടി. അടുത്ത സാമ്പത്തിക വര്‍ഷത്തെക്കുറിച്ച് ശുഭപ്രതീക്ഷയാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ഈ വര്‍ഷം ജൂണ്‍ മാസത്തോടെ എല്ലാ മോഡലുകളിലും എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ നല്‍കുമെന്ന് മാരുതി സുസുകി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ (എന്‍ജിനീയറിംഗ്) സിവി രാമന്‍ വ്യക്തമാക്കി. നിലവില്‍ ഏഴ് മോഡലുകള്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ്. ബാക്കി മൂന്ന് മോഡലുകള്‍ പരിഷ്‌കരിക്കുകയാണെന്ന് സിവി രാമന്‍ അറിയിച്ചു.

Comments

comments

Categories: Auto