ആഗോള ഇരുചക്ര വാഹന കമ്പനിയുമായി കൈകോര്‍ക്കുമെന്ന് ലോഹിയ

ആഗോള ഇരുചക്ര വാഹന കമ്പനിയുമായി കൈകോര്‍ക്കുമെന്ന് ലോഹിയ

ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ആഗോള ഇരുചക്ര വാഹന നിര്‍മ്മാതാക്കളുമായി പങ്കാളിത്തം സ്ഥാപിക്കാനൊരുങ്ങി ലോഹിയ ഓട്ടോ. ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും അവതരിപ്പിക്കുകയാണ് ലക്ഷ്യം. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഈ സാമ്പത്തിക വര്‍ഷം കരാര്‍ ഒപ്പിടുമെന്നും ലോഹിയ ഓട്ടോ ഇന്‍ഡസ്ട്രീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയുഷ് ലോഹിയ പറഞ്ഞു.

ആഗോള കമ്പനിയുമായി പങ്കാളിത്തം സ്ഥാപിച്ചശേഷം ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളും ലോഹിയ ഓട്ടോ നിര്‍മ്മിച്ച് വിപണനം ചെയ്യും. 2020 ല്‍ നടക്കുന്ന അടുത്ത ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ഇന്ത്യയിലെ വില്‍പ്പന കൂടാതെ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യും.

ആന്ധ്ര പ്രദേശിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനായി നൂറ് കോടി രൂപയുടെ നിക്ഷേപം നടത്തും. ഉത്തരാഖണ്ഡിലെ കാശിപുര്‍ പ്ലാന്റില്‍നിന്ന് കയറ്റുമതി ചെയ്യുന്നത് ചെലവേറിയതാണെന്ന് ആയുഷ് ലോഹിയ പറഞ്ഞു. ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലേക്കായി പെട്രോള്‍ ഇരുചക്ര വാഹനങ്ങളും നിര്‍മ്മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററി നിര്‍മ്മിക്കുന്നതിന് സംയുക്ത സംരംഭത്തിനും ശ്രമിച്ചുവരികയാണ് ലോഹിയ ഓട്ടോ. ഇലക്ട്രിക്, ഡീസല്‍, സിഎന്‍ജി മുച്ചക്ര വാഹനങ്ങളാണ് നിലവില്‍ ലോഹിയ ഓട്ടോ നിര്‍മ്മിക്കുന്നത്. യുഎസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യുഎം മോട്ടോര്‍സൈക്കിള്‍സുമായി ചേര്‍ന്ന് പ്രീമിയം ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍ക്കുകയും ചെയ്യുന്നു.

Comments

comments

Categories: Auto
Tags: Lohia auto