ഇന്ത്യയുടെ തേയില ഉല്‍പ്പാദനം 6.59% കുറഞ്ഞു

ഇന്ത്യയുടെ തേയില ഉല്‍പ്പാദനം 6.59% കുറഞ്ഞു

115.06 മില്യണ്‍ കിലോഗ്രാം തേയില ഉല്‍പ്പാദനമാണ് നവംബറില്‍ രേഖപ്പെടുത്തിയത്

കൊല്‍ക്കത്ത: ഇന്ത്യയുടെ തേയില ഉല്‍പ്പാദനം നവംബറില്‍ 6.59 ശതമാനം കുറഞ്ഞതായി ടീ ബോര്‍ഡ് ഇന്ത്യ. 2017 നവംബറില്‍ 123.18 മില്യണ്‍ കിലോഗ്രാം തേയില ഉല്‍പ്പാദനം രേഖപ്പെടുത്തിയ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നവംബറില്‍ 115.06 മില്യണ്‍ കിലോഗ്രാം തേയില ഉല്‍പ്പാദനമാണ് നടന്നത്.

ഇന്ത്യയുടെ ഉത്തര-ദക്ഷിണ മേഖലകളില്‍ നിന്നുള്ള വിളവ് കുറഞ്ഞതാണ് തേയില ഉല്‍പ്പാദനത്തില്‍ 8.12 മില്യണ്‍ കിലോഗ്രാമിന്റെ കുറവ് വരാന്‍ കാരണമെന്ന് ടീ ബോര്‍ഡ് ചൂണ്ടിക്കാട്ടി. വടക്കേ ഇന്ത്യയില്‍ അസമില്‍ നിന്നുള്ള ഉല്‍പ്പാദനം നവംബറില്‍ 57.42 മില്യണ്‍ കിലോഗ്രാമായി ചുരുങ്ങി. 2017 നവംബറില്‍ സംസ്ഥാനത്ത് 62.80 മില്യണ്‍ കിലോഗ്രാം തേയില ഉല്‍പ്പാദനം രേഖപ്പെടുത്തിയിരുന്നു. 8.57 ശതമാനം വാര്‍ഷിക ഇടിവാണ് അസമില്‍ തേയില ഉല്‍പ്പാദനത്തില്‍ ഉണ്ടായത്.

നവംബറില്‍ 35.99 മില്യണ്‍ കിലോഗ്രാം തേയിലയാണ് പശ്ചിമബംഗാളില്‍ നവംബറില്‍ ഉല്‍പ്പാദിപ്പിച്ചത്. മുന്‍ വര്‍ഷം സമാന കാലയളവിലെ 37.08 മില്യണ്‍ കിലോഗ്രാമുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പ്പാദനത്തില്‍ 2.94 ശതമാനം ഇടിവുണ്ടായി. അസം, പശ്ചിമബംഗാള്‍ എന്നിവ ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൊത്തം വിളവ് 95.88 മില്യണ്‍ കിലോഗ്രാമാണ്. 2017 നവംബറില്‍ 102.29 മില്യണ്‍ കിലോഗ്രാമായിരുന്നു ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൊത്തം വിളവ്.

കേരളം, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തേയില ഉല്‍പ്പാദനം 2017 നവംബറിലെ 20.89 മില്യണ്‍ കിലോഗ്രാമില്‍ നിന്നും 19.18 മില്യണ്‍ കിലോഗ്രാമായി ചുരുങ്ങിയിട്ടുണ്ട്.

Comments

comments

Categories: Business & Economy