ഇന്ത്യക്കാര്‍ ഇന്നൊവേഷന്‍സിന്റെ ഉടമകളാകണം: പ്രകാശ് ജാവദേക്കര്‍

ഇന്ത്യക്കാര്‍ ഇന്നൊവേഷന്‍സിന്റെ ഉടമകളാകണം: പ്രകാശ് ജാവദേക്കര്‍

ഐഐടി കളിലെ വനിതാ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഇരട്ടിയായി വര്‍ധിച്ച് നിലവില്‍ 16 ശതമാനത്തില്‍ എത്തിയിട്ടുണ്ട്

ജലന്ധര്‍: ഇന്ത്യക്കാര്‍ നൂതനാവിഷ്‌കാരങ്ങള്‍ നടത്തിയാല്‍ മാത്രം പോര, അവയുടെ ഉടമസ്ഥാവകാശം കൂടി നേടുന്നവരാകണമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. പഞ്ചാബിലെ ജലന്ധറില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന എട്ടാമത് വനിതാ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ക്കായി നിരവധി ഇന്നൊവേഷനുകള്‍ ഇന്ത്യക്കാരില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ ഇന്നൊവേഷനുകളുടെ ഉടമസ്ഥത സ്വന്തമാക്കാനുള്ള സമയമായിരിക്കുന്നുവെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ഇത് അനിവാര്യമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഐഐടി കളിലെ വനിതാ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഇരട്ടിയായി വര്‍ധിച്ച് നിലവില്‍ 16 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. വിശാല ചിന്ത, സ്ഥിരത, ധൈര്യം എന്നിവയെല്ലാം കൈമുതലായുള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ കൃത്യതയും സാധ്യതയുമുള്ള ഇന്നൊവേഷനുകള്‍ നടത്താനാകുമെന്നും ജാവദേക്കര്‍ ചൂണ്ടിക്കാട്ടി. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും അഭിവൃദ്ധി നേടിയ രാജ്യങ്ങള്‍ക്ക് എല്ലാമേഖലയിലും മുന്‍പന്തിയിലെത്താനാകുമെന്ന് പറഞ്ഞ അദ്ദേഹം കൊറിയ, തായ്‌വാന്‍, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചു.

ചില ഗവേഷണ പ്രക്രിയകള്‍ ദീര്‍ഘകാലം എടുക്കുന്നതും വലിയ പ്രയത്‌നം ആവശ്യമുള്ളതുമായിരിക്കും. എങ്കിലും ഇവയുടെ അന്തിമ ഫലം മധുരതരമാകും. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ടെന്നും വിവിധ ഐ ഐ ടികളിലായി ആറ് റിസര്‍ച്ച് പാര്‍ക്കുകള്‍ സ്ഥാപിച്ചുവെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കുന്നതിനായി ഇംപ്രിന്റ് എന്ന പേരില്‍ ഒരു പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.

Comments

comments

Categories: FK News

Related Articles