തിരിച്ചടവ് മുടക്കുന്ന ബില്‍ഡര്‍മാരുടെ കേസ് ആദ്യം പരിഗണിക്കേണ്ടത് റെറ

തിരിച്ചടവ് മുടക്കുന്ന ബില്‍ഡര്‍മാരുടെ കേസ് ആദ്യം പരിഗണിക്കേണ്ടത് റെറ

രാജ്യവ്യാപകമായി റെറ നിയമം നടപ്പിലാക്കുന്നത് ഏകരൂപത്തില്‍ ആയിരിക്കണമെന്നും ആവശ്യം

ന്യൂഡെല്‍ഹി: തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ബില്‍ഡര്‍മാരുടെ കേസുകള്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് കൈമാറുന്നതിന് മുമ്പ്, പുതിയ റിയല്‍ എസ്റ്റേറ്റ് നിയമമായ റെറ(RERA)യുടെ കീഴിലുള്ള റെഗുലേറ്റര്‍മാര്‍ പരിഗണിക്കമെന്ന് ആവശ്യം. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയവുമായുള്ള കൂടിക്കാഴ്ചയിലാണ് നാഷണല്‍ റിയല്‍എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രതിനിധികള്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 2017 മേയില്‍ നടപ്പാക്കിയ റെറ നിയമത്തിന്റെ ഭാഗമായുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അറിയിക്കുന്നതിനും പരിഹാരം കാണുന്നതിനുമായാണ് മന്ത്രാലയം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വ്യവസായികളുമായി കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയത്.

പുതിയ പദ്ധതികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ റെറ (RERA)യുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലുള്ള റെഗുലേറ്റര്‍മാരാണ് കേള്‍ക്കേണ്ടതെന്നും ബില്‍ഡര്‍മാര്‍ ആവശ്യപ്പെട്ടു. നിലവില്‍ ഉപഭോക്തൃ കോടതികളിലേക്കും ഇത്തരം കേസുകള്‍ പരിഗണിക്കുന്നുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് മേഖലയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ടെന്നാണ് നാഷണല്‍ റിയല്‍എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് നിരഞ്ജന്‍ ഹിരണാന്ദനി പറയുന്നത്. റെറ നിയമം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകളെ കൂടുതല്‍ സുതാര്യമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപ്പാക്കിയിട്ടുള്ളത്.

രാജ്യവ്യാപകമായി റെറ നിയമം നടപ്പിലാക്കുന്നത് ഏകരൂപത്തില്‍ ആയിരിക്കണമെന്നും ഹിരണാന്ദനി ആവശ്യപ്പെടുന്നു. കേടുപാടുകളില്‍ പ്രൊമോട്ടര്‍മാര്‍ക്കുള്ള അഞ്ചുവര്‍ഷത്തെ ബാധ്യത ഘടനയിലും ഡിസൈനിലും നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കളിലുമായി പരിമിതപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്. മാനുഫാക്ചറര്‍മാരുടെ വാറണ്ടി/ഗ്യാരണ്ടിയുള്ള ലിഫ്റ്റുകള്‍, ജനറേറ്ററുകല്‍ തുടങ്ങിയവയെ തങ്ങളുടെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്ലംബിംഗ്, ഇലക്ട്രിക്കല്‍, ഹാര്‍ഡ്‌വെയര്‍ ഫിറ്റിംഗുകള്‍ എന്നിവയിലുള്ള ബാധ്യതയും ഒഴിവാക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നു.

പ്രോജക്റ്റുകളുടെ രജിസ്‌ട്രേഷന്‍ നീട്ടി നല്‍കുന്നത് ഓരോ കേസും പ്രത്യേകമായി പരിശോധിച്ചായിരിക്കണമെന്നും നിരഞ്ജന്‍ ഹിരണാന്ദനി പറയുന്നു. നിലവില്‍ ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കുന്നതിനാണ് വ്യവസ്ഥയുള്ളത്. പലപ്പോഴും ബില്‍ഡര്‍മാരുടെ വീഴ്ചയല്ലാതെ തന്നെ കോടതി ഉത്തരവുകളിലൂടെയും മറ്റ് കാരണങ്ങളിലൂടെയും പദ്ധതി വൈകുന്നത് പരിഗണിച്ചാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.

Comments

comments

Categories: FK News
Tags: RERA