ഇന്ത്യന്‍ പ്രസാധകര്‍ക്ക് പുതിയ വഴി തുറന്ന് ഷാര്‍ജ പബ്ലിഷിംഗ് സിറ്റി

ഇന്ത്യന്‍ പ്രസാധകര്‍ക്ക് പുതിയ വഴി തുറന്ന് ഷാര്‍ജ പബ്ലിഷിംഗ് സിറ്റി

ന്യൂഡെല്‍ഹി: ഷാര്‍ജ പബ്ലിഷിംഗ് സിറ്റി(എസ്പിസി) ഇന്ത്യന്‍ പ്രസാധകരെ കുറഞ്ഞ ലോജിസ്റ്റിക്‌സ് ചെലവുകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ക്ഷണിക്കുന്നതായി ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ അമീരി. ഡെല്‍ഹി ലോക പുസ്തകമേളയുടെ 48 ാം എഡിഷനില്‍ പങ്കെടുക്കുന്ന ഷാര്‍ജ പബ്ലിഷിംഗ് സിറ്റി ലോകത്തിലെ ഫ്രീസോണ്‍ മേഖലയിലെ ആദ്യ പ്രസിദ്ധീകരണ വിഭാഗമാണ്. ഇന്ത്യന്‍ പ്രസാധകരെ നിക്ഷേപ അവസരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന പദ്ധതികളും എസ്പിസി ആവിഷ്‌കരിച്ചിട്ടുണ്ട്. മൂന്നാം രാജ്യങ്ങളിലേക്ക് പുസ്തകങ്ങള്‍ എത്താനുള്ള ഇന്ത്യന്‍ പ്രസാധകര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന വഴി കൂടിയാണ് എസ്പിസി തുറന്നിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിക്കിയും നാഷണല്‍ ബുക്ക് ട്രസ്റ്റും(എന്‍ബിറ്റി) ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന സിഇഒ സ്പീക്ക് 2019- ഓവര്‍ ചെയര്‍മാന്‍സ് ബ്രേക്ക്ഫസ്റ്റ് എന്ന സംവാദ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ്അദ്ദേഹം.

സാംസ്‌കാരികമായി ഉയര്‍ന്ന മൂല്യമുള്ള പുസ്തകങ്ങള്‍ പരിഭാഷ ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഡെല്‍ഹി പുസ്തക മേളയില്‍ ഷാര്‍ജ പവലിയനില്‍ ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെ ചരിത്രം, സംസ്‌കാരം, ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ പത്തോളം അറബിക് എഴുത്തുകാരുടെ പുസ്തകങ്ങള്‍ അറബിയില്‍ നിന്നും ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഈ പുസ്തകങ്ങലും പവലിയനില്‍ പ്രദര്‍ശനത്തിനുണ്ട്.

യുഎഇയുമായി ഇന്ത്യക്കുള്ള ബന്ധം പഴക്കം ചെന്നതാണ്. ലോക പുസ്തകമേളയിലൂടെ ഈ ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ ബലദേവ് ഭായ് ശര്‍മ പറഞ്ഞു. പ്രസാധകരും എഴുത്തുകാരുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നത് വഴി വായനാസംസ്‌കാരവും ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എസ്പിസി ഫ്രീസോണില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലോകോത്തര നിലവാരവും പ്രവര്‍ത്തനവും വാഗ്ദാനം ചെയ്യുന്നു. എസ്പിസി ഫ്രീസോണ്‍ അടിസ്ഥാനമാക്കി ബിസിനസുകള്‍ അനുവദിക്കുന്നതിനും സഹകരണങ്ങളെ ശക്തിപ്പെടുത്തുന്നതിനും യുഎഇയിലും ഗള്‍ഫിലും ഇന്ത്യന്‍ പ്രസാധകരുടെ സാന്നിധ്യം വര്‍ധിപ്പിക്കുവാനും ലക്ഷ്യമിടുന്നുണ്ട്.

Comments

comments

Categories: FK News