കൊച്ചി-മുസിരിസ് ബിനാലെ, കാഴ്ചകള്‍ പോലെ ശബ്ദങ്ങളും ശക്തം: അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി-മുസിരിസ് ബിനാലെ, കാഴ്ചകള്‍ പോലെ ശബ്ദങ്ങളും ശക്തം: അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പരിണാമം ശ്രദ്ധേയമാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നാലാം ലക്കത്തിലെ ശബ്ദങ്ങള്‍ കാഴ്ചകള്‍ പോലെ തന്നെ ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിനാലെ സന്ദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണിനു മാത്രമല്ല കാതുകള്‍ക്കും ഇമ്പം നല്‍കുന്നതാണ് ബിനാലെ നാലാം ലക്കം. ശബ്ദ പ്രതിഷ്ഠാപനങ്ങള്‍ തന്നെ അമ്പരപ്പിച്ചു. ഒരു തീര്‍ത്ഥാടനം പോലെയാണ് ഓരോ ബിനാലെയും സന്ദര്‍ശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ലക്കങ്ങളിലും എന്തെങ്കിലും പുതിയവ കാണികള്‍ക്ക് നല്‍കാന്‍ ബിനാലെയ്ക്കുണ്ട.് വീഡിയോ പ്രതിഷ്ഠാപനങ്ങളുടെ നീണ്ട നിര തന്നെ നാലാം ലക്കത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ലക്കങ്ങള്‍ കഴിയുമ്പോള്‍ ക്രിയാത്മകമായി വളരുന്നുവെന്നതാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രത്യേകതയെന്ന് പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഓരോ വ്യക്തിയുടെയും ആത്മാവിലേക്ക് സംവേദനാത്മകത എത്തുന്നു. സൗന്ദര്യബോധമാണ് ജനങ്ങളെ കൂടുതല്‍ സംവേദന ശീലരാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷ്ഠാപനങ്ങളിലെ വൈവിധ്യം കൊച്ചി ബിനാലെയെ വേറിട്ടു നിര്‍ത്തുന്നതായി ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി അലക്‌സാന്‍ഡ്രെ സീഗ്ലെര്‍ പറഞ്ഞു. ലിംഗസമത്വം, വിവിധ ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം എന്നിവയെല്ലാം പ്രത്യേകം അഭിനന്ദിക്കേണ്ടതാണെന്ന് ബിനാലെ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു. സൃഷ്ടികളുടെ തെരഞ്ഞെടുപ്പ് മാത്രമല്ല, അവ മുന്നോട്ടു വയ്ക്കുന്ന പ്രമേയങ്ങളും ശക്തമാണ്. ലിംഗ സമത്വം, സാമ്രാജ്യത്വം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ ബിനാലെയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News