ഇന്ത്യന്‍ രൂപയുടെ വളരുന്ന ചക്രവാളം – 2

ഇന്ത്യന്‍ രൂപയുടെ വളരുന്ന ചക്രവാളം – 2

സമീപകാലത്ത് നേരിട്ട് രൂപയില്‍ ഇടപാടുകള്‍ നടത്താനാരംഭിച്ചത് താല്‍ക്കാലികമായെങ്കിലും നമ്മുടെ കറന്റ് എക്കൗണ്ട് കമ്മി കുറക്കാന്‍ വലിയതോതില്‍ സഹായകമാവും. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ഇത്തരമൊരു പ്രയോജനം ലഭിക്കണമെങ്കില്‍ രൂപയെ ഒരു അന്താരാഷ്ട്ര വിനിമയോപാധി ആക്കി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വികസ്വരവും അര്‍ദ്ധവികസിതവും അവികസികവുമായ രാജ്യങ്ങളെ ഇന്ത്യന്‍ രൂപയില്‍ കടപ്പത്രങ്ങള്‍ ഇറക്കുവാന്‍ പ്രോത്സാഹിപ്പിക്കണം. അതുപോലെ, നമ്മുടെ അന്താരാഷ്ട്ര റേറ്റിങ് ഉയര്‍ത്തി ഇന്ത്യന്‍ രൂപയിലുള്ള ബോണ്ടുകള്‍ക്ക് അന്താരാഷ്ട്ര വിപണി സജീവമാക്കുകയും ചെയ്യണം

ലോകത്തെ ഏറ്റവും ശക്തമായ അഞ്ച് രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയുടെ കറന്‍സി; രൂപ, പുതിയ ചക്രവാളങ്ങള്‍ കീഴടക്കിയേക്കും എന്ന ശുഭസൂചനയോടെയാണ് കഴിഞ്ഞയാഴ്ചത്തെ ലേഖനം അവസാനിപ്പിച്ചത്. പക്ഷേ സാമ്പത്തിക ശുഭാശുഭങ്ങള്‍ കേവലം മാനസിക വ്യാപാരങ്ങള്‍ക്കപ്പുറത്ത് ഭൗതിക വ്യാപാരങ്ങളുടെ ഉരകല്ലുകളിലാണ് മാറ്റ് തെളിയിച്ച് ഉയിരുറപ്പിക്കേണ്ടത്. ഏതൊരു രാജ്യത്തിന്റെയും കറന്‍സിയുടെ മൂല്യം ശാശ്വതമായി ശക്തമാക്കുന്നത് ആ രാജ്യത്തിന്റെ വ്യാപാര ശിഷ്ടത്തിന്റെയും അടവ് ശിഷ്ടത്തിന്റെയും നീക്കിബാക്കികളാണ്. കയറ്റുമതിയുടെ മൂല്യം ഇറക്കുമതിയുടെ മൂല്യത്തേക്കാള്‍ അധികരിക്കുമ്പോള്‍ വ്യാപാരശിഷ്ടം ധനാത്മകമാവുന്നു. മറിച്ചായാല്‍ അത് ഋണാത്മകം അഥവാ വ്യാപാരക്കമ്മി ആണ്. കയറ്റുമതിയില്‍ നിന്നുള്ള വിദേശനാണ്യ വരുമാനത്തേക്കാള്‍ ഇറക്കുമതിക്കായി വിദേശനാണ്യ ചെലവ് ഉണ്ടാവുന്നു. സാധനങ്ങള്‍ക്ക് പകരം സേവനങ്ങള്‍ കൈമാറുമ്പോഴും ദൃശ്യേതര വ്യാപാരമാണ് നടക്കുന്നത്. പക്ഷേ, വ്യാപാരങ്ങളില്‍ നിന്ന് മാത്രമല്ല വിദേശനാണ്യ വിനിമയം നടക്കുന്നത്. ഒരു രാജ്യത്തെ പൗരന്‍ മറ്റൊരു രാജ്യത്ത് ജോലിചെയ്ത്, അവിടെ നിന്നുള്ള വരുമാനം സ്വന്തം രാജ്യത്തേക്ക് അയക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മാനവവിഭവശേഷി ആണ് കയറ്റുമതി ചെയ്യപ്പെടുന്നത്. ആ കയറ്റുമതി സ്പര്‍ശദൃശ്യക്ഷമമല്ല എന്ന് മാത്രമേയുള്ളൂ. അതുപോലെ, വിദേശങ്ങളില്‍ നിന്ന് വായ്പകള്‍ എടുക്കുന്നത് / കൊടുക്കുന്നത്, അവയുടെ തിരിച്ചടവ്, അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള ധനസഹായം, ഓഹരിപങ്കാളിത്തങ്ങള്‍ എന്നിങ്ങനെ മൂലധനബന്ധിയായ എല്ലാ കൈമാറ്റങ്ങളും വിദേശവരവില്‍ / ചെലവില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു. വ്യാപാര ശിഷ്ടത്തോടൊപ്പം ഇത്തരം വ്യാപാരേതര വിദേശവിനിമയത്തിന്റെ മൂല്യവും കൂടി കൂട്ടിക്കിഴിക്കലുകള്‍ നടത്തി ബാക്കി കിട്ടുന്നതാണ് അടവ് ശിഷ്ടം.

അതായത്, അടവ് ശിഷ്ടം മൂന്ന് സ്രോതസ്സുകളെ ആശ്രയിച്ചിരിക്കുന്നു: ദൃശ്യവും അദൃശ്യവുമായ വസ്തുക്കളുടെ വ്യാപാരം നടക്കുന്ന നടപ്പ് കണക്കിലും (current account) രാജ്യത്തിന്റെ സ്ഥിരാസ്തി ബാധ്യതകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്ന മൂലധനക്കണക്കിലും (capital account) നിക്ഷേപപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാമ്പത്തിക കണക്കിലും (financial account). സാമ്പത്തിക കണക്ക് ദ്വിമാന രൂപത്തിലുള്ളതാണ്. ആഭ്യന്തര വ്യക്തികള്‍, സ്ഥാപനങ്ങള്‍, കേന്ദ്ര ബാങ്ക്, സര്‍ക്കാര്‍ എന്നിവ വിദേശരാജ്യങ്ങളില്‍ നടത്തുന്ന നിക്ഷേപവും മറിച്ചും. രാജ്യത്തിന്റെ വിദേശനാണ്യശേഖരം, വിദേശ രാജ്യങ്ങളിലെ ബാങ്ക് നിക്ഷേപം, വിദേശികള്‍ക്ക് നല്‍കുന്ന വായ്പകള്‍, വിദേശ കമ്പനികളുടെ കടപ്പത്രങ്ങള്‍, ഓഹരികള്‍, മ്യൂച്ച്വല്‍ ഫണ്ട് തുടങ്ങിയവ ആദ്യത്തെ വിഭാഗത്തില്‍ വരും. തിരിച്ചായാല്‍ രണ്ടാമത്തെയും. വിദേശരാജ്യങ്ങളിലെ ആഭ്യന്തര ഉടമസ്ഥത വര്‍ദ്ധിക്കുമ്പോള്‍ സാമ്പത്തിക കണക്ക് വലുതാവുന്നു, അനുഗുണമാവുന്നു. മറിച്ച്, ആഭ്യന്തര ആസ്തികളില്‍ വിദേശ ഉടമസ്ഥത വര്‍ദ്ധിക്കുമ്പോള്‍ സാമ്പത്തിക കണക്ക് ശുഷ്‌കമാവുന്നു, രാജ്യത്തിന് വിപല്‍ക്കരമാവുന്നു.

മൂലധനക്കണക്കാവട്ടെ ഏകമാന രൂപത്തിലാണ്. രാജ്യത്തെ സംബന്ധിക്കുന്ന എല്ലാ അന്താരാഷ്ട്ര മൂലധന പ്രവാഹത്തെയും അത് ദ്യോതിപ്പിക്കുന്നു. രാജ്യത്തേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രവാസത്തിനായി വരുന്ന വിദേശികളും രാജ്യത്ത് നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവരും ഈ രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ കൈമാറ്റം ചെയ്യുന്ന വസ്തുക്കളും സമ്പത്തും ഇതിലൊരു മുഖ്യഭാഗമാണ്. മൂലധന വസ്തുക്കളുടെ ഉടമസ്ഥതയുടെ കൈമാറ്റം, അവയുടെ കൊടുക്കല്‍ വാങ്ങലുകളില്‍ കൈമാറ്റം ചെയ്യപ്പെടുന്ന പണം, സമ്പത്തോ വസ്തുവകകളോ വിശിഷ്ടവസ്തുക്കളോ സമ്മാനമായി കൈമാറ്റം ചെയ്യപ്പെടുന്നത്, ബൗദ്ധിക സ്വത്തവകാശങ്ങളുടെ കൈമാറ്റം, ഇന്‍ഷ്വറന്‍സ് സുരക്ഷിതത്വമില്ലാത്ത വിദേശ വസ്തുവകകളുടെ നാശം എന്നിവയെല്ലാം മൂലധനക്കണക്കിലാണ് വകകൊള്ളിക്കുന്നത്. ഇങ്ങോട്ട് വരുന്നതിനേക്കാള്‍ അധികം പണം പുറത്തേക്കൊഴുകിയാല്‍ മൂലധനക്കണക്ക് കമ്മി. കൂടുതല്‍ വന്നാല്‍ മൂലധനക്കണക്ക് മിച്ചം.

തനത് കാലത്തെ വിദേശ വരുമാനം വിദേശ ചെലവിനേക്കാള്‍ കൂടുതല്‍ ആവുമ്പോള്‍ കറന്റ് എക്കൗണ്ട് മിച്ചം. അല്ലെങ്കില്‍ കമ്മി. വസ്തുക്കളുടെയും സേവനങ്ങളുടെയും കയറ്റുമതി ഇറക്കുമതിയാണ് ഇതില്‍ പ്രാമുഖ്യം വഹിക്കുന്നത്. കറന്റ് എക്കൗണ്ട്, കാപിറ്റല്‍ എക്കൗണ്ട്, ഫൈനാന്‍ഷ്യല്‍ എക്കൗണ്ട് എന്നിവയുടെ ശിഷ്ടങ്ങളുടെ ആകെത്തുകയാണ് അടവ് ശിഷ്ടം അഥവാ ബാലന്‍സ് ഓഫ് പേമെന്റ്. ഇതില്‍ സാമ്പത്തിക കണക്കും മൂലധനക്കണക്കും ഇരട്ടക്കുട്ടികള്‍ ആണെന്ന് പറയാം. കാരണം രണ്ടും മൂലധനാടിസ്ഥാനത്തിലുള്ള സമ്പത്തിന്റെ കൈമാറ്റമാണ് രേഖപ്പെടുത്തുന്നത്.

അന്താരാഷ്ട്ര നാണയ നിധിയുടെ മാന്വല്‍ പ്രകാരം കാപിറ്റല്‍ എക്കൗണ്ട്, ഫൈനാന്‍ഷ്യല്‍ എക്കൗണ്ട് എന്നിവയുടെ ശിഷ്ടങ്ങള്‍ കറന്റ് എക്കൗണ്ടില്‍ പ്രതിഫലിക്കുന്നു. ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് ഒരു യുദ്ധവിമാനം വാങ്ങുമ്പോള്‍, കറന്റ് എക്കൗണ്ടില്‍ നിന്ന് പണം അങ്ങോട്ട് പോകുമ്പോള്‍, ആസ്തിരൂപത്തിലുള്ള വിമാനം ഇങ്ങോട്ട് വരുന്നു. കടമായിട്ടാണ് വിമാനം വാങ്ങിക്കുന്നതെങ്കില്‍ ഫൈനാന്‍ഷ്യല്‍ എക്കൗണ്ടില്‍ ബാധ്യത നിഴലിക്കുന്നു. ലഭിക്കുന്ന വസ്തുവിന്റെ മൂല്യം ഒരു ബാലന്‍സിങ് അക്കൗണ്ടില്‍ കണക്കാക്കണമെന്നാണ് ഐഎംഎഫ് പറയുന്നത്. അവരുടെ തത്വപ്രകാരം കറന്റ് എക്കൗണ്ട് + കാപിറ്റല്‍ എക്കൗണ്ട് + ഫൈനാന്‍ഷ്യല്‍ എക്കൗണ്ട് + ബാലന്‍സിംഗ് എക്കൗണ്ട് = പൂജ്യം എന്നതാണ് സമവാക്യം. എന്നാല്‍ ഇത് ഏട്ടിലെ പശുവാണ്, പുല്ല് തിന്നില്ല. നടപ്പ്, മൂലധന, സാമ്പത്തിക അക്കൗണ്ടുകളില്‍ ശിഷ്ടം മിച്ചമായാല്‍ മാത്രമേ ആഭ്യന്തരമായി വിലനിലവാരം പിടിച്ചുനിര്‍ത്തുവാനും വൈദേശികമായി വിനിമയനിലവാരം നിലനിര്‍ത്തുവാനും പറ്റൂ.

എണ്ണ ഇറക്കുമതിയുടെ ചെലവ് മൂലം എപ്പോഴും ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി അധികരിച്ച് വരാറേ ഉള്ളൂ, 2016-17 ല്‍ 14.4 ശതകോടി ഡോളറിന്റെ കമ്മിയാണ് ഉണ്ടായിരുന്നതെങ്കില്‍, 2017-18 ല്‍ അത് 48.7 ശതകോടി ഡോളറായി വര്‍ദ്ധിച്ചു. ഈ സാഹചര്യം ഇന്ത്യന്‍ രൂപയ്ക്ക് സ്വയം കരുത്താര്‍ജ്ജിക്കാന്‍ അനുഗുണമല്ല. മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ച് നമ്മുടെ വിദേശനാണ്യ ശേഖരം 425 ശതകോടി ഡോളറാണ്. അത് 11 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യവുമാണ്. എന്നാല്‍, ഇതേ ധനകാര്യ വര്‍ഷത്തില്‍ 43.6 ശതകോടി ഡോളറിന്റെ കുറവാണ് നമ്മുടെ വിദേശനാണ്യ ശേഖരത്തില്‍ വന്നത്. നടപ്പ് വര്‍ഷത്തില്‍ 75 ശതകോടി ഡോളറിന്റെ കമ്മി കറന്റ് എക്കൗണ്ടില്‍ ഉണ്ടാകുമെന്നാണ് ഭയപ്പെടുന്നത്. ഇത് വിദേശനാണ്യ ശേഖരത്തില്‍ വന്‍ ഇടിവ് വരുത്തും. നടപ്പ് സാമ്പത്തിക വര്‍ഷാവസാനം പിന്നീട് എത്ര മാസത്തേക്കുള്ള വിദേശനാണ്യം നമ്മുടെ കൈവശം ഉണ്ടാവുമെന്ന് കണ്ടുതന്നെ അറിയണം.

ഈ സാഹചര്യത്തില്‍, ഇറാന്‍ പോലെയുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ രൂപ സ്വീകരിച്ച് എണ്ണ തരാന്‍ തയ്യാറാവുന്നത് വലിയൊരു അളവ് വരെ താല്‍ക്കാലികാശ്വാസം ആവും. എന്നാല്‍ അത് അമേരിക്കയില്‍ നിന്ന് ലഭിച്ച ഒരു താല്‍ക്കാലിക ഇളവ് മൂലം സാധ്യമായതാണ്; അതിന് സ്ഥിരത ഇല്ല. ഇത്തരുണത്തിലാണ് രൂപ ഒരു അന്തര്‍ദ്ദേശീയ വിനിമയോപാധി ആയി മാറേണ്ടതിന്റെ ആവശ്യകത നമുക്ക് ബോധ്യപ്പെടുന്നത്. ഏതൊരു കറന്‍സിക്കും അന്താരാഷ്ട്ര സ്വീകാര്യത വരണമെങ്കില്‍ അത് സ്വതന്ത്രമായി വിനിമയം ചെയ്യാന്‍ പറ്റുന്നതാവണം. 1990 കള്‍ വരെ ഇന്ത്യന്‍ രൂപ കഠിനമായ നിയന്ത്രണത്തില്‍ ആയിരുന്നു. ഓരോ ഇറക്കുമതിക്കും കയറ്റുമതിക്കും ഓരോ രൂപ പുറത്തേയ്ക്ക് അയയ്ക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും നടപ്പിലായതിലൂടെ കറന്റ് എക്കൗണ്ടില്‍ പൂര്‍ണ്ണ സ്വതന്ത്ര വിനിമയം സാധ്യമായി. പക്ഷേ, കാപിറ്റല്‍, ഫൈനാന്‍ഷ്യല്‍ എക്കൗണ്ടുകളില്‍ നിയന്ത്രണം തുടരുന്നു. ഈ നിയന്ത്രണങ്ങള്‍ മാറ്റിയാല്‍ രൂപ സ്വതന്ത്രമാവും. രാജ്യത്തിനകത്തേക്കും പുറത്തേക്കും മൂലധന പ്രവാഹം ശക്തമാവും. എന്നാല്‍ രാജ്യത്തിനകത്ത് വൈദേശിക നിക്ഷേപം വര്‍ദ്ധിച്ചാല്‍ അത് ഫൈനാഷ്യല്‍ എക്കൗണ്ടില്‍ ഭീമമായ കമ്മി വരുത്തും. ഇന്നത്തെ അവസ്ഥയില്‍ എല്ലാ അര്‍ത്ഥത്തിലും അത് സംഭവിക്കും. കാരണം, ആഭ്യന്തര മൂലധന സമാഹരണം ദേശീയ വരുമാനത്തിന്റെ വളരെ ചെറിയ ശതമാനം മാത്രമാണ്. ആഭ്യന്തര സമ്പാദ്യം വളര്‍ന്നാലേ മൂലധന രൂപീകരണം നടക്കൂ. ആഭ്യന്തര സമ്പാദ്യം വളരണമെങ്കില്‍ പ്രതിശീര്‍ഷ കുടുംബ വരുമാനം അടിസ്ഥാന കുടുംബച്ചെലവുകളേക്കാള്‍ അധികരിക്കണം. അതിന് ഉല്‍പ്പാദനോപാധികളുടെ പരമാവധി ഉപയോഗവും ഉല്‍പ്പാദനവും വര്‍ദ്ധിച്ച്, തൊഴിലും കൂലിയും ആവശ്യകതയെ കവച്ച് വെക്കണം. അങ്ങനെ ദേശീയ സമ്പാദ്യം വര്‍ദ്ധിക്കുമ്പോള്‍, നമ്മള്‍ നടത്തുന്ന അന്താരാഷ്ട്ര നിക്ഷേപവും വര്‍ദ്ധിക്കും.

നമ്മള്‍ കയറ്റി അയക്കുന്ന വസ്തുക്കള്‍ക്ക് എല്ലാം രൂപയില്‍ വില ഈടാക്കുകയും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് രൂപയില്‍ വില നല്‍കുകയും വേണം. അഥവാ, നമ്മുടെ ഇറക്കുമതി ആ നിബന്ധന അംഗീകരിക്കുന്ന രാജ്യങ്ങളില്‍ നിന്നാവണം. ഗാട്ട് കരാറും മറ്റും ഇതിനൊരു വിഘാതമാണ്. ചില പിന്മാറ്റങ്ങള്‍ക്ക് നമുക്ക് മാനസിക കരുത്ത് ഉണ്ടാവണം.

വികസ്വരവും അര്‍ദ്ധവികസിതവും അവികസികവുമായ രാജ്യങ്ങളെ ഇന്ത്യന്‍ രൂപയില്‍ കടപ്പത്രങ്ങള്‍ ഇറക്കുവാന്‍ പ്രോത്സാഹിപ്പിക്കണം. അവ പൂര്‍ണ്ണമായും നമ്മള്‍ സബ്‌സ്‌ക്രൈബ് ചെയ്ത് അന്താരാഷ്ട്ര പണവിപണിയില്‍ നമ്മള്‍ സാന്നിദ്ധ്യം തെളിയിക്കേണ്ടിയിരിക്കുന്നു. അതുപോലെ, നമ്മുടെ അന്താരാഷ്ട്ര റേറ്റിങ് ഉയര്‍ത്തി ഇന്ത്യന്‍ രൂപയിലുള്ള ബോണ്ടുകള്‍ക്ക് അന്താരാഷ്ട്ര വിപണി സജീവമാക്കുകയും ചെയ്യണം. റേറ്റിങ് ഉയര്‍ത്താന്‍ ഏറ്റവും അനിവാര്യമായിട്ടുള്ള കാര്യം രാഷ്ട്രീയവും സാമ്പത്തികവും ആയ സുസ്ഥിരതയും വളര്‍ച്ചയുമാണ്. വ്യവസായികോല്‍പ്പാദനസൂചിക, തൊഴില്‍ സൂചിക എന്നിവയുടെ ആരോഗ്യകരമായ മുന്നേറ്റം, ദേശീയോല്‍പാദന വളര്‍ച്ചയുടെ നിരക്കില്‍ അധികരിച്ച നേട്ടം, മൊത്തവിലസൂചികയിലും ഉപഭോക്തൃ വില സൂചികയിലും പണപ്പെരുപ്പത്തിലുമുള്ള കുറവ്, സംഘര്‍ഷരഹിതമായ സാമൂഹ്യ-രാഷ്ട്രീയാന്തരീക്ഷം എന്നിവ സുസ്ഥിരതയുടെ മാനദണ്ഡങ്ങള്‍ ആണ്. ഇവ ഒന്നിനൊന്ന് മെച്ചപ്പെടുത്താന്‍ നമുക്കാവണം. ആ ഒരു അവസ്ഥയില്‍, രൂപയിലുള്ള കറന്‍സി ഫ്യൂച്ചറും ഫോര്‍വേഡ് പത്രികകളും എല്ലാം യഥേഷ്ടം വ്യാപനം ചെയ്യന്‍, വിപണനം ചെയ്യാന്‍ പര്യാപ്തമായ വിപണി സംഘടിപ്പിച്ച് എടുക്കാന്‍ നമുക്കാവും.

ഇതിനെല്ലാം ഒരു മറുവശവും ഉണ്ട്. ആഗോളതലത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളോടും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ലോലോന്മുഖമാവും. അതിന്റെ മിന്നല്‍ പിണരുകളെ ചെറുക്കാന്‍ ശക്തമായ സാമ്പത്തിക അടിത്തറ നമുക്കില്ലാത്തിടത്തോളം കാലം, ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും നമ്മുടെ കറന്‍സിയുടെ കരുത്ത്. ശക്തമായ യൂറോ യൂറോപ്പിന്റെ സാമ്പത്തിക അടിത്തറയ്ക്ക് വലിയ ഗുണം ചെയ്തില്ല. ബ്രെക്‌സിറ്റെല്ലാം ആ ദൗര്‍ബല്യത്തിന്റെ ഉപോല്‍പ്പന്നങ്ങള്‍ ആണ്.

ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ സമയത്ത് അന്നത്തെ സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിന് അനുകൂലമായിരുന്നവര്‍ പറഞ്ഞത് ‘നാല്‍പ്പത് വര്‍ഷത്തെ നയങ്ങള്‍ നമ്മെ എവിടെയും എത്തിച്ചില്ല. ഇനി പുതിയ നയം പരീക്ഷിക്കുക തന്നെ വേണം’ എന്നാണ്. അനിനു ശേഷം മുപ്പത് വര്‍ഷത്തോളം പിന്നിട്ടിരിക്കെ നാം എന്ത് നേടി എന്നത് പിന്നെയും ചോദ്യചിഹ്നം തന്നെയായി തുടരുന്നു. ഇനി നമുക്ക് ഒന്ന് തനിച്ച് നടക്കാം, നമ്മുടെ രൂപയെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്.

Comments

comments

Categories: FK Special, Slider
Tags: indian rupee