മനുഷ്യരാശിയുടെ ആകാശസ്വപ്‌നങ്ങള്‍ക്ക് പുതിയ ‘ഊര്‍ജ’മേകുമോ ചാങ്-4

മനുഷ്യരാശിയുടെ ആകാശസ്വപ്‌നങ്ങള്‍ക്ക് പുതിയ ‘ഊര്‍ജ’മേകുമോ ചാങ്-4

ചന്ദ്രനില്‍ ഏറ്റവും അധികം കാണപ്പെടുന്ന നോണ്‍ റേഡിയോ ആക്ടീവ് ഐസോടോപ്പ് വിഭാഗത്തില്‍ പെടുന്ന ഹീലിയം 3 അടുത്ത തലമുറയില്‍ ബഹിരാകാശത്തേക്കുള്ള പര്യവേക്ഷണ വാഹനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാമെന്ന് പറയപ്പെടുന്നു.

ഒരുപാട് കോലാഹലങ്ങളോ പൊങ്ങച്ചങ്ങളോ ഒന്നും തന്നെ ഇല്ലാതെയായിരുന്നു വ്യാഴാഴ്ച ചന്ദ്രന്റെ മറുഭാഗത്ത്(വിദൂരഭാഗം) പേടകമിറക്കി ബഹിരാകാശ രംഗത്ത് ചൈന പുതിയ ചരിത്രം രചിച്ചത്. പക്ഷേ കൊട്ടിഘോഷിക്കപ്പെട്ടില്ല എന്നതുകൊണ്ട് ഈ ചാന്ദ്രദൗത്യവിജയത്തെ കണ്ടില്ലെന്ന് നടിക്കാന്‍ ലോകത്തിന് കഴിയില്ല. കാരണം ആകാശദൗത്യങ്ങള്‍ പലതവണ പാളിപ്പോയ ചൈനയുടെ ഈ ചരിത്രനേട്ടം ബഹിരാകാശ രംഗത്ത് ആധിപത്യം സ്ഥാപിക്കാനുള്ള അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവ് കൂടിയാണ്. മാത്രമല്ല, ഭാവിയിലെ പര്യവേക്ഷണവാഹനങ്ങള്‍ക്ക് ഇന്ധനത്തിനും ബഹിരാകാശ വിനോദ സഞ്ചാരത്തിനും സാധ്യതയുള്ള ഇടമെന്ന പ്രത്യേകതയും ചന്ദ്രനുണ്ട്.

അഞ്ച് വര്‍ഷം മുമ്പ് വിക്ഷേപിച്ച ചൈനയുടെ ആദ്യ ചാന്ദ്രദൗത്യമായ ചാങ്-3 ചന്ദ്രനിലെത്തി ഒരു മാസത്തിനുള്ളില്‍ തന്നെ ചലിക്കാതെയായതും ചൈനയുടെ സ്‌പെയ്‌സ് സ്റ്റേഷന്‍ പദ്ധതിയായ ടിയാങ്‌ഗോങ്-1 കഴിഞ്ഞ വര്‍ഷം നിയന്ത്രണമില്ലാതെ ഭൂമിയില്‍ പതിച്ചതും മൂലം രാജ്യാന്തര ബഹിരാകാശ മത്സരരംഗത്ത് നാണംകെട്ട ചൈനയെ സംബന്ധിച്ചെടുത്തോളം ചാങ്-4ന്റെ വിജയം വിലമതിക്കാനാകാത്തതാണ്. ഇലോണ്‍ മസ്‌ക് തന്റെ സ്റ്റാര്‍ഷിപ്പുകളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും സമീപഭാവിയില്‍ തന്നെ ചൊവ്വാഗ്രഹത്തിലേക്ക് ആളെ അയക്കാന്‍ നാസ കരുനീക്കം നടത്തുകയും ചെയ്യുന്ന ഇക്കാലത്ത് ചാന്ദ്രദൗത്യമെന്നത് അത്ര ആവേശകരമായ ഒന്നായി ആരും കരുതിയിട്ടുണ്ടാകില്ല. എന്നാല്‍ ചന്ദ്രന്റെ വിദൂരഭാഗമെന്നും മറുഭാഗമെന്നും ഇരുണ്ടഭാഗമെന്നും പറയപ്പെടുന്ന ഭൂമിയില്‍ നിന്നും ദൃശ്യമാകാത്ത ഭാഗത്തേക്ക് ആദ്യമായി ദൗത്യം നടത്തി വിജയിച്ച ചൈനയെ ഇന്ന് ബഹിരാകാശലോകം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

‘ചൈന ദശാബ്ദങ്ങള്‍ കൊണ്ട് ചിന്തിക്കുന്നു, എന്നാല്‍ അമേരിക്ക പ്രസിഡന്റ് കാലാവധിക്ക് അനുസരിച്ച് ചിന്തിക്കുന്നു’ എന്നാണ് ചൈനയുടെ ചാങ്-4 വിജയത്തെ കുറിച്ച് നോത്ര ദാം സര്‍വ്വകലാശാലയിലെ ചാന്ദ്ര വിഷയങ്ങളില്‍ വിദഗ്ധനായിട്ടുള്ള ക്ലിവ് നീല്‍ പറഞ്ഞത്. പേടകങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ചൈനയുടെ സാങ്കേതിക മികവിനെ പ്രശംസിക്കാന്‍ ശാസ്ത്രലോകം ഒട്ടും മടി കാണിച്ചില്ല. ചന്ദ്രനില്‍ ധാതുഖനനം നടത്തുക എന്ന ഹ്രസ്വകാല അവസരങ്ങള്‍ക്കുള്ള സാധ്യത വളരെ കുറവാണെന്നും, മറിച്ച് ബഹിരാകാശ പര്യവേക്ഷണരംഗത്ത് ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളാണ് ചാഹ്-4നെ തുടര്‍ന്ന് യഥാര്‍ത്ഥത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും ബഹിരാകാശ വിദഗ്ധര്‍ വ്യക്തമാക്കി.

ചന്ദ്രന്റെ ഇരുണ്ടഭാഗം

ഭൂമിക്ക് അഭിമുഖമായി വരാത്ത ചന്ദ്രന്റെ അര്‍ധഗോളമാണ് മറുഭാഗം,വിദൂരഭാഗം, ഇരുണ്ടഭാഗം (ഫാര്‍സൈഡ്) എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന മേഖല. ഭൂമിയെ ഭ്രമണം ചെയ്യുന്ന അതേ വേഗതയിലാണ് ചന്ദ്രന്‍ സ്വയം കറങ്ങുന്നതും. ‘ടൈഡല്‍ലോക്കിംഗ്’ എന്ന ഈ പ്രത്യേകത മൂലം ഈ വിദൂരഭാഗം ഒരിക്കലും ഭൂമിക്ക് നേരെ വരുന്നില്ല. ഭൂമിയില്‍ നിന്നും ദൃശ്യമല്ലാത്തതിനാലാണ് ഈ ഭാഗത്തെ ഇരുണ്ടഭാഗമെന്ന് വിളിക്കുന്നത്. ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങള്‍ ഇതിന് മുമ്പ് ചന്ദ്രന്റെ മറുഭാഗത്തിന്റെ ചിത്രങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ഈ ഭാഗത്ത് ഇറങ്ങാന്‍ ഒരു പേടകത്തിനും സാധിച്ചിട്ടില്ല.

ചാങ്-4 എന്ന വിജയപേടകം

ഡിസംബര്‍ എട്ടിന് വിക്ഷേപിച്ച ചാങ്ഇ-4 എന്ന ചൈനീസ് പേടകം ഡിസംബര്‍ 12ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. 18 ദിവസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തെത്തിയ ചാങ്-4 ചന്ദ്രന്റെ വിദൂരഭാഗത്ത് നിന്നുള്ള ചിത്രവും ഭൂമിയിലേക്ക് അയച്ചു. മലകളും കുഴികളും നിറഞ്ഞ ഇവിടെ നിന്നും നേരിട്ട് ഭൂമിയിലേക്ക് ആശയവിനിമയം സാധ്യമല്ലാത്തതിനാല്‍ ഖ്യൂഖ്യോ എന്ന മറ്റൊരു ഉപഗ്രഹം വഴിയാണ് ചാങ്-4 ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറുന്നത്.

ഇരുണ്ട ഭാഗത്ത് നിലയുറപ്പിച്ച് കൊണ്ട് അവിടെയുള്ള ധാതുക്കള്‍ ശേഖരിച്ച് അവയെ കുറിച്ച് പഠിക്കുക എന്നതാണ് ചാങ്-4ന്റെ പ്രഖ്യാപിത ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണഭാഗത്തുള്ള ഐയ്റ്റ്കന്‍ എന്ന മേഖലയിലെ ഉപരിതല, ധാതുഘടനകളാണ് ചാങ്-4 പഠനവിഷയമാക്കുക. ക്യാമറകള്‍, റഡാര്‍, സ്‌പെക്്‌ട്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും ചാങ്-4ല്‍ ഉണ്ട്.

അമേരിക്കയുടെ ബഹിരാകാശ എതിരാളി

ബഹിരാകാശരംഗത്ത് തങ്ങളുടെ ശക്തി ഉറപ്പിക്കുക എന്ന ചൈനയുടെ സ്വപ്‌നവും ലക്ഷ്യവുമാണ് ചാങ്-4 ദൗത്യത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. ഭ്രമണപഥ വിക്ഷേപണരംഗത്ത്( ഓര്‍ബിറ്റല്‍ ലോഞ്ചസ്) കഴിഞ്ഞ വര്‍ഷം ചൈന അമേരിക്കയെ മറികടന്നിരുന്നു. അവയില്‍ മിക്കതും സാറ്റലൈറ്റുകളായിരുന്നു. ചാങ്-4ന്റെ വിക്ഷേണത്തോടെ പര്യവേക്ഷണ, ആശയവിനിമയ, ബഹിരാകാശ വാണിജ്യ മേഖലകളില്‍ അമേരിക്കയ്ക്ക് ശക്തരായ എതിരാളികളായി മാറിയിരിക്കുകയാണ് ചൈന.

അമേരിക്ക കാണിക്കാത്ത ധൈര്യമാണ് ചൈന ചെയ്തതെന്ന് ചാങ്-4ന്റെ വിജയത്തെ തുടര്‍ന്ന് മകാവു ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ പ്രഫസറും ചൈനീസ് ബഹിരാകാശ പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഷു മെങ്ഹുവ പറഞ്ഞു.

ഹീലിയം3 എന്ന ‘ഭാവി ഇന്ധനം’

ഛിന്നഗ്രഹങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി, ഇറേഡിയം, പ്ലാറ്റിനം തുടങ്ങിയവയുടെ സാന്നിധ്യം ഉണ്ടോ എന്ന് കണ്ടെത്തുന്നതിലായിരുന്നു എന്നും മനുഷ്യകുലത്തിന് താത്പര്യം. ചന്ദ്രനിലും മനുഷ്യന്റെ ഈ താത്പര്യത്തിന് മാറ്റമില്ല. സമീപഭാവിയില്‍ ഒരു ചാന്ദ്ര-ഖനന ഉദ്യമത്തിനും അതുവഴി മറ്റ് ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും അയക്കുന്ന പേടകങ്ങള്‍ക്ക് ഇന്ധനം നല്‍കുന്ന ഗ്യാസ് സ്റ്റേഷനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ചന്ദനിലെ മനുഷ്യന്റെ പ്രധാനആകര്‍ഷക ഘടകങ്ങളിലൊനാണ് ഹീലിയം 3. നിലവില്‍ ചന്ദ്രനില്‍ നിന്നും ഹീലിയം 3 ഭൂമിയിലേക്ക് എത്തിക്കുക്ക വളരെ ചിലവേറിയ കാര്യമാണ്. നോണ്‍ റേഡിയോ ആക്ടീവ് ഐസോടോപ്പ് വിഭാഗത്തില്‍ പെടുന്ന ഹീലിയം 3 അടുത്ത തലമുറയില്‍ ബഹിരാകാശത്തേക്കുള്ള പര്യവേക്ഷണ വാഹനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാമെന്ന് പറയപ്പെടുന്നു.

ബഹിരാകാശത്ത് ഇന്ധനം ഉണ്ടാകുന്നത് മനുഷ്യരുടെ യാത്രാചിലവുകള്‍ കുറയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇടയില്‍ ഗ്യാസ് സ്റ്റേഷനുകള്‍ ഒന്നും ഇല്ലാതെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും ലോസേഞ്ചലസിലേക്ക് പോകുന്ന കാര്യം ചിന്തിച്ചുനോക്കൂ, ബഹിരാകാശത്ത് നിന്നും ഇന്ധനം ലഭിക്കുമെങ്കില്‍ അത് ചിലവ് കുറയ്ക്കുമെന്ന സ്വകാര്യ ബഹിരാകാശ പേടകങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എക്‌സ്‌പ്രൈസ് എന്ന സംരംഭത്തിന് തുടക്കമിട്ട പീറ്റര്‍ ഡയമണ്ടിസ് എന്ന സംരഭകന്‍ പറയുന്നു.

ഛിന്നഗ്രഹങ്ങളില്‍ ഖനികള്‍ എന്ന ആശയത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ചന്ദ്രനാണ് അതിനുള്ള നല്ല ഇടമെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം ചന്ദ്രനില്‍ ഉപരിതലത്തിന് അടിയില്‍ തന്നെ ധാതുക്കള്‍ കാണപ്പെടുന്നു. ചന്ദ്രനില്‍ ഗുരുത്വാകര്‍ഷണം ഉള്ളതുകൊണ്ടും ഭൂമിയോട് വളരെ അടുത്താണെന്നതു കൊണ്ടും ചന്ദ്രനിലെ ‘നിധികള്‍’ ലഭ്യമാകുക വളരെ എളുപ്പമാണെന്ന് കാള്‍ട്ടണ്‍ സര്‍വ്വകലാശാലയിലെ അലെക്‌സ് എല്ലേരി പറയുന്നു.

ചന്ദ്രനിലെ വിനോദസഞ്ചാര സാധ്യത

ചന്ദ്രനിലേക്ക് മനുഷ്യരാശിയെ എത്തിക്കുക എന്നതായിരിക്കണം ബഹിരാകാശ രംഗത്തെ അടുത്ത ചുവടുവെപ്പ്. ഇത് സംബന്ധിച്ച് അമേരിക്കയില്‍ ഒരു സംവാദം തന്നെ നടക്കുന്നുണ്ട്. എത്രയും പെട്ടന്ന് മനുഷ്യരെ ചന്ദ്രനിലെത്തിക്കണമോ അതോ സമയമെടുത്ത് ചാന്ദ്രനിലയം പണിതശേഷം മനുഷ്യരെ കൊണ്ടുപോകണമോ എന്നതാണ് വിഷയം. നാസയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രണ്ടാമത്തെ അഭിപ്രായത്തോടാണ് യോജിപ്പ്.

‘ചൈനയ്ക്ക് മുമ്പ് നമുക്കവിടെ മനുഷ്യരെ എത്തിക്കണമെന്നാണ് അമേരിക്കയില്‍ ചിലര്‍ പറയുന്നത്. പക്ഷേ നാം ആ ത്സരത്തില്‍ വിജയിച്ചു കഴിഞ്ഞതാണെന്നും തിടുക്കത്തില്‍ ഇടവഴികളില്‍ ചാടാതെ അമേരിക്ക കൂടുതല്‍ ശ്രദ്ധാലുക്കളാകണമെന്നാണ് മറ്റുചിലര്‍ പറയുന്നത്’. സെറാഡറ്റ ബഹിരാകാശ ഗവേഷണ കമ്പനിയിലെ ഡേവിഡ് ടോഡ് പറയുന്നു.

ബഹിരാകാശ വിനോദസഞ്ചാരത്തിന് നല്ല സാധ്യതയുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ചന്ദ്രനായിരിക്കും അതില്‍ വിജയിക്കുകയെന്നും ടോഡ് അഭിപ്രായപ്പെട്ടു.

ബഹിരാകാശ വിനോദ സഞ്ചാര വിഷയത്തില്‍ സര്‍ക്കാര്‍ ധനത്തിന്റെ ഇടപെടലുണ്ടാകുമെന്നും വാണിജ്യ അവസരങ്ങള്‍ ഉണ്ടാകുമെന്നുമാണ് ഇലോണ്‍ മസ്‌ക് ചിന്തിക്കുന്നത്. ചൊവ്വയില്‍ രണ്ടുവര്‍ഷം താമസത്തിന് പോകാനുള്ള സാധ്യതയല്ല , രണ്ടാഴ്ച അവധിയാഘോഷത്തിന് ആളുകള്‍ ചന്ദ്രനില്‍ പോകാനുള്ള സാധ്യതയാണ് താന്‍ കാണുന്നതെന്നും ടോഡ് പറയുന്നു.

‘ഏറ്റവും പുതിയ സാങ്കേതികവിദ്യ ആവശ്യപ്പെടുന്ന ബഹിരാകാശ ദൗത്യങ്ങള്‍ക്ക് തങ്ങള്‍ ശക്തരാണോ എന്ന് ഇനിയും ചൈന സ്വയം പരീക്ഷിക്കും. പക്ഷേ ചന്ദ്രനിലെ ഏറ്റവും പഴയതും ആഴമേറിയതുമായ ഗര്‍ത്തങ്ങളില്‍ എന്തുകൊണ്ടാണ് ചൈന അവരുടെ പേടകങ്ങള്‍ ഇറക്കാന്‍ തെരഞ്ഞെടുക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും നമ്മളിലുയരും. ഭൂമിയുടെ റേഡിയോതംരഗങ്ങള്‍ ഇടയ്ക്ക് വരാത്തതിനാല്‍ ചന്ദ്രന്റെ വിദൂരഭാഗത്ത് നിന്നും, ബഹിരാകാശത്തെ ഏറ്റവും ദൂരെയുള്ള ഇടങ്ങള്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ക്ക് നോക്കിക്കാണാമെന്നതാണ് അതിനുത്തരം’ . ടോഡ് വ്യക്തമാക്കുന്നു.

Comments

comments

Categories: Top Stories
Tags: Chang 4, Helium