2019; കാറുകളും ബൈക്കുകളും കൂടുതല്‍ സുരക്ഷിതമാകുന്ന വര്‍ഷം

2019; കാറുകളും ബൈക്കുകളും കൂടുതല്‍ സുരക്ഷിതമാകുന്ന വര്‍ഷം

വാഹനാപകടങ്ങളെതുടര്‍ന്ന് 2017 ല്‍ ഇന്ത്യയില്‍ 1,47,913 പേര്‍ മരിച്ചു. 4,70,975 പേര്‍ക്ക് പരുക്കേറ്റു

ന്യൂഡെല്‍ഹി : ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ്. വാഹനാപകടങ്ങളെതുടര്‍ന്ന് 2017 ല്‍ ഇന്ത്യയില്‍ 1,47,913 പേര്‍ മരിക്കുകയും 4,70,975 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ 2019 ഓടെ ഇന്ത്യന്‍ നിരത്തുകളിലോടുന്ന കാറുകളും ബൈക്കുകളും കൂടുതല്‍ സുരക്ഷിതമാകും. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെയാണിത്.

2019 ഏപ്രില്‍ ഒന്ന് മുതല്‍ 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നിര്‍ബന്ധമാണ്. 125 സിസി വരെ എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള ഇരുചക്ര വാഹനങ്ങളില്‍ കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റവും (സിബിഎസ്) നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2018 ഏപ്രില്‍ ഒന്നിനുശേഷം വിപണിയിലെത്തിച്ച എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും എബിഎസ്, സിബിഎസ് നിര്‍ബന്ധമാക്കിയെങ്കില്‍ 2019 ഏപ്രില്‍ ഒന്ന് മുതല്‍ വിപണിയില്‍ നിലവിലുള്ള എല്ലാ മോഡലുകളിലും എബിഎസ്, സിബിഎസ് സുരക്ഷാ ഫീച്ചര്‍ ഉണ്ടായിരിക്കണം. ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ നിലവിലെ ബൈക്കുകളില്‍ സിംഗിള്‍ ചാനല്‍ അല്ലെങ്കില്‍ ഡുവല്‍ ചാനല്‍ എബിഎസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. അതുപോലെത്തന്നെ 2018 ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ പുതിയ കാറുകളിലും എബിഎസ് നിര്‍ബന്ധമായിരുന്നു. 2019 ഏപ്രില്‍ മുതല്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും (നിലവിലെ മോഡലുകള്‍ ഉള്‍പ്പെടെ) എബിഎസ് നിര്‍ബന്ധമാണ്.

2019 ജൂലൈ ഒന്ന് മുതല്‍ എല്ലാ കാറുകളിലും ഡ്രൈവര്‍സൈഡ് എയര്‍ബാഗ്, സ്പീഡ് വാണിംഗ് സിസ്റ്റം, ഡ്രൈവര്‍ക്കും സഹ യാത്രികനും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കണം. മണിക്കൂറില്‍ 80 കിലോമീറ്ററിലധികം വേഗത്തിലാണ് കാര്‍ സഞ്ചരിക്കുന്നതെങ്കില്‍ ഓരോ അറുപത് സെക്കന്‍ഡിലും കാറിലെ സ്പീഡ് വാണിംഗ് സിസ്റ്റം നിങ്ങള്‍ക്ക് അലര്‍ട്ട് നല്‍കിക്കൊണ്ടിരിക്കും. കാറിന്റെ വേഗം മണിക്കൂറില്‍ 120 കിലോമീറ്ററില്‍ കൂടിയാല്‍ തുടര്‍ച്ചയായി ബീപ്പ് ശബ്ദം പുറപ്പെടുവിക്കും. സ്പീഡ് വാണിംഗ് സിസ്റ്റം നിങ്ങള്‍ക്ക് ഓഫ് ചെയ്യാന്‍ കഴിയില്ല എന്നതിനാല്‍ തുടര്‍ച്ചയായ അലര്‍ട്ട്/ബീപ്പ് ശബ്ദം അലോസരപ്പെടുത്തുകയും വാഹനത്തിന്റെ വേഗം കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും.

റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ ഇനി എല്ലാ കാറുകളിലും സ്റ്റാന്‍ഡേഡായി ലഭിക്കും. റിവേഴ്‌സ് ഗിയര്‍ എന്‍ഗേജ് ചെയ്താല്‍ സെന്‍സറുകള്‍ ആക്റ്റിവേറ്റ് ചെയ്യപ്പെടും. കാറിന് നേരെ പിന്നില്‍ എന്തെങ്കിലും വസ്തു കണ്ടെത്തിയാല്‍ ഓഡിയോ/വീഡിയോ മുന്നറിയിപ്പ് നല്‍കും. വാഹനത്തിന് പിറകില്‍ അഥവാ കുട്ടികളുണ്ടെങ്കില്‍ അത്യാഹിതം സംഭവിക്കുന്നത് തടയാന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ സഹായിക്കും. കാറിന്റെ കണ്ണാടികളുടെ ദൃഷ്ടിയില്‍പ്പെടാതെയിരിക്കുന്ന പിറകിലെ വസ്തുക്കളുമായി കൂട്ടിയിടിക്കുന്നതും ഒഴിവാക്കാം.

ഫ്രണ്ട് സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ സംബന്ധിച്ചും കാര്‍ മുന്നറിയിപ്പ് ശബ്ദം പുറപ്പെടുവിക്കും. ഡ്രൈവറും മുന്‍സീറ്റ് യാത്രികനും സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ കാറുകള്‍ അലാം പുറപ്പെടുവിക്കും. 2019 ജൂലൈ മുതല്‍ എല്ലാ കാറുകളിലും ഡ്രൈവര്‍സൈഡ് എയര്‍ബാഗ് നിര്‍ബന്ധമാണ്. വാഹനങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ ഗുരുതര പരുക്കുകള്‍ പറ്റാതിരിക്കാന്‍ എയര്‍ബാഗുകള്‍ സഹായിക്കും. എന്നാല്‍ ഇരട്ട എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാണ്. സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റമുള്ള കാറുകളില്‍ മാന്വല്‍ ഓവര്‍റൈഡ് സൗകര്യം ഉണ്ടായിരിക്കണം.

2017 ഒക്‌റ്റോബര്‍ ഒന്നിനുശേഷം വിപണിയിലെത്തിക്കുന്ന എല്ലാ കാറുകളിലും ഫുള്‍ ഫ്രണ്ടല്‍ ഇംപാക്റ്റ്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്റ്റ്, ലാറ്ററല്‍/സൈഡ് ഇംപാക്റ്റ് എന്നിവ കൂടുതല്‍ കര്‍ശനമാണ്. 2019 ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മോഡലുകളും ഈ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കണം. കാല്‍നടക്കാരുടെ സുരക്ഷ സംബന്ധിച്ച പുതിയ മാനദണ്ഡങ്ങള്‍ 2020 മുതല്‍ എല്ലാ പുതിയ മോഡലുകളും പാലിക്കണം. പല വാഹന നിര്‍മ്മാതാക്കള്‍ക്കും നിലവിലെ മോഡലുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി വിപണിയിലെത്തിക്കുകയോ ഉല്‍പ്പാദനം അവസാനിപ്പിക്കുകയോ ചെയ്യേണ്ടിവരും.

Comments

comments

Categories: Auto