വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് 18ന് തുടക്കം

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് 18ന് തുടക്കം

ഗാന്ധിനഗര്‍: ഈ വര്‍ഷം നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ (വിജിജിഎസ്) സംസ്ഥാനത്തെ പുനരുല്‍പ്പാദന ഊര്‍ജ മേഖലയില്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ധാരണയായേക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 18-ാം തിയതിയാണ് ത്രിദിന ബിനാലെ ഉച്ചകോടിക്ക് തുടക്കമാകുക.

ഗുജറാത്തില്‍ പുനരുല്‍പ്പാദന ഊര്‍ജ പദ്ധതികള്‍ വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും വിവിധ കമ്പനികളുമായി ധാരണാപത്രം ഒപ്പുവെക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് പവര്‍ കോര്‍പ് ലിമിറ്റഡ് (ജിപിസിഎല്‍) ദൊലേറ സ്‌പെഷല്‍ ഇന്‍വെസ്റ്റ്‌മെന്റ് റീജണില്‍ നിര്‍മിക്കുന്ന 5000 മെഗാവാട്ട് സൗരോര്‍ജ പാര്‍ക്കിന് തറക്കല്ലിടും. 25,000 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്.

കാറ്റില്‍ നിന്നുള്ള ഊര്‍ജം ഉപയോഗപ്പെടുത്തികൊണ്ട് സംസ്ഥാനത്ത് മറ്റൊരു പദ്ധതി വികസിപ്പിക്കുന്നതിന് എനര്‍ജി ആന്‍ഡ് പെട്രോകെമിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പവറിക്ക ലിമിറ്റഡുമായും കരാര്‍ ഒപ്പുവെക്കും. സൗരാഷ്ട്രയിലെ ദേവ്ഭൂമി ദ്വാരകയില്‍ 1200 കോടി രൂപ ചെലവില്‍ 200 മെഗാവാട്ട് ശേഷിയുള്ള ഒരു പ്ലാന്റ് ആരംഭിക്കാനാണ് കരാര്‍. സൈമണ്‍സ് ഗമേഷ റെന്യൂവബ്ള്‍ പവര്‍ പ്രൈവറ്റ് ലിമിറ്റഡും ഇതേ സ്ഥലത്ത് 200 മെഗാവാട്ട് ശേഷിയില്‍ മറ്റൊരു വിന്‍ഡ് പവര്‍ പ്രൊജക്റ്റ് നിര്‍മിക്കും.

ഗുജറാത്തിലെ കച്ച് ജില്ലയില്‍ 500 മെഗാവാട്ടിന്റെ പദ്ധതിക്കായി സര്‍ജന്‍ റിയാലിറ്റീസ് ലിമിറ്റഡും സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിടും. 3,250 കോടി രൂപയാണ് പദ്ധതി ചെലവ്. കാറ്റില്‍ നിന്നുള്ള ഊര്‍ജത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പദ്ധതിയും. ഗുജറാത്ത് സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോര്‍പ് ലിമിറ്റഡും 323 കോടി രൂപ ചെലവില്‍ ഒരു ഊര്‍ജ പദ്ധതിക്കായുള്ള കരാര്‍ ഒപ്പുവെക്കും.

Comments

comments

Categories: Business & Economy