സുസുകി ജിക്‌സര്‍ 250 ഒരുങ്ങുന്നു

സുസുകി ജിക്‌സര്‍ 250 ഒരുങ്ങുന്നു

ന്യൂഡെല്‍ഹി : ജിക്‌സര്‍ മോഡല്‍ അടിസ്ഥാനമാക്കി സുസുകി വികസിപ്പിക്കുന്ന 250 സിസി മോട്ടോര്‍സൈക്കിളിന്റെ എന്‍ജിന്‍ സംബന്ധിച്ച പേറ്റന്റ് ചിത്രങ്ങള്‍ ചോര്‍ന്നു. എന്‍ജിന്‍ വിശദാംശങ്ങള്‍ പുറത്തായിരിക്കുന്നു. 250 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ് എസ്ഒഎച്ച്‌സി എന്‍ജിനായിരിക്കും സുസുകി ജിക്‌സര്‍ 250 ഉപയോഗിക്കുന്നത്. ചെലവുകള്‍ കുറയ്ക്കുന്നതിന് എന്‍ജിന്‍ എയര്‍ കൂള്‍ഡ് ആയിരിക്കും. അതേസമയം ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സിസ്റ്റം നല്‍കും. എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്ന പവര്‍, ടോര്‍ക്ക് കണക്കുകള്‍ ലഭ്യമായിട്ടില്ല. 20 ബിഎച്ച്പി, 20 എന്‍എം ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചേക്കും.

ജിക്‌സര്‍ 250 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ 200 സിസി- 400 സിസി സെഗ്‌മെന്റില്‍ ചുവടുറപ്പിക്കുകയാണ് സുസുകിയുടെ ലക്ഷ്യം. 2015 മാര്‍ച്ചില്‍ സുസുകി ഇനസൂമ 250 നിര്‍ത്തിയശേഷം ഈ സെഗ്‌മെന്റില്‍ സുസുകിക്ക് മറ്റൊരു മോഡലില്ല. സുസുകി ജിഎസ്എക്‌സ്-എസ്300 മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ് ആയിരിക്കും ഓള്‍-ന്യൂ ജിക്‌സര്‍ 250 ബൈക്ക് സ്വീകരിക്കുന്നത്. ഫീച്ചറുകളാല്‍ സമ്പന്നമായിരിക്കും പുതിയ 250 സിസി മോട്ടോര്‍സൈക്കിളെന്ന് പ്രതീക്ഷിക്കുന്നു. ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ലൈറ്റിംഗ്, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയവ സവിശേഷതകളായിരിക്കും.

വില പിടിച്ചുനിര്‍ത്തുന്നതിന് മുന്നില്‍ ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കുകള്‍ക്ക് പകരം ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ നല്‍കും. സുസുകി ജിക്‌സര്‍ 250 ഇന്ത്യയില്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് വ്യക്തമല്ല. ഈ വര്‍ഷമോ 2020 തുടക്കത്തിലോ വിപണിയിലെത്തിയേക്കും. 1.20 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില. യമഹ എഫ്ഇസഡ്25 ആയിരിക്കും പ്രധാന എതിരാളി. യമഹ എഫ്ഇസഡ്25 മോഡലിനുശേഷം യമഹ ഫേസര്‍ 25 വന്നതുപോലെ ജിക്‌സര്‍ 250 മോഡലിന്റെ ഫുള്ളി ഫെയേര്‍ഡ് വേര്‍ഷന്‍ പിന്നീട് കൊണ്ടുവന്നേക്കും.

Comments

comments

Categories: Auto