ലയന-ഏറ്റെടുക്കലുകളില്‍ 129.4 ബില്യണ്‍ ഡോളറിന്റെ റെക്കോഡ്

ലയന-ഏറ്റെടുക്കലുകളില്‍ 129.4 ബില്യണ്‍ ഡോളറിന്റെ റെക്കോഡ്

ന്യൂഡെല്‍ഹി: ലയന-ഏറ്റെടുക്കല്‍ (എം ആന്‍ഡ് എ) കരാറുകളില്‍ ഇരട്ടി നേട്ടം രേഖപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍. 2018ല്‍ ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുള്ള മൊത്തം 129.4 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ കരാറുകളാണ് പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കരാര്‍ മൂല്യം 104.7 ശതമാനം വര്‍ധിച്ചു. 2007ലെ എം ആന്‍ഡ് എ വാര്‍ഷിക റെക്കോഡാണ് ഇതോടെ മറികടന്നത്. 2007ല്‍ 67.4 ബില്യണ്‍ ഡോളറായിരുന്നു ലയന-ഏറ്റെടുക്കല്‍ കരാറുകളുടെ മൊത്തം മൂല്യം.

ലയന-ഏറ്റെടുക്കല്‍ ഇടപാടുകളുടെ എണ്ണത്തില്‍ 17.2 ശതമാനം വാര്‍ഷിക വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. എം ആന്‍ഡ് എ വിപണിയില്‍ 1980 മുതലുള്ള കാലയളവിലെ ഏറ്റവും തിരക്കേറിയ വര്‍ഷമാണ് കടന്നുപോയതെന്നും തോംസണ്‍ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ കമ്പനികളുമായുള്ള ഇന്ത്യന്‍ കമ്പനികളുടെ ഇടപാടുകളില്‍ 77 ശതമാനം വാര്‍ഷിക വര്‍ധനയാണ് ഉണ്ടായത്. മൊത്തം 55.8 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലകളാണ് വിദേശ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടത്തിയത്. 2017ല്‍ 31.5 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ നടന്ന സ്ഥാനത്താണിത്.

മൂല്യത്തിന്റെയും ഇടപാടുകളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ ഏറ്റെടുക്കലില്‍ മുന്നിലുള്ളത് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. 2018ല്‍ മൊത്തം 22.7 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലുകളാണ് യുഎസ് കമ്പനികള്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎസ് കമ്പനികളുടെ ഏറ്റെടുക്കല്‍ മൂല്യം 273.5 ശതമാനം വര്‍ധിച്ചു. ഇന്ത്യയുടെ വിദേശ എം ആന്‍ഡ് എ പ്രവര്‍ത്തനങ്ങളില്‍ 40.6 ശതമാനം പങ്കാണ് യുഎസ് കമ്പനികള്‍ വഹിക്കുന്നത്.

യുഎസ് ബഹുരാഷ്ട്ര കമ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തതാണ് ഈ വിഭാഗത്തിലെ വമ്പന്‍ കരാര്‍. ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശ ലയന-ഏറ്റെടുക്കല്‍ ഇടപാടുകളില്‍ 12.2 ശതമാനം പങ്കുവഹിക്കുന്നത് ലക്‌സംബര്‍ഗും 9.1 ശതമാനം പങ്കുവഹിക്കുന്നത് യുകെയും 7.7 ശതമാനം പങ്കുവഹിക്കുന്നത് കാനഡയുമാണ്.

ആഭ്യന്തര ലയന-ഏറ്റെടുക്കല്‍ ഇടപാടുകളുടെ മൂല്യം 2017ലെ 26.7 ബില്യണ്‍ ഡോളറില്‍ നിന്നും ഇരട്ടിയിലധികം ഉയര്‍ന്ന് കഴിഞ്ഞ വര്‍ഷം 57.3 ബില്യണ്‍ ഡോളറായിട്ടുണ്ട്. ഇടപാടുകളുടെ എണ്ണം 17.1 ശതമാനം വര്‍ധിച്ചു. ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ബിസിനസുകളില്‍ താല്‍പ്പര്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ലയന-ഏറ്റെടുക്കല്‍ ഇടപാടുകള്‍ ഈ വര്‍ഷവും ഇന്ത്യന്‍ കമ്പനികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy, Slider