2018ലെ തൊഴില്‍ നഷ്ടം 11 മില്യണ്‍; കൂടുതല്‍ നഷ്ടം സ്ത്രീകള്‍ക്ക്

2018ലെ തൊഴില്‍ നഷ്ടം 11 മില്യണ്‍; കൂടുതല്‍ നഷ്ടം സ്ത്രീകള്‍ക്ക്

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 11 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ)യുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴിലില്ലാത്തവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരുന്നതായും സിഎംഐഇ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ നിരക്ക് നവംബറിലെ 6.6 ശതമാനത്തില്‍ നിന്നും 7.4 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്ക് നോക്കുമ്പോള്‍ 397 മില്യണ്‍ ആളുകളാണ് രാജ്യത്ത് തൊഴില്‍ ചെയ്യുന്നത്. 2017 ഡിസംബറിലെ കണക്ക് പ്രകാരം തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 407.9 മില്യണ്‍ ആയിരുന്നു. ഈ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ 10.9 മില്യണ്‍ ആളുകള്‍ക്കാണ് 2018ല്‍ തൊഴില്‍ നഷ്ടമായിട്ടുള്ളത്.

തൊഴില്‍ സൃഷ്ടിയുടെ കാര്യത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് സിഎംഐഇയയുടെ റിപ്പോര്‍ട്ട്. ഗ്രാമ പ്രദേശങ്ങളിലും നഗര മേഖലകളിലും അധിവസിക്കുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും, ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ 66 ശതമാനവും വസിക്കുന്ന ഗ്രാമീണ മേഖലയിലാണ് തൊഴില്‍ നഷ്ടത്തില്‍ 84 ശതമാനവുമെന്നാണ് സിഎംഐഇയുടെ നിരീക്ഷണം.

ഗ്രാമ പ്രദേശങ്ങളിലുള്ള ഏകദേശം 9.1 മില്യണ്‍ ആളുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍ നഷ്ടമായത്. നഗര മേഖലയില്‍ അധിവസിക്കുന്ന 1.8 മില്യണ്‍ പേര്‍ക്ക് ഇക്കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടു. മൊത്തം തൊഴില്‍ നഷ്ടത്തില്‍ 8.8 മില്യണ്‍ സ്ത്രീകളാണ്. ഇതില്‍ 6.5 മില്യണ്‍ സ്ത്രീകള്‍ ഗ്രാമ പ്രദേശങ്ങളിലുള്ളവാണ്. നഗര മേഖലയിലെ 5,00,000 പുരുഷന്മാര്‍ 2018ല്‍ തൊഴില്‍ നേടിയപ്പോള്‍ ഗ്രാമീണ മേഖലയില്‍ നിന്നുള്ള 2.3 മില്യണ്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് തൊഴില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.

തൊഴില്‍ നഷ്ടമായവരില്‍ ഭൂരിഭാഗവും 40 വയസില്‍ താഴെയുള്ളവരും 60 വയസില്‍ മേലെയുള്ളവരുമാണ്. ഏകദേശം 3.7 മില്യണ്‍ മാസശമ്പളക്കാര്‍ക്കാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍ നഷ്ടമായത്. വിദ്യാഭ്യാസമില്ലാവര്‍, കൂലിപ്പണിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരാണ് തൊഴില്‍ നഷ്ടമായവരില്‍ കൂടുതലും. നോട്ട് അസാധുവാക്കല്‍ നയത്തിനുശേഷം തൊഴില്‍ രംഗത്ത് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായതും കൂലിപ്പണിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy, Slider