സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരമളക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 70 ഇന ഗ്രേഡിംഗ്

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരമളക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 70 ഇന ഗ്രേഡിംഗ്

ന്യൂഡെല്‍ഹി: സംസ്ഥാനങ്ങളിവെ വിദ്യാഭ്യാസ നിലവാരം അളക്കുന്നതിനായി 70 ഇന ഗ്രേഡിംഗ് സൂചിക കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അവതരിപ്പിച്ചു. ഒരോ ഇനത്തിലും ആയിരത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കുകയെന്നും സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ന്യൂനതകള്‍ തിരിച്ചറിയാന്‍ സൂചിക സഹായിക്കുമെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ തമ്മില്‍ നിലവാരമുയര്‍ത്തുന്നതിനായുള്ള ആരോഗ്യകരമായ മല്‍സരം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകള്‍, നേതൃതലങ്ങളിലേക്കുള്ള നേരിട്ടുള്ള നിയമനങ്ങളുടെ എണ്ണം, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം എന്നിവ ഗ്രേഡിംഗിന്റെ ഭാഗമായി വിലയിരുത്തപ്പെടും. നേരത്തേ നിതി ആയോഗ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം അളക്കുന്ന 33 ഇന സൂചിക തയാറാക്കിയിരുന്നു.

നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിംഗിന്റെ (എന്‍സിഇആര്‍ടി) കൂടുതല്‍ പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനും മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിനു മുമ്പ് 2 കോടി ബുക്കുകള്‍ മാത്രമാണ് ഒരു വര്‍ഷം അച്ചടിച്ചിരുന്നത്. ഈ വര്‍ഷം 6 കോടി ബുക്കുകള്‍ അച്ചടിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും കുറഞ്ഞ വിലയില്‍ ഗുണമേന്‍മയുള്ള പുസ്തകങ്ങള്‍ ലഭിക്കാനുള്ള അവകാശമുണ്ടെന്ന് ജാവദേക്കര്‍ പറഞ്ഞു.

സമഗ്രമായ വിദ്യാഭ്യാസം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാനായി സ്‌കൂള്‍ കരിക്കുലം പുനഃപരിശോധിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ശാരീരിക ക്ഷമത ഉറപ്പാക്കുന്നതിനുള്ള പഠനത്തിനും മൂല്യങ്ങളുടെ പഠനത്തിനും സമയം ഉള്‍പ്പെടുത്തും. ജീവിത ശേഷികള്‍ വികസിപ്പിക്കുന്നതിനും അനുഭവങ്ങളിലൂടെയുള്ള പഠനത്തിനും അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Current Affairs, Slider