ആധാര്‍ വഴി ലാഭിച്ചത് 90,000 കോടി: ജയ്റ്റ്‌ലി

ആധാര്‍ വഴി ലാഭിച്ചത് 90,000 കോടി: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: സബ്‌സിഡികള്‍ ആധാറുമായി ബന്ധപ്പെടുത്തി വിതരണം ചെയ്തതിലൂടെ 90,000 കോടി രൂപ രാജ്യത്തിന് ലാഭിക്കാനായെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 2018 മാര്‍ച്ച് വരെയുള്ള കണക്കാണിത്. ആനുകൂല്യങ്ങള്‍ വ്യാജമായി പറ്റിയിരുന്ന നിരവധി വ്യാജ ഗുണഭോക്താക്കളെ പട്ടികയില്‍ ഒഴിവാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ഫേസ്ബുക്ക് ബ്ലോഗില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. ആധാര്‍ വലിയ പരിവര്‍ത്തനം കൊണ്ടുവന്ന പദ്ധതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പോലെ മൂന്ന് വലിയ ക്ഷേമ പരിപാടികള്‍ നടത്താന്‍ ആധാറിന്റെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ”ലോക ബാങ്ക് തയാറാക്കിയ ഡിജിറ്റല്‍ ഡിവിഡന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ആധാറിന്റെ ഉപയോഗത്തിലൂടെ പ്രതിവര്‍ഷം 77,000 കോടി രൂപ ഇന്ത്യക്ക് ലാഭിക്കാമെന്നാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ അത്ര വിശാലമായ മൂന്ന് ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനുള്ള പണം ഇപ്രകാരം ലഭിക്കും,’ അദ്ദേഹം എഴുതി. രാജ്യത്തെ 10.74 കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയാണ് മോഡി കെയര്‍ എന്ന പേരിലും അറിയപ്പെടുന്ന ആയുഷ്മാന്‍ ഭാരത്.

ഇതുവരെ ആധാറിലൂടെ വിതരണം ചെയ്തത് 1,68,868 കോടി രൂപയാണെന്ന് ധനമന്ത്രി അറിയിച്ചു. 2016 ല്‍ ആധാര്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയ ശേഷമുള്ള 28 മാസങ്ങള്‍ കൊണ്ട് 122 കോടി ആളുകള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നല്‍കി. 18 വയസിന് മുകളിലുള്ള രാജ്യത്തെ ജനങ്ങളില്‍ 99 ശതമാനം ആളുകള്‍ക്കും ആധാര്‍ ലഭിച്ചു കഴിഞ്ഞു. പാചക വാതക സബ്‌സിഡി പദ്ധതിയായ ‘പഹല്‍’, ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക കണക്ഷനുകള്‍ നല്‍കുന് ഉജ്വല പദ്ധതി എന്നിവയിലൂടെ 22.80 കോടി ഉപഭോക്താക്കള്‍ക്കാണ് ആധാര്‍ മുഖേന സബ്‌സിഡി തുക കൈമാറിയത്. 58.24 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍, 10.33 കോടി തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍, 1.93 കോടി വിധവാ-ഭിന്നശേഷി പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കെല്ലാമുള്ള തുക ആധാര്‍ മുഖേനയാണ് കൈമാറുന്നത്. 21 കോടി പാന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ചെന്ന് ധനമന്ത്രി വ്യക്തമാക്കി.
പ്രതിദീനം ശരാശരി 2.79 കോടി ആധാര്‍ ബന്ധിത ഇടപാടുകള്‍ക്ക് യുഐഡിഎഐ അനുമതി നല്‍കുന്നുണ്ട്. 425 കോടി സബ്‌സിഡികളാണ് ഇതുവരെ കൈമാറിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ണായക നേതൃത്വമാണ് ആധാര്‍ പദ്ധതിയുടെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കിയതെന്നും ജയ്റ്റ്‌ലി പറഞ്ഞു. വിരുദ്ധാഭിപ്രായങ്ങളുടെയും തീരുമാനങ്ങളെടുക്കാനുള്ള വിമുഖതയുടെയും പശ്ചാത്തലത്തില്‍ യുപിഎ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതിന് തയാറായിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ആധാര്‍ സ്വകാര്യതയെ ലംഘിക്കുന്നെന്ന ആരോപണം തള്ളിക്കളയുകയും ഭരണഘടനാപരമായി ശരിയാണെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിക്കഴിഞ്ഞു. പദ്ധതി ആരംഭിച്ചത് നന്ദന്‍ നിലേക്കനിയും നടത്തിപ്പിന് ദിശാബോധം നല്‍കിയത് ഡോ. അജയ് ഭൂഷണ്‍ പാണ്ഡെയുമാണെന്നും ജയ്റ്റ്‌ലി അനുസ്മരിച്ചു.

Comments

comments

Categories: Current Affairs, Slider