യുഎഇയില്‍ ഈസിയായി കാറ് വാടകയ്‌ക്കെടുക്കാന്‍ ഫൈനല്‍റെന്റല്‍സ്

യുഎഇയില്‍ ഈസിയായി കാറ് വാടകയ്‌ക്കെടുക്കാന്‍ ഫൈനല്‍റെന്റല്‍സ്

പന്ത്രണ്ടു വര്‍ഷമായി മുഴുവന്‍ സമയ സംരഭകനും വാടക കാര്‍ മേഖലയിലെ ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ ബുക്കിംഗ് സംവിധാനത്തിന്റെ മുഖ്യശില്‍പ്പിയുമായ അമ്മാര്‍ അക്തറിന് യുഎഇയില്‍ കാറ് വാടകയ്‌ക്കെടുക്കുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നന്നായിട്ടറിയാം. മോശം കസ്റ്റമര്‍ സര്‍വ്വീസ്, പൂരിപ്പിക്കേണ്ട അപേക്ഷകളുടെ കടലാസുകെട്ട്, ഉയര്‍ന്ന വാടക തുടങ്ങിയ ഘടകങ്ങളാണ് 2016ല്‍ ഫൈനല്‍റെന്റല്‍സ് എന്ന പോര്‍ട്ടല്‍ ആരംഭിക്കാന്‍ അക്തറിന് പ്രേരണയായത്.

ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും കാറ് വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സമീപിക്കാവുന്ന ഇടമായി മാറി പിന്നീട് ഫൈനല്‍റെന്റല്‍സ്. ഓരോ ഇടപാടിനും ലഭിക്കുന്ന കമ്മീഷനാണ് ഫൈനല്‍റെന്റലിന്റെ വരുമാനം.ആഗോള വാടക കാര്‍(കാര്‍ റെന്റല്‍) കമ്പനികളായ ഡോളര്‍, ത്രിഫ്റ്റി, ബജറ്റ് റെന്റ് എ കാര്‍ തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം യുഎഇയില്‍ ഇന്ന് ഫൈനല്‍റെന്റല്‍സിന്റെ ഭാഗമാണ്.

‘പരമ്പരാഗത വാടക കാര്‍ മേഖലയില്‍ നേരത്തെ ഒരുപാട് പോരായ്മകള്‍ ഉണ്ടായിരുന്നു. പൂര്‍ണമായും ഡിജിറ്റലാകുക എന്നതായിരുന്നു ഈ പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ കണ്ട പരിഹാരം’. പാക്കിസ്താനി പൗരനായ അക്തര്‍ പറയുന്നു.

‘ഫൈനല്‍റെന്റെല്‍സ് വഴി നിങ്ങള്‍ക്ക് ഓണ്‍ലൈനായി കാര്‍ വാടകയ്‌ക്കെടുക്കാം. ഇതിനായി ഒരു കടലാസും പൂരിപ്പിച്ച് നല്‍കേണ്ടതില്ല. ഒരു ബുദ്ധിമുട്ടും അനുഭവിക്കുകയും വേണ്ട. ഡിജിറ്റല്‍ സൗകര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് പരമാവധി സേവനം ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഡ്രൈവിംഗ് ലൈസന്‍സും മറ്റു രേഖകളും ഒരിക്കല്‍ ഡിജിറ്റലായി സൂക്ഷിച്ചുകഴിഞ്ഞാല്‍ ഓരോ ഇടപാടിലും വീണ്ടും നല്‍കേണ്ടതില്ല എന്നതാണ് ഈ സംവിധാനത്തിന്റെ മെച്ചം. അങ്ങനെ ഒരുപാട് സമയം ലാഭിക്കാന്‍ സാധിക്കുന്നു’.

വിമാനത്താവളങ്ങള്‍, മാളുകള്‍, തുടങ്ങി യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളിലും സേവനം നല്‍കുന്ന ഏക വാടക കാര്‍ പ്ലാറ്റ്‌ഫോമാണ് ഫൈനല്‍റെന്റല്‍സ്. സന്ദര്‍ശകര്‍ക്കായി യുഎഇയിലെ 400ഓളം കേന്ദ്രങ്ങളില്‍ കാര്‍ വാടകയ്ക്ക് എടുക്കാനുള്ള സൗകര്യം ഫൈനല്‍റെന്റല്‍സ് നല്‍കുന്നു.

ബജറ്റ് കുറവാണെന്നതിനാല്‍ മാര്‍ക്കറ്റിംഗാണ് ഫൈനല്‍റെന്റല്‍സിന് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതെന്ന് അക്തര്‍ സമ്മതിക്കുന്നു. എന്നാല്‍ ആളുകള്‍ പറഞ്ഞറിഞ്ഞും അല്ലാതെയും ഇതിനോടകം തന്നെ നിരവധി പേര്‍ ഫൈനല്‍റെന്റല്‍സിനെ ആശ്രയിക്കുന്നു.

വാടക കാര്‍ മേഖലയില്‍ ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ചാറ്റ്‌ബോട്ട് അവതരിപ്പിക്കുന്നതടക്കം 2019ല്‍ കൂടുതല്‍ ഓട്ടോമേഷനിലേക്കും ഇന്നവേഷനുകളിലേക്കും കടക്കാനൊരുങ്ങുകയാണ് ഫൈനല്‍റെന്റല്‍സ്.

ഉപഭോക്താക്കളുടെ അനുഭവത്തിലും സന്തോഷത്തിലുമാണ് ഓരോ സംരഭത്തിന്റെയും ഭാവി. അതുതന്നെയാണ് തങ്ങളുടെ വിജയമെന്ന് അക്തര്‍ പറയുന്നു.

Comments

comments

Categories: Arabia
Tags: UAE