സേവന മേഖലയിലെ വളര്‍ച്ചയില്‍ ഇടിവ്; പിഎംഐ 53.2ല്‍

സേവന മേഖലയിലെ വളര്‍ച്ചയില്‍ ഇടിവ്; പിഎംഐ 53.2ല്‍

സേവന മേഖലയിലെ ഭാവിയെ സംബന്ധിച്ചുള്ള ശുഭപ്രതീക്ഷ മൂന്നു മാസത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ്

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയില്‍ കഴിഞ്ഞമാസം വളര്‍ച്ച അനുഭവപ്പെട്ടെങ്കിലും മുന്‍മാസമായ നവംബറിനെ അപേക്ഷിച്ച് കുറഞ്ഞ വേഗത്തിലായിരുന്നുവെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ റിപ്പോര്‍ട്ട്. നിക്കെയ് സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് (പിഎംഐ) സൂചിക നവംബറിലെ 53.7 ല്‍ നിന്നും ഡിസംബറില്‍ 53.2ലേക്ക് താഴ്ന്നു.

നാല് മാസത്തിനിടയില്‍ സേവന മേഖലയിലെ പ്രകടനത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയായിരുന്നു നവംബറിലേത്. സൂചിക 50ല്‍ താഴെയാണെങ്കിലാണ് മേഖലയുടെ തളര്‍ച്ച സൂചിപ്പിക്കുന്നത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ രാദ്യത്തെ സേവന മേഖലയിലെ സ്ഥാപനങ്ങളുടെ ശരാശരി പ്രകടനം ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കരുത്തുറ്റ നിലയിലാണ്. ഇത് നിയമനങ്ങള്‍ വേഗത്തിലാക്കുവാന്‍ ബിസിനസുകളെ പ്രേരിപ്പിക്കുന്നുണ്ട്.
ഇന്ത്യയുടെ സേവന മേഖല പോസിറ്റിവ് തലത്തില്‍ തന്നെ ഡിസംബറിലും തുടരുകയാണെന്നും പുതിയ ബിസിനസുകളും തൊഴിലവസരങ്ങളും ഉയര്‍ച്ചയുടെ പാതയില്‍ തന്നെയാണെന്നും ഐഎച്ച്എസ് മാര്‍ക്കിറ്റിലെ പ്രിന്‍സിപ്പിള്‍ ഇക്ക്‌ണോമിസ്റ്റായ പോള്യാന്ന ഡി ലിമ പറഞ്ഞു. വിദേശത്തു നിന്നുള്ള ആവശ്യകതയില്‍ തുടര്‍ച്ചയായി രണ്ടാം മാസവും അനുഭവപ്പെട്ട ഇടിവാണ് സേവന മേഖലയിലെ വളര്‍ച്ചാ നിരക്ക് കുറയ്ക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. സേവന മേഖലയിലെ മൊത്തം ആവശ്യകത നവംബറിലെ 53.3 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ മാസം 52.7 ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്നും നിക്കെയുടെ ഉപ സൂചിക വ്യക്തമാക്കുന്നു.

മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ചയിലും കഴിഞ്ഞ മാസം ഇടിവ് നിരീക്ഷിച്ചിട്ടുണ്ടെന്നാണ് നേരത്തേ പുറത്തിറങ്ങിയ നിക്കെയ് സര്‍വേ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതോടെ മാനുഫാക്ച്ചറിംഗ്-സേവന മേഖലകളെ ഒന്നിച്ച് വിലയിരുത്തുന്ന നിക്കെയ് ഇന്ത്യ കോംപോസിറ്റ് പിഎംഐ നവംബറിലെ 54.5ല്‍ നിന്നും ഡിസംബറില്‍ 53.6ലേക്ക് താഴ്ന്നു. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലായിരുന്നു നവംബറില്‍ സംയോജിത പിഎംഐ.

സേവന മേഖലയിലെ ഭാവിയെ സംബന്ധിച്ചുള്ള ശുഭപ്രതീക്ഷ മൂന്നു മാസത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിയിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പ് വര്‍ഷം എന്ന നിലയ്ക്ക് സംഭവിക്കാവുന്ന അനിശ്ചിതാവസ്ഥകള്‍ക്കിടയിലും മികച്ച മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് ബിസിനസുകള്‍ പ്രതീക്ഷിക്കുന്നത്. 2017 മേയ് മുതലുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ തലത്തിലാണ് പ്രവര്‍ത്തന ചെലവുകളില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. എന്നാല്‍ വിവിധ തരത്തിലുണ്ടായ ചാര്‍ജുകളിലുണ്ടായ വര്‍ധന മൂലം ഉപയോക്താക്കള്‍ക്കുള്ള അന്തിമ വിലയില്‍ വര്‍ധനയാണ് ഡിസംബറില്‍ അനുഭവപ്പെട്ടത്.

Comments

comments

Categories: FK News