ഗംഗാ നദിയുടെ 80 ശതമാനവും മാര്‍ച്ചോടെ ശുദ്ധീകരിക്കും

ഗംഗാ നദിയുടെ 80 ശതമാനവും മാര്‍ച്ചോടെ ശുദ്ധീകരിക്കും

നടപ്പാക്കുന്നത് 254 പദ്ധതികള്‍; 4,871 കിലോമീറ്റര്‍ നീളത്തില്‍ അഴുക്കുചാലുകളും പ്രതിദിനം 3,083 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരണ പ്ലാന്റുകളും നിര്‍മിക്കും

വാരാണസി: ഗംഗാ ശുചീകരണമെന്ന ഭഗീരഥ പ്രയത്‌നത്തില്‍ വിജയത്തോടടുത്ത് കേന്ദ്ര സര്‍ക്കാര്‍. നമാമി ഗംഗേ യത്‌നത്തിലൂടെ നദിയുടെ 80 ശതമാനം ഭാഗങ്ങളും ജലവും മാര്‍ച്ച് മാസത്തോടെ ശുദ്ധീകരിക്കാനാകുമെന്ന് സര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാര്‍ച്ച് മാസത്തോടെ ഏറെ ശുചിയായ ഗംഗാ നദിയെ രാജ്യത്തിന് ദര്‍ശിക്കാനാവുമെന്ന് ഗംഗാ ശൂചീകരണ വകുപ്പിന്റെ സഹമന്ത്രി ഡോ. സത്യപാല്‍ സിംഗ് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ഗംഗാ ശുചീകരണ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ഇക്കാര്യം സ്ഥിരീകരിച്ചു. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച ഗംഗാ ശുചീകരണ പദ്ധതി സര്‍ക്കാരിന്റെയും ബിജെപിയുടെയും അഭിമാന വിഷയങ്ങളിലൊന്നാണ്. തുടക്കത്തില്‍ ഉമാഭാരതി കൈകാര്യം ചെയ്തിരുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങിയതോടെയാണ് ഗഡ്കരിക്ക് ചുമതല നല്‍കിയത്. ഗഡ്കരി പ്രഖ്യാപിച്ച കര്‍മ പദ്ധതി ഗണ്യമായ പുരോഗതിയാണ് ശുചീകരണ യത്‌നത്തില്‍ കൊണ്ടുവന്നതെന്നാണ് വിലയിരുത്തല്‍.

2018 നവംബര്‍ മാസം വരെ 24,872 കോടി രൂപ ഗംഗാ ശുചീകരണത്തിനായി അനുവദിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അഴുക്കു ചാലുകളുടെയും മാലിന്യ സംസ്‌കരണ ശാലകളുടെയും നിര്‍മാണം, ബാക്ടീരിയകളെ ഉപയോഗിച്ചുള്ള മാലിന്യ നിര്‍മാര്‍ജന സംവിധാനം, ഗ്രാമീണ മേഖലകളില്‍ ശൗചാലയ നിര്‍മാണം, വ്യാവസായിക മാലിന്യ സംസ്‌കരണ സംവിധാനം, കടവുകളുടെയും ശ്മശാനങ്ങളുടെയും വികസനം, നദിയുടെ ഉപരിതല ശുചീകരണം തുടങ്ങിയ മേഖലകളില്‍ 254 പദ്ധതികളാണ് നടപ്പാക്കിയത്. നദീ ജലത്തിലെ ഓക്‌സിജന്റെ അംശം വര്‍ധിച്ചെന്ന് 39 സ്ഥലങ്ങളിലെ പരിശോധനയിലൂടെ വ്യക്തമായി. കോളിഫോം ബാക്റ്റീരിയ ഗണ്യമായി കുറഞ്ഞെന്ന് 47 ഇടങ്ങളിലെ പരിശോധനകള്‍ സ്ഥിരീകരിക്കുന്നു.

നവംബര്‍ മാസം വരെ മാലിന്യ സംസ്‌കരണത്തിനുള്ള 131 പദ്ധതികള്‍ക്കായി 19,742 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 105 പദ്ധതികള്‍ ഗംഗാ തടത്തിലും 26 പദ്ധതികള്‍ കൈവഴികളായ നദികളിലുമാണ്. 4,871 കിലോമീറ്റര്‍ നീളത്തില്‍ അഴുക്കുചാലുകളും പ്രതിദിനം 3,083 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റുകളും നിര്‍മിക്കാനാണ് പദ്ധതി. ഇതില്‍ 2,268 കിലോമീറ്റര്‍ അഴുക്കുചാലുകളും 560 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാനുള്ള സംവിധാനവുമടക്കം 31 പദ്ധതികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനമാരംഭിച്ചു. 2014-18 കാലയളവില്‍ അനുവദിച്ച 6,131.22 കോടി രൂപയില്‍ 4,994.10 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

നമാമി ഗംഗേ പദ്ധതിയുടെ കീഴില്‍ കേന്ദ്ര മാലിന്യ നിയന്ത്രണ ബോര്‍ഡാണ് ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നത്. കുളിക്കാനാവശ്യമായ ഗുണനിലവാരമുള്ള ജലം എന്ന രീതിയില്‍ ഗംഗാ ജലത്തിന്റെ മേന്‍മ വര്‍ധിച്ചിട്ടുണ്ട്. പാരിസ്ഥിതിക വ്യവസ്ഥയെ പിന്താങ്ങുന്ന രീതിയില്‍ എല്ലാ സീസണുകളിലും ജലം ശുദ്ധമായി കാണപ്പെടുന്നുണ്ടെന്ന് ഏജന്‍സി വ്യക്തമാക്കുന്നു.

Comments

comments

Categories: FK News, Slider