ഇലക്ട്രിക് വാഹനങ്ങളുടെ നോര്‍വീജിയന്‍ വിജയഗാഥ

ഇലക്ട്രിക് വാഹനങ്ങളുടെ നോര്‍വീജിയന്‍ വിജയഗാഥ

2018 ല്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ നോര്‍വെ നേടിയത് നാല്‍പ്പത് ശതമാനം വളര്‍ച്ച

2018 ല്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ നോര്‍വെ നേടിയത് നാല്‍പ്പത് ശതമാനം വളര്‍ച്ച. കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത മൂന്നിലൊന്ന് വാഹനങ്ങള്‍ ഓള്‍-ഇലക്ട്രിക് ആയിരുന്നു. 1,47,929 പുതിയ പാസഞ്ചര്‍ കാറുകളാണ് 2018 ല്‍ നോര്‍വെയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 31.2 ശതമാനം ഓള്‍-ഇലക്ട്രിക് വാഹനങ്ങളാണ്. പ്ലഗ്-ഇന്‍ വാഹനങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഇത് 49.1 ശതമാനമായി വര്‍ധിക്കും. എത്ര വേഗത്തില്‍ ഇലക്ട്രിക് വാഹന വ്യാപനം കൈവരിക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഈ യൂറോപ്യന്‍ രാജ്യം.

2017 ല്‍ ഓള്‍-ഇലക്ട്രിക് വാഹന വില്‍പ്പന 20.8 ശതമാനമായിരുന്നുവെന്ന് നോര്‍വീജിയന്‍ റോഡ് ട്രാഫിക് ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കുന്നു. 2013 ലെ വെറും 5.5 ശതമാനത്തില്‍നിന്നാണ് 2017 ലെയും 2018 ലെയും ഈ വളര്‍ച്ച. അതേസമയം ആന്തരിക ദഹന എന്‍ജിന്‍ വാഹനങ്ങളുടെ വില്‍പ്പന ഇടിഞ്ഞു. രസകരമായ മറ്റൊരു സംഗതി എന്തെന്നാല്‍, ഇന്ത്യയില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ഇലക്ട്രിക് കാറുകള്‍ 2013 ല്‍ നോര്‍വീജിയന്‍ നിരത്തുകളില്‍ ഓടിയിരുന്നു.

നിസാന്‍ ലീഫ് കോംപാക്റ്റ് ഹാച്ച്ബാക്കാണ് നോര്‍വെയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഓള്‍-ഇലക്ട്രിക് കാര്‍. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ടെസ്‌ല കാറുകള്‍ വിറ്റഴിക്കുന്നത് നോര്‍വെയിലാണ്. 2018 ല്‍ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ നോര്‍വെയില്‍ 8,623 വാഹനങ്ങള്‍ ഡെലിവറി ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ 161 യൂണിറ്റ് കൂടുതല്‍. 2019 ല്‍ ടെസ്‌ല മോഡല്‍ 3, ഔഡി ഇ-ട്രോണ്‍ എന്നീ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുന്നതോടെ നോര്‍വെയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന പിന്നെയും പൊടിപൊടിക്കും. 2019 ല്‍ നോര്‍വെയിലെ ഓള്‍-ഇലക്ട്രിക് വാഹന വില്‍പ്പന ആകെ വാഹന വില്‍പ്പനയുടെ 70 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ തങ്ങളുടേതായ വിജയഭാഷ്യം ചമയ്ക്കുകയാണ് യൂറോപ്പിന്റെ നോര്‍ഡിക് മേഖലയില്‍ കിടക്കുന്ന രാജ്യം. ഇലക്ട്രിക് വാഹനങ്ങളുടെ പുണ്യഭൂമിയാണ് നോര്‍വെ എന്ന് പറയാം. ഇലക്ട്രിക് വാഹന വില്‍പ്പനയിലെ ആഗോള ലീഡര്‍. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കിടയിലെ പോസ്റ്റര്‍ ബോയ് എന്ന വിശേഷണവും അര്‍ഹിക്കുന്നു. ഇന്ത്യ 2032 ല്‍ നേടാന്‍ ആഗ്രഹിക്കുന്ന വിജയമാണ് നോര്‍വെ 2018 ല്‍ സാക്ഷാല്‍ക്കരിച്ചത്. ഇന്ത്യയുടേത് വല്ലാത്ത ലക്ഷ്യം നിശ്ചയിക്കലായിപ്പോയി എന്ന് ചൂണ്ടിക്കാട്ടുന്ന വിദഗ്ധര്‍ കുറവല്ല. നോര്‍വെ എന്ന രാജ്യം വ്യത്യസ്തമായി ചെയ്തത് എന്തെല്ലാമെന്ന് അന്വേഷിച്ചാല്‍ അനുകരിക്കാന്‍ ധാരാളമുണ്ടാകും.

നോര്‍വെയുടെ കാനേഷുമാരി പരിശോധിച്ചാല്‍ ജനസംഖ്യ 53 ലക്ഷത്തോളം മാത്രമേ വരികയുള്ളൂ. നോര്‍വെ ജനസംഖ്യയേക്കാള്‍ ഏകദേശം നാല് മടങ്ങ് അധികം വരും ഇന്ത്യയില്‍ വിറ്റ ഹോണ്ട ആക്റ്റിവകള്‍. 2025 ഓടെ എല്ലാ പുതിയ കാറുകളും ഓള്‍-ഇലക്ട്രിക് ആയിരിക്കണമെന്ന ലക്ഷ്യമാണ് നോര്‍വെയുടേത്. നോര്‍വെയുടെ കാര്യത്തില്‍, ഈ ലക്ഷ്യം കൈവരിക്കല്‍ അസാധ്യമാണെന്ന് പറയാന്‍ കഴിയില്ല. ഏകദേശം 3,500 യുഎസ് ഡോളറാണ് നോര്‍വീജിയന്‍ ജനതയുടെ ശരാശരി പ്രതിമാസ വരുമാനം. ഇക്കാരണം കൊണ്ടുതന്നെ, വില കൂടുതലുള്ള ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ നോര്‍വെയിലെ ജനങ്ങള്‍ക്ക് സാമ്പത്തികമായി കഴിയും. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനം ആ രാജ്യത്ത് കുറേക്കൂടി എളുപ്പമാണ്.

ബാറ്ററിയിലോടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രോത്സാഹനങ്ങള്‍ പലവിധമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മിക്ക നികുതികളും ഒഴിവാക്കിക്കൊടുത്തു. മാത്രമല്ല സൗജന്യ പാര്‍ക്കിംഗും ചാര്‍ജിംഗ് പോയന്റുകളും പ്രഖ്യാപിക്കുകയും ഏര്‍പ്പെടുത്തുകയും ചെയ്തു. ഡീസല്‍, പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങള്‍ കാണുമ്പോള്‍ നോര്‍വീജിയന്‍ ജനത മുഖം തിരിക്കാന്‍ ഇതെല്ലാം കാരണങ്ങളായി. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന്റെ വേഗം വര്‍ധിപ്പിച്ചു.

എന്നാല്‍ വാഹനങ്ങളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ ഇനിയുമേറെ പോകാനുണ്ടെന്ന് നോര്‍വീജിയന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ എണ്ണയുല്‍പ്പാദക രാജ്യമായിട്ടും ആന്തരിക ദഹന എന്‍ജിന്‍ വാഹനങ്ങള്‍ വേണ്ടെന്ന നിലപാടാണ് നോര്‍വെയടേത്. ചൈന, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ നോര്‍വെ നാഴികകള്‍ മുന്നില്‍ സഞ്ചരിക്കുന്നു. ചൈനയില്‍ 2.2 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍. ടെസ്‌ലയുടെ നാടായ അമേരിക്കയിലാകട്ടെ 1.2 ശതമാനം മാത്രം. ഇന്ത്യയില്‍ ഒരു ശതമാനത്തില്‍ താഴെ.

Comments

comments

Categories: Auto