മൂലധന പര്യാപ്തത ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി

മൂലധന പര്യാപ്തത ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി

പൊതുമേഖലാ ബാങ്കുകളുടെ തലവന്‍മാര്‍ക്ക് വിരമിക്കല്‍ പ്രായം 70 വയസാക്കുന്നതിനും സമിതി ശുപാര്‍ശ ചെയ്യുന്നു

ന്യൂഡെല്‍ഹി: ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മൂലധന പര്യാപ്തത ചട്ടങ്ങളില്‍ ഇളവു വരുത്തണമെന്ന് മുന്‍ കേന്ദ്ര മന്ത്രി എം വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ബാങ്കിംഗ് മേഖലയിലെ നിയന്ത്രക സംവിധാനം എന്ന നിലയിലുള്ള ആര്‍ബിഐ യുടെ ചുമതലകള്‍ സംബന്ധിച്ച് ഉയരുന്ന ആശങ്കള്‍ പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിക്കണമെന്നും പാര്‍ലമെന്റിന്റെ ധനകാര്യ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

സാമ്പത്തികാരോഗ്യം മോശമായതിനെ തുടര്‍ന്ന് വിവിധ ബാങ്കുകള്‍ക്ക് കേന്ദ്ര ബാങ്ക് ഏര്‍പ്പെടുത്തിയ തിരുത്തല്‍ നടപടികളുടെ ചട്ടക്കൂട് പുനഃപരിശോധിക്കുന്നതിനും സമിതിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യമുന്നയിക്കുന്നുണ്ട്. ബാങ്കുകളിലെ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ പര്യാപ്തമാണോയെന്ന് ആര്‍ബിഐ
പരിശോധിക്കണമെന്നും നിര്‍ദേശിച്ചിരിക്കുന്നു.

പൊതുമേഖലാ ബാങ്കുകളുടെ തലവന്‍മാര്‍ക്ക് വിരമിക്കല്‍ പ്രായം 70 വയസാക്കുന്നതിനും സമിതി ശുപാര്‍ശ ചെയ്യുന്നു. മനുഷ്യ വിഭവ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കുന്നതിനും വികസിപ്പിക്കുന്നതിനും തന്ത്രപരമായ നിലപാടുകള്‍ മുന്നോട്ടുവെക്കേണ്ടതുണ്ടെന്നും നിര്‍ദേശം. വ്യാഴാഴ്ചയാണ് ധനകാര്യ സമിതിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചത്.

ആഗോള തലത്തിലെ ബേസല്‍ 3 മാനദണ്ഡങ്ങള്‍ക്കും മുകളിലാണ് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന മൂലധന പര്യാപ്തത അനുപാതമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബാങ്കുകളുടെ വായ്പാ ശേഷിയെ ആര്‍ബി ഐ പരിമിതപ്പെടുത്തുകയാണ്. ഇത് മൂലധന സഹായത്തിനായി കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാക്കുന്നതായും സമിതി നിരീക്ഷിച്ചു. 21 പൊതുമേഖലാ ബാങ്കുകളില്‍ 9 എണ്ണത്തിനും ഏറെ പഴക്കമുള്ള ചി സ്വകാര്യ ബാങ്കുകളും ആഗോളതലത്തില്‍ പ്രവര്‍ത്തനമുള്ളവയല്ലെന്നും ഇവയ്ക്ക് ബേസല്‍ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമല്ലെന്നും സമിതി നിര്‍ദേശിച്ചു.

തിരുത്തല്‍ നടപടികള്‍ നേരിടുന്ന 11 ബാങ്കുകളെ വേഗത്തില്‍ സ്വാഭാവിക പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന് സഹായകമായ ചട്ടക്കൂട് ആര്‍ബിഐ തയാറാക്കണം. നിലവില്‍ തിരുത്തല്‍ പ്രക്രിയയുടെ പേരില്‍ ആര്‍ബി ഐ സ്വീകരിക്കുന്ന നടപടികള്‍ ഉചിതമല്ലെന്ന് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൂടുതല്‍ ബാങ്കുകളെ തിരുത്തല്‍ നടപടികള്‍ക്ക് വിധേയമാക്കുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് ധനകാര്യ സമിതി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: FK News