അറബ് ലീഗിന് ഇന്ത്യ ആതിഥ്യമരുളും

അറബ് ലീഗിന് ഇന്ത്യ ആതിഥ്യമരുളും

ഇസ്രയേല്‍, സൗദി-യുഎഇ ചേരി, ഖത്തര്‍ എന്നിങ്ങനെ പശ്ചിമേഷ്യയിലെ മൂന്ന് വിരുദ്ധ തലങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങളുമായി ഒരേ സമയം ബന്ധം ശക്തിപ്പെടുത്തുന്ന മോദിയുടെ മികച്ച നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് അറബ് ലീഗിന് ഇന്ത്യ ആതിഥ്യമരുളുന്നത്.

ന്യൂഡല്‍ഹി: അറബ് ലീഗ് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ഇന്ത്യ ആതിഥ്യമരുളും. 22 അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ജനുവരി 31 മുതല്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്ന ദ്വിദിന യോഗപരിപാടിയില്‍ പങ്കെടുക്കുക. പശ്ചിമേഷ്യന്‍, ഉത്തര ആഫ്രിക്കന്‍, പാലസ്തീന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന ഒരു യോഗത്തിന് ദീര്‍ഘകാലത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ വേദിയാകുന്നത്. ഇസ്രയേല്‍, സൗദി-യുഎഇ ചേരി, ഖത്തര്‍ എന്നിങ്ങനെ പശ്ചിമേഷ്യയിലെ മൂന്ന് വിരുദ്ധ തലങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങളുമായി ഒരേ സമയം ബന്ധം ശക്തിപ്പെടുത്തുന്ന മോദിയുടെ മികച്ച നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് അറബ് ലീഗിന് ഇന്ത്യ ആതിഥ്യമരുളുന്നത്.

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ, പലസ്തീന്‍ പ്രശ്‌നം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ പങ്കാളിത്തം, പശ്ചിമേഷ്യന്‍ മേഖലയിലെ ഊര്‍ജരംഗത്ത് ഇന്ത്യയ്ക്കുള്ള താത്പര്യം തുടങ്ങിയവയായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ടകള്‍.

അറബ് ലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രനീക്കങ്ങളുടെ തുടര്‍ച്ചയാണ് പുതിയ നീക്കം. 2015 മുതല്‍ അറബ് രാഷ്ട്രങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഇന്ത്യ പുലര്‍ത്തുന്നത്. അറബ് മേഖലയിലേക്ക് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഇടക്കിടെ നടത്തുന്ന യാത്രകളും 2017ലെ റിപ്പബ്ലിക്ദിന പരിപാടിയില്‍ അബുദബി കിരീടാവകാശിയെ പങ്കെടുപ്പിച്ചതുമെല്ലാം ഈ നയതന്ത്ര നീക്കത്തിന്റെ ഭാഗമായാണ്.

ആശയപരമായി വിരുദ്ധചേരികളില്‍ നില്‍ക്കുന്നവരെ ഒരേസമയം ഒപ്പംകൂട്ടാനുള്ള മോദിയുടെ നയതന്ത്രമികവാണ് ഇവിടെ വ്യക്തമാകുന്നത്. ഇസ്രയേലുമായും അറബ് ലോകവുമായുള്ള ബന്ധത്തിലെ വ്യവസ്ഥാപിതമായ നയങ്ങളില്‍ നിന്നും ഇന്ത്യ മാറിസഞ്ചരിക്കുന്നതായാണ് മോദി അധികാരത്തില്‍ വന്നശേഷം നാം കണ്ടത്. ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന വിശേഷണം നേടിയ മോദി, ആറ് മാസങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇന്ത്യയില്‍ ആതിഥ്യമരുളി. അതേസമയം പാലസ്തീന്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദിയെന്നതും നയതന്ത്ര നീക്കത്തിലെ മോദിപ്രഭാവത്തിന് ഉദാഹരണമാണ്.

ഇതേ കാലയളവില്‍ തന്നെ യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹറൈന്‍ തുടങ്ങിയ രാഷ്ട്രങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും മോദിക്കായി. അടുത്തിടെ സൗദി കിരീടാവകാശിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ സൗദി അറേബ്യ തീരുമാനമെടുത്തിരുന്നു. അതേസമയം തന്നെ സൗദിയുമായി ശത്രുതയിലുള്ള ഖത്തറുമായുള്ള ബന്ധം നിലനിര്‍ത്താനും ഉഭയകക്ഷി ഊര്‍ജ ബന്ധങ്ങള്‍ വ്യാപിപ്പിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. വിസയില്ലാതെ ഇന്ത്യക്കാരെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്ന രാജ്യം കൂടിയാണ് ഖത്തര്‍ .

ഉത്തരാഫ്രിക്കയില്‍ ഇന്ത്യയുടെ ഉറച്ച പങ്കാളിയായി മൊറൊക്കൊ ഉയര്‍ന്നുവരുന്നതായും മോദി ഭരണകാലത്ത് നാം കണ്ടു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ നാല്‍പതോളം ഉടമ്പടികളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. അധികാരത്തിലിരിക്കെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മൊറൊക്കൊയും അല്‍ജീരിയയും സന്ദര്‍ശിച്ചിരുന്നു. വിപ്ലവാനന്തര ടുണീഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധവും അടുത്തിടെ ശക്തിപ്പെട്ടിരുന്നു. സുരക്ഷ, നിക്ഷേപ മേഖലകളിലെ പുതിയ ബന്ധത്തിന് തുടക്കം കുറിച്ചുകൊണ്ട് 2015ന് ശേഷം രണ്ടുതവണയാണ് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്. മറ്റൊരു അറബ് രാഷ്ട്രമായ ജിബൂട്ടി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആതിഥ്യമരുളിയിരുന്നു.

അടുത്ത കാലത്ത് നയതന്ത്രമേഖലയില്‍ ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളുടെ മികച്ച ഉദാഹരണമാണ് അറബ് മേഖലയുമായുള്ള ഇന്ത്യയുടെ ഇടപെടല്‍.

നിലവിലെ അംഗരാജ്യങ്ങളുടെ ഗ്രൂപ്പിംഗില്‍ അതൃപ്തിയില്ലെങ്കില്‍ സിറിയയും യോഗത്തില്‍ പങ്കാളിയാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 2011ല്‍ അറബ് ലീഗില്‍ നിന്നുള്ള അംഗത്വം നഷ്ടമായ രാജ്യമാണ് സിറിയ ഏങ്കിലും ദമാസ്‌കസുമായുള്ള നയതന്ത്രദൗത്യം കാത്തുസൂക്ഷിക്കാനും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സാമ്പത്തിക ബന്ധത്തിലുമുള്ള സഹകരണം തുടരാനും ഇന്ത്യ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അതേസമയം കശ്മീര്‍ വിഷയത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍(ഒഐസി) സ്വീകരിച്ച ഇന്ത്യവിരുദ്ധ നിലപാടിനെതിരെ ശക്തമായ നിലപാടെടുത്ത രാജ്യം കൂടിയാണ് സിറിയ. ഒഐസിയിലെ മറ്റ് ചില രാജ്യങ്ങളും കശ്മീര്‍ വിഷയത്തില്‍ സിറിയയോട് ഒത്തുചേര്‍ന്ന് പോകുന്ന നിലപാടാണ് സ്വീകരിച്ചത്.

Comments

comments

Categories: Arabia
Tags: Arab league