2000 രൂപ നോട്ട് അച്ചടി: തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍

2000 രൂപ നോട്ട് അച്ചടി: തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍

നിലവില്‍ പര്യാപ്തമായതിലും അധികം 2000 രൂപ നോട്ടുകള്‍ വിപണിയിലുണ്ടെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിന്റെ പിന്നാലെ പ്രചാരത്തില്‍ വന്ന 2000 രൂപ നോട്ടുകള്‍ ഇനിയും അച്ചടിക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് കേന്ദ്ര സാമ്പത്തികകാര്യ വിഭാഗം സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. പര്യാപ്തമായതിലധികം 2000 രൂപ നോട്ടുകള്‍ നിലവില്‍ത്തന്നെ സമ്പദ് വ്യവസ്ഥയിലുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചെന്നും ഈ മൂല്യത്തിലുള്ള നോട്ടുകള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് സാമ്പത്തികകാര്യ സെക്രട്ടറിയുടെ പ്രതികരണം.

”ആവശ്യത്തിന് അനുസരിച്ച് നോട്ടുകള്‍ അച്ചടിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവില്‍ പ്രചാരത്തിലുള്ള കറന്‍സിയുടെ ആകെ വിനിമയ മൂല്യത്തിന്റെ 35 ശതമാനത്തോളം 2000 രൂപയുടെ നോട്ടുകളാണ്,” ഗാര്‍ഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പുതിയതായി ഒരു തീരുമാനവും നോട്ടുകള്‍ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2018 മാര്‍ച്ച് മാസത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 18.03 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള കറന്‍സിയാണ് വിനിമയത്തില്‍ ഉള്ളത്. 2000 രൂപ നോട്ടുകളുടെ മൂല്യം 6.73 ലക്ഷം കോടി രൂപ വരും. 7.73 ലക്ഷം കോടി രൂപ മൂല്യമുള്ള 500 രൂപ നോട്ടുകളും വിപണിയിലുണ്ട്.

2000 രൂപയുടെ കറന്‍സി അച്ചടിക്കുന്നത് നിര്‍ത്തിയെന്നും നോട്ടുകള്‍ ക്രമേണ പിന്‍വലിക്കുമെന്നും ധനമന്ത്രാലയവുമായി ബന്ധപ്പെട്ട പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍, പണം സംഭരിച്ചു വെക്കാനും കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിപ്പിനും ഇടയാക്കുന്നെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു

Comments

comments

Categories: Current Affairs, Slider