വോള്‍വോ നേടിയത് മുപ്പത് ശതമാനം വളര്‍ച്ച!

വോള്‍വോ നേടിയത് മുപ്പത് ശതമാനം വളര്‍ച്ച!

2018 കലണ്ടര്‍ വര്‍ഷത്തില്‍ 2,638 യൂണിറ്റ് കാറുകള്‍ വിറ്റതായി വോള്‍വോ ഇന്ത്യ

ന്യൂഡെല്‍ഹി : 2018 കലണ്ടര്‍ വര്‍ഷത്തില്‍ 2,638 യൂണിറ്റ് കാറുകള്‍ വിറ്റതായി വോള്‍വോ ഇന്ത്യ. 2017 കലണ്ടര്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം വളര്‍ച്ചയാണ് സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കള്‍ കൈവരിച്ചത്. 2017 ല്‍ 2,029 യൂണിറ്റ് കാറുകളാണ് വിറ്റത്. വില്‍പ്പന നേട്ടത്തില്‍ എക്‌സ്‌സി 60, എക്‌സ്‌സി 40 എസ്‌യുവികള്‍ വലിയ പങ്ക് വഹിച്ചു. വാഹനങ്ങളില്‍ മതിയായ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ ശ്രദ്ധിക്കുന്ന കാര്‍ നിര്‍മ്മാതാക്കള്‍ കൂടിയാണ് വോള്‍വോ.

ജര്‍മ്മന്‍ എതിരാളിയായ മെഴ്‌സേഡീസ് ബെന്‍സ് നയിക്കുന്ന ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയില്‍ സ്വന്തം ഇടം കണ്ടെത്താന്‍ സ്വീഡിഷ് കമ്പനിക്ക് ഇതിനകം കഴിഞ്ഞു. നിലവില്‍ എക്‌സ്‌സി 90, എക്‌സ്‌സി 60, എക്‌സ്‌സി 40 എസ്‌യുവികളും എക്‌സ്‌സി 90 എക്‌സലന്‍സ് പ്ലഗ് ഇന്‍ ഹൈബ്രിഡും വി 90 ക്രോസ് കണ്‍ട്രി, വി40, വി 40 ക്രോസ് കണ്‍ട്രി എസ്‌റ്റേറ്റ് ഹാച്ച്ബാക്കുകളും എസ്60 ക്രോസ് കണ്‍ട്രി, എസ്60, എസ്90 സെഡാനുകളുമാണ് ഇന്ത്യയില്‍ വോള്‍വോ വില്‍ക്കുന്നത്.

2019 അവസാനത്തോടെ പുതിയ എസ്60 വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 അവസാനത്തോടെ ബെംഗളൂരു പ്ലാന്റില്‍ എക്‌സ്‌സി 90 ഫഌഗ്ഷിപ്പ് എസ്‌യുവിയുടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍ അസംബിള്‍ ചെയ്യുമെന്ന് ഈയിടെ പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നാല് പുതിയ പ്ലഗ് ഇന്‍ ഹൈബ്രിഡുകള്‍ പുറത്തിറക്കുമെന്നും വോള്‍വോ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആഗോള ലോഞ്ചിനുശേഷം അധികം വൈകാതെ പുതിയ ഓള്‍ ഇലക്ട്രിക് മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തും.

Comments

comments

Categories: Auto
Tags: Volvo