ടാറ്റ ജനീവയിലെത്തുന്നത് ഹോണ്‍ബില്‍ കണ്‍സെപ്റ്റുമായി

ടാറ്റ ജനീവയിലെത്തുന്നത് ഹോണ്‍ബില്‍ കണ്‍സെപ്റ്റുമായി

ജനീവ മോട്ടോര്‍ ഷോയില്‍ മൈക്രോ എസ്‌യുവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ മോട്ടോഴ്‌സ് ഓള്‍ ന്യൂ മൈക്രോ എസ്‌യുവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും. ഹോണ്‍ബില്‍ എന്ന് കോഡ്‌നാമം നല്‍കിയിരിക്കുന്ന കണ്‍സെപ്റ്റിനൊപ്പം അഞ്ച് പുതിയ മോഡലുകളും പ്രദര്‍ശിപ്പിക്കും. 2019 മാര്‍ച്ച് 7 മുതല്‍ 17 വരെയാണ് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോ. ടാറ്റ മോട്ടോഴ്‌സിന്റെ ആല്‍ഫ മോഡുലര്‍ പ്ലാറ്റ്‌ഫോമാണ് ഹോണ്‍ബില്‍ മൈക്രോ എസ്‌യുവി അടിസ്ഥാനമാക്കുന്നത്. വിപണിയിലെത്തുന്ന ടാറ്റയുടെ 45എക്‌സ് ഹാച്ച്ബാക്ക് നിര്‍മ്മിക്കുന്നതും ഇതേ പ്ലാറ്റ്‌ഫോമിലാണ്. ഹോണ്‍ബില്‍ മൈക്രോ എസ്‌യുവിയുടെ ടീസര്‍ 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ഹാരിയര്‍ എസ്‌യുവിയില്‍ അരങ്ങേറിയ ‘ഇംപാക്റ്റ് 2.0’ ഡിസൈന്‍ ഭാഷയില്‍ ടാറ്റ ഹോണ്‍ബില്‍ അണിയിച്ചൊരുക്കും. കൂടുതല്‍ നിവര്‍ന്ന സ്റ്റാന്‍സിലായിരിക്കും ഹോണ്‍ബില്‍ വരുന്നത്. വലിയ വീല്‍ ആര്‍ച്ചുകള്‍, ഫ്‌ളോട്ടിംഗ് റൂഫ്, ടാറ്റയുടെ തനത് ഹ്യുമാനിറ്റി ലൈന്‍ എന്നിവ മൈക്രോ എസ്‌യുവിയുടെ സവിശേഷതകളായിരിക്കും. ടാറ്റ മോട്ടോഴ്‌സ് കാറുകളുടെ നിരയില്‍ നെക്‌സോണ്‍ കോംപാക്റ്റ് എസ്‌യുവിയുടെ താഴെയായിരിക്കും ഹോണ്‍ബില്‍ മൈക്രോ എസ്‌യുവിയുടെ സ്ഥാനം.

ടാറ്റ ഹോണ്‍ബിലില്‍ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഡീസല്‍ എന്‍ജിന് സാധ്യതയില്ല. കാരണം ബിഎസ്-6. ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ മൈക്രോ എസ്‌യുവിയാണ് ഹോണ്‍ബില്‍. 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രൊഡക്ഷന്‍ വേര്‍ഷന്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. മൈക്രോ എസ്‌യുവി സെഗ്‌മെന്റില്‍ മഹീന്ദ്ര കെയുവി 100 ആയിരിക്കും പ്രധാന എതിരാളി. വരാനിരിക്കുന്ന മാരുതി സുസുകിയുടെ ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റും 2023 ലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഹ്യുണ്ടായുടെ മൈക്രോ എസ്‌യുവിയും വിപണിയിലെത്തുമ്പോള്‍ മല്‍സരം കനക്കും.

Comments

comments

Categories: Auto
Tags: Tata