ദേശീയ പാത അതോറിറ്റി 10,000കോടി രൂപ സമാഹരിക്കും

ദേശീയ പാത അതോറിറ്റി 10,000കോടി രൂപ സമാഹരിക്കും

നടപ്പു സാമ്പത്തിക വര്‍ഷം ഇതിനകം 41,170 കോടി രൂപയുടെ സമാഹരണം വിവിധ മാര്‍ഗങ്ങളിലൂടെ ദേശീയ പാതാ അതോറിറ്റി നടത്തി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഭാരത്മാല ബോണ്ടുകളിലൂടെ 10,000 കോടി രൂപയുടെ സമാഹരണം നടത്താന്‍ ദേശീയ പാത അതോറിറ്റി പദ്ധതിയിടുന്നതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. നികുതി ബാധകമായ ബോണ്ടുകളാണ് ഇത്. നടപ്പു സാമ്പത്തിക വര്‍ഷം 62,000 കോടിരൂപയുടെ സമാഹരണം ആഭ്യന്തര, ബജറ്റിതര മാര്‍ഗങ്ങളിലൂടെ നടത്തുന്നതിന് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ ദേശീയ പാതാ അതോറിറ്റിക്ക് അനുമതി നല്‍കിയിരുന്നു.
10,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള ഭാരത് മാല ബോണ്ടുകള്‍ അവതരിപ്പിക്കുന്നതിന്റെ കരട് ഓഹരിവിപണികള്‍ക്കും വിപണി നിയന്ത്രണ സംവിധാനമായ സെബിക്കും നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ഇതിനകം 41,170 കോടി രൂപയുടെ സമാഹരണം വിവിധ മാര്‍ഗങ്ങളിലൂടെ ദേശീയ പാതാ അതോറിറ്റി നടത്തിക്കഴിഞ്ഞതായും ഗഡ്കരി അറിയിച്ചു.
അതിര്‍ത്തി പ്രദേശങ്ങളിലെ 65,000കിലോമീറ്റര്‍ റോഡുകള്‍, അന്താരാഷ്ട്ര കണക്റ്റിവിറ്റി റോഡുകള്‍, തുറമുറങ്ങളെ ബന്ധിപ്പിക്കുന്ന പാതകള്‍ എന്നിവയുടെയെല്ലാം വികസനം ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടപ്പാക്കുന്ന പദ്ധതിയാണ് ഭാരത്മാല പരിയോജന. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ 24,800 കിലോമീറ്ററിലെ റോഡ് വികസനമാണ് പുതുതായി അംഗീകരിച്ചിട്ടുള്ളത്. ദേശീയ പാതാ അതോറിറ്റിയുടെ പൂര്‍ത്തിയാക്കാനുള്ള 10,000 കിലോമീറ്ററോളം ദൂരത്തെ നിര്‍മാണവും ഈ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷം മുതലുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഭാരത് മാലാ ബോണ്ടുകളുടെ അവതരണം സര്‍ക്കാര്‍ നടത്തിയത്. എഎഎ റേറ്റിംഗാണ് ദേശീയ പാതാ അതോറിറ്റിക്ക് ഉള്ളത്. നിക്ഷേപങ്ങളില്‍ 8.5 ശതമാനം നേട്ടമാണ് ഭാരത് മാല ബോണ്ടുകള്‍ പ്രദാനം ചെയ്യുന്നത്. 83,677 കിലോമീറ്ററിലെ നിര്‍മാണത്തിലായുള്ള നിക്ഷേപമാണ് ഭാരത്മാലാ പദ്ധതിയിലൂടെ മൊത്തമായി ദേശീയ പാതാ അതോറിറ്റി മുന്നോട്ടുവെച്ചിട്ടുള്ളത്.

Comments

comments

Categories: FK News
Tags: NHAI