ഉപയോക്താക്കളെ വര്‍ധിപ്പിച്ചത് ജിയോയും ബിഎസ്എന്‍എലും മാത്രം

ഉപയോക്താക്കളെ വര്‍ധിപ്പിച്ചത് ജിയോയും ബിഎസ്എന്‍എലും മാത്രം

ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 3 ശതമാനം വര്‍ധിച്ച് 49.61 കോടിയിലേക്ക് എത്തിയിട്ടുണ്ട്

ന്യൂഡെല്‍ഹി: ഒക്‌റ്റോബറില്‍ രാജ്യത്തെ ടെലികോം സേവന ദാതാക്കളില്‍ ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിച്ചത് ജിയോയും ബിഎസ്എന്‍എലും മാത്രം. രാജ്യത്തെ മൊത്തം ടെലികോം ഉപയോക്താക്കളുടെ എണ്ണം 119.2 കോടിയായി വര്‍ധിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഇത് 119.14 കോടിയായിരുന്നുവെന്നു ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

1.08 കോടി പുതിയ ഉപയോക്താക്കളെ ജിയോയും ബിഎസ്എന്‍എലും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തപ്പോള്‍ മറ്റ് പ്രധാന കമ്പനികള്‍ക്കെല്ലാം ചേര്‍ന്ന് 1.01 കോടി ഉപയോക്താക്കളെ നഷ്ടമായിട്ടുണ്ട്. ഒരു കോടിയിലേറേ ഉപയോക്താക്കളെയാണ് ജിയോ ഒക്‌റ്റോബറില്‍ സ്വന്തമാക്കിയത്. ബിഎസ്എന്‍എലിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ 3.66 ലക്ഷത്തിന്റെ വര്‍ധനയുണ്ടായി.
ഏറ്റവുമധികം ഉപയോക്താക്കള്‍ വോഡഫോണ്‍ ഐഡിയക്കാണ് നഷ്ടമായിട്ടുള്ളത്. 73.61 ലക്ഷം ഉപയോക്താക്കളെ ഒക്‌റ്റോബറില്‍ കമ്പനിക്ക് നഷ്ടപ്പെട്ടു. എയര്‍ടെലിന് 18.64 ലക്ഷം ഉപയോക്താക്കളെയും ടാറ്റ ടെലിസര്‍വീസിന് 9.25 ലക്ഷം ഉപയോക്താക്കളെയും എംടിഎന്‍എലിന് 8,068 ഉപയോക്താക്കളെയും റിലയന്‍സ് കമ്മ്യൂണിക്കേഷന് 3831 ഉപയോക്താക്കളെയും നഷ്ടമായി. ഇന്ത്യയുടെ ടെലികോം വിപണിയില്‍ 98 ശതമാനവും മൊബീല്‍ വിഭാഗത്തിലാണ്.

മൊബില്‍ ഫോണ്‍ വിഭാഗത്തിലെ ഉപഭോക്തൃ അടിത്തറ 116.92 കോടിയില്‍ നിന്ന് 117 കോടിയായാണ് ഒക്‌റ്റോബറില്‍ വര്‍ധിച്ചത്. വയര്‍ലൈന്‍ ഉപയോക്താക്കളുടെ എണ്ണം 2.21 കോടിയില്‍ നിന്ന് 2.2 കോടിയായി കുറയുകയായിരുന്നു. ബിഎസ്എന്‍എലിന് 85,200 ഫിക്‌സഡ് ലൈന്‍ ഉപയോക്താക്കളെ നഷ്ടമായി. ആര്‍കോമിന് 14,120ഉം എംടിഎന്‍എലിന് 8,684ഉം ഉപയോക്താക്കളെയാണ് ഈ വിഭാഗത്തില്‍ നഷ്ടമായത്. ടാറ്റ ടെലി സര്‍വീസിന് 3,398ളം ക്വാഡ്രന്റിന് 3092ളം ഫിക്‌സഡ് ലൈന്‍ ഉപയോക്താക്കളെ നഷ്ടമായി. എന്നാല്‍ ഭാരതി 16,340 വയര്‍ലൈന്‍ ഉപയോക്താക്കളെ ഒക്‌റ്റോബറില്‍ സ്വന്തമാക്കി. വോഡഫോണും 8,894 ഉപയോക്താക്കളെ ഈ വിഭാഗത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 3 ശതമാനം വര്‍ധിച്ച് 49.61 കോടിയിലേക്ക് എത്തിയിട്ടുണ്ട്. 306 സേവനദാതാക്കള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും 5 മുന്‍നിര കമ്പനികളുടെ കൈവശമാണ് ഉപഭോക്തൃ അടിത്തറയുടെ 98.42 ശതമാനവും. 26.27 കോടി ഉപയോക്താക്കളുള്ള ജിയോ ഇന്‍ഫോകൊം ലിമിറ്റഡാണ് മുന്നില്‍ 10.13 ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ വോഡഫോണ്‍ ഇന്ത്യക്കുണ്ട്. ബിഎസ്എന്‍എലിന് 2.03 കോടിയും ടാറ്റ ടെലി ഗ്രൂപ്പിന് 25 ലക്ഷവും ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുണ്ട്.

Comments

comments

Categories: Business & Economy
Tags: BSNL, Jio