ജെറ്റ് എയര്‍വെയ്‌സിന്റെ റേറ്റിംഗ് വീണ്ടും താഴ്ത്തി ഐക്ര

ജെറ്റ് എയര്‍വെയ്‌സിന്റെ റേറ്റിംഗ് വീണ്ടും താഴ്ത്തി ഐക്ര

നിലവില്‍ ‘ഡി’ എന്ന റേറ്റിംഗ് ആണ് ജെറ്റ് എയര്‍വെയ്‌സിന് നല്‍കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: ജെറ്റ് എയര്‍വെയ്‌സിന്റെ ദീര്‍ഘകാല റേറ്റിംഗ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐക്ര വീണ്ടും താഴ്ത്തി. നിലവില്‍ ‘ഡി’ എന്ന റേറ്റിംഗ് ആണ് ജെറ്റ് എയര്‍വെയ്‌സിന് നല്‍കിയിട്ടുള്ളത്. ഒക്‌റ്റോബര്‍ മുതല്‍ ഇത് മൂന്നാമത്തെ തവണയാണ് ഐക്ര ജെറ്റിന്റെ റേറ്റിംഗ് താഴ്ത്തുന്നത്. ഒക്‌റ്റോബറില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ റേറ്റിംഗ് ബിബി (+)വില്‍ നിന്നും ബി (-)ലേക്ക് താഴ്ത്തിയിരുന്നു. ഡിസംബറിലിത് സിയിലേക്ക് വീണ്ടും താഴ്ത്തി.

വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ റേറ്റിംഗ് ഐക്ര വീണ്ടും താഴ്ത്തിയത്. താല്‍ക്കാലിക സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പലിശയും ആദ്യ ഗഡുവും അടയ്ക്കുന്നതില്‍ കാലതാമസം വന്നതായി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റെഗുലേറ്ററി രേഖയില്‍ ജെറ്റ് എയര്‍വെയ്‌സ് വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയും നഷ്ടവും കാരണം ബുദ്ധിമുട്ടിലായ ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരുടെ വേതനവും ഇതുവരെ കൊടുത്തുതീര്‍ത്തിട്ടില്ല. വിമാനങ്ങളുടെ പാട്ട തുക അടക്കുന്നതിലും ജെറ്റ് വീഴ്ച വരുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ പാദത്തിലെ കണക്ക് പ്രകാരം 8,411 കോടി രൂപയാണ് ജെറ്റിന്റെ മൊത്തം കടം. 2018 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കമ്പനിക്ക് തിരിച്ചടയ്ക്കാനുള്ള തുക 1,700 കോടി രൂപയാണ്. 2020 സാമ്പത്തിക വര്‍ഷം 2,445.5 കോടി രൂപയും 2021 സാമ്പത്തിക വര്‍ഷം 2,167.9 കോടി രൂപയും ജെറ്റ് എയര്‍വെയ്‌സ് തിരിച്ചടയ്‌ക്കേണ്ടതുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ സാമ്പത്തിക ഫലപ്രഖ്യാപനം നീട്ടിവെച്ചതിനുശേഷമാണ് ജെറ്റ് എയര്‍വെയ്‌സില്‍ പ്രതിസന്ധി ആരംഭിക്കുന്നത്. ഇക്കാലയളവില്‍ 1,297 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതേതുടര്‍ന്ന് പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി നടപടികള്‍ കമ്പനി സിഇഒ വിനയ് ദുബെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഓഹരി വില്‍പ്പന വഴി മൂലധനം സമാഹരിക്കുന്നത് ടാറ്റ ഗ്രൂപ്പുമായി കമ്പനി ചര്‍ച്ച ആരംഭിക്കുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും വിപണിയില്‍ അതിജീവിക്കുന്നതിനും ഇത്തിഹാദ് എയര്‍വെയ്‌സുമായും ജെറ്റ് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഫലമായി 1,500 കോടി രൂപയുടെ വായ്പാ ഗ്യാരണ്ടി ഇത്തിഹാദ് ഉറപ്പുനല്‍കിയിട്ടുണ്ട്. എസ്ബിഐയില്‍ നിന്നും 1,500 കോടി രൂപയുടെ ഹ്രസ്വകാല വായ്പയെടുക്കുന്നതിനുള്ള ചര്‍ച്ചകളും കമ്പനി നടത്തിയതയാണ് വിവരം.

നവംബറില്‍ 12.8 ശതമാനമായിരുന്നു ജെറ്റ് എയര്‍വെയ്‌സിന്റെ ആഭ്യന്തര വിപണി വിഹിതം. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിപണി വിഹിതമാണിത്. എയര്‍വെയ്‌സിന്റെ പാസഞ്ചര്‍ ലോഡ് ഫാക്റ്റര്‍ ആറ് ശതമാനം കുറഞ്ഞ് 82.1 ശതമാനത്തിലെത്തിയതായാണ് ഡിജിസിഎയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓഹരി വിപണിയിലും കനത്ത നഷ്ടമാണ് കമ്പനി നേരിടുന്നത്. 6.56 ശതമാനം ഇടിഞ്ഞ് 246.45 രൂപയ്ക്കാണ് ജെറ്റ് എയര്‍വെയ്‌സ് ഓഹരികള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

Comments

comments

Categories: FK News
Tags: Jet Airways